കള്ളപ്പണം വെളുപ്പിക്കല്‍: ഫിനാന്‍സ് പ്രൊഫഷണലുകളും നിരീക്ഷണത്തില്‍

വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന കള്ളപ്പണം വെളുപ്പിക്കല്‍ തടയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ കൊണ്ടുപിടിച്ച ശ്രമം ഒരുകൂട്ടം പ്രൊഫഷണലുകളെ കാര്യമായി ബാധിക്കുന്നു. അവര്‍ ഇപ്പോള്‍ ഏറെ ആശങ്കയിലാണ്.

കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമത്തില്‍ (Prevention of Money Laundering Act /PMLA) അടുത്തിടെ നടത്തിയ ഭേദഗതി പ്രകാരം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍, കോസ്റ്റ് അക്കൗണ്ടന്റുമാര്‍, കമ്പനി സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ അവരുടെ ക്ലയന്റ്സിനു വേണ്ടി നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ക്ക് കള്ളപ്പണവുമായി ബന്ധമുണ്ടെങ്കില്‍ കര്‍ശന നിയമ നടപടി നേരിടേണ്ടി വരും. പുതിയ നിയമം തങ്ങളുടെ റിസ്‌കും ജോലി ഭാരവും വര്‍ധിപ്പിക്കുമെന്നും തങ്ങള്‍ ഉത്തരവാദികളല്ലാത്ത വീഴ്ചകള്‍ക്ക് ഉത്തരം പറയേണ്ട സ്ഥിതി ഉണ്ടാക്കുമെന്നും അവര്‍ ഭയക്കുന്നു.
പുതിയ വ്യവസ്ഥകള്‍ പ്രകാരം ഫിനാന്‍സ് പ്രൊഫഷണലുകള്‍ തങ്ങളുടെ ക്ലയന്റുകളുടെ ഫണ്ടുകളുടെ ഉടമസ്ഥത, സാമ്പത്തിക നില, അവരുടെ സാമ്പത്തിക ഉറവിടങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചിരിക്കണം. കൂടാതെ നിര്‍ദിഷ്ട ഇടപാടുകളുടെ ലക്ഷ്യം എന്താണെന്ന് രേഖപ്പെടുത്തുകയും വേണം. പുതിയ വ്യവസ്ഥകള്‍ പ്രകാരം അവരെ 'റിപ്പോര്‍ട്ടിംഗ് എന്റിറ്റീസ്' ആയി മാറ്റുകയും നിയമപരമല്ലാത്ത ഇടപാടുകള്‍ക്ക് കൂട്ടുനിന്നാല്‍ പി.എം.എല്‍ നിയമപ്രകാരം അവര്‍ക്കും അതില്‍ ബാധ്യതയുണ്ടാകുകയും ചെയ്യും. ഇടപാടുകാരെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന അക്കൗണ്ടന്റുമാരുടെ കുത്സിത പ്രവൃത്തി തടയുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
ഇപ്പോള്‍ ഏതെങ്കിലും സ്ഥാവര വസ്തുക്കള്‍ വാങ്ങുന്നതും വില്‍ക്കുന്നതും കമ്പനികള്‍ പ്രവര്‍ത്തിപ്പിക്കുന്നതും നടത്തിക്കൊണ്ടു പോകുന്നതും, എല്‍.എല്‍.പി, ട്രസ്റ്റ്, ബിസിനസ് സ്ഥാപനങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതു മൊക്കെ പി.എം.എല്‍.എയുടെ കീഴില്‍ വരും. ഇടപാടുകാരന്റെ പണം, സെക്യൂരിറ്റീസ്, അല്ലെങ്കില്‍ മറ്റു ആസ്തികള്‍, ബാങ്ക് സേവിംഗ്സ് അല്ലെങ്കില്‍ സെക്യൂരിറ്റീസ് അക്കൗണ്ടുകള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നത്, കമ്പനികള്‍ ഉണ്ടാക്കുന്നതിനോ പ്രവര്‍ത്തിപ്പിക്കുന്നതിനോ നടത്തിപ്പിനോ വേണ്ടി സ്വീകരിക്കുന്ന സംഭാവനകള്‍ തുടങ്ങിയവയും ഈ നിയമത്തിന് കീഴില്‍ വരും.
കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിനായി പണം നല്‍കല്‍ ഉള്‍പ്പടെയുള്ളവ നിയന്ത്രിക്കുന്നതിനുള്ള രാജ്യാന്തര നിയന്ത്രണ അഥോറിറ്റിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്.എ.ടി.എഫ്) ആവശ്യമനുസരിച്ചുള്ള നടപടികളാണ് ഇതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ചൈനീസ് ആപ്പ് തട്ടിപ്പുകളാണ് പുതിയ നിയമം കൊണ്ടുവരാനുള്ള പ്രകോപനമെന്നാണ് ചില നിരീക്ഷകരുടെ വിലയിരുത്തല്‍. പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ഷെല്‍ കമ്പനികളില്‍ ചില ഫിനാന്‍സ് പ്രൊഫഷണലുകള്‍ സജീവമായി ഇടപെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അക്കാലത്ത് 220ലേറെ ചൈനീസ് ആപ്പുകളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
ഓരോ രാജ്യവും അത്തരം പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യുന്നുണ്ടോ എന്ന് എഫ്.എ.ടി.എഫ് കാലാകാലങ്ങളില്‍ വിലയിരുത്താറുണ്ട്. ഈ വരുന്ന നവംബറോടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ റിവ്യൂചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ നടപടിയുടെ ഫലം എന്തു തന്നെയായാലും പുതിയ വ്യവസ്ഥകള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ്, കോസ്റ്റ് അക്കൗണ്ടന്റ്സ്, കമ്പനി സെക്രട്ടറിമാര്‍ തുടങ്ങി ഒരു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നവരില്‍ അധിക ഭാരവും ഉത്തരവാദിത്തവും ചുമത്തുന്നുണ്ട്.പല പുതിയ നിയമങ്ങളുടെയും കാര്യത്തിലെന്ന പോലെ ഇതിലും പല വ്യവസ്ഥകളും അവ്യക്തമായിരിക്കാം. വ്യത്യസ്ത വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത വരാന്‍ സമയമെടുക്കും. ഇതേസമയം, അഭിഭാഷകരെയും ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെയും കൂടി ഇതിന് കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.നല്ല ഉദ്ദേശ്യത്തോടെ കൊണ്ടുവന്ന പുതിയ നിയമം ഫിനാന്‍സ് പ്രൊഫഷണലുകളുടെ യഥാര്‍ത്ഥ താല്‍പ്പര്യങ്ങളെ വ്രണപ്പെടുത്താതെ ആഗ്രഹിച്ച ഫലം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. അതിനു വേണ്ടിയാണെന്നു തോന്നുന്നു കാവല്‍ക്കാരെ തന്നെ കൂടുതല്‍ ഉത്തരവാദിത്തപ്പെട്ടവരാക്കി മാറ്റിയത്.

(This story was published in the 31st May 2023 issue of Dhanam Magazine)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it