Begin typing your search above and press return to search.
കര്‍ഷകര്‍ക്ക് ഹാപ്പി ഹോളി! പി.എം കിസാന്‍ യോജനയില്‍ ആനുകൂല്യത്തുക കൂട്ടാന്‍ കേന്ദ്രം
ചെറുകിട കര്‍ഷകര്‍ക്ക് വരുമാന പിന്തുണ ഉറപ്പാക്കാനായി ആവിഷ്‌കരിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പി.എം കിസാന്‍ യോജന) പദ്ധതിയിലെ സഹായത്തുക നിലവിലെ 6,000 രൂപയില്‍ നിന്ന് 7,500 രൂപയായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയേക്കും. ഇതിന്റെ ഭാഗമായി പദ്ധതിക്ക് നടപ്പുവര്‍ഷത്തേക്കായി (2023-24) വിലയിരുത്തിയ തുക നിലവിലെ 60,000 കോടി രൂപയില്‍ നിന്ന് ഒരുലക്ഷം കോടി രൂപയാക്കിയേക്കുമെന്നും സൂചനയുണ്ട്.
2018 ഡിസംബര്‍ ഒന്നിനാണ് പി.എം കിസാന്‍ പദ്ധതി അവതരിപ്പിച്ചത്. പ്രതിവര്‍ഷം 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി ആകെ 6,000 രൂപവീതമാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്രം നേരിട്ട് നല്‍കുന്നത്. രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ള ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്കാണ് സഹായം.
ഹോളിക്ക് മുമ്പേ തുക അക്കൗണ്ടിലെത്തും
ഇക്കുറി ഡിസംബര്‍-മാര്‍ച്ചിലെ ഹോളി ആഘോഷക്കാലത്തിന് മുമ്പായി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പുതുക്കിയ തുക ലഭ്യമാക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നാണ് സൂചനകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കേ, കര്‍ഷകരുടെ പിന്തുണ ഉറപ്പാക്കുകയും ഇതുവഴി കേന്ദ്രം ഉന്നമിടുന്നു.
പി.എം കിസാന്‍ യോജനയില്‍ തുക പരിഷ്‌കരിക്കാന്‍ രണ്ട് വഴികളാണ് കേന്ദ്രം ആലോചിച്ചിരുന്നത്. ഒന്ന്, മൂന്ന് ഗഡുക്കള്‍ എന്നത് നാലാക്കുകയും മൊത്തം തുക 8,000 രൂപയാക്കുകയുമായിരുന്നു. മറ്റൊന്ന്, ഗഡുക്കള്‍ മൂന്നായി നിലനിറുത്തി തുക ഓരോന്നിലും 2,500 രൂപ വീതമാക്കുകയും. രണ്ടാമത്തെ വഴിയാണ് നിലവില്‍ കേന്ദ്രം പരിഗണിക്കുന്നതെന്ന് അറിയുന്നു.
തുക അര്‍ഹര്‍ക്ക് മാത്രം
പല സംസ്ഥാനങ്ങളിലും കര്‍ഷകരെ മറയാക്കി ഇടനിലക്കാരും ഉദ്യോഗസ്ഥരും പി.എം കിസാനിലെ പണം തട്ടിയെടുക്കുന്നതായി കേന്ദ്രം കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, സൂക്ഷ്മ പരിശോധനകളിലൂടെ അര്‍ഹര്‍ക്ക് മാത്രം പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികളും കേന്ദ്രമെടുത്തിരുന്നു.
കേരളത്തില്‍ മാത്രം 30,000ലേറെ അനര്‍ഹരുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവരില്‍ നിന്ന് തുക തിരികെപ്പിടിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
Next Story
Videos