ടെക്‌നോളജി മുറുകെ പിടിക്കാം, രോഗങ്ങള്‍ക്കെതിരേ പോരാടാം

സാധാരണഗതിയില്‍ പകര്‍ച്ചാവ്യാധികള്‍ പോലെ തന്നെ ഏറെ അപകടകാരികളാണ് സാംക്രമികേതര രോഗങ്ങള്‍ അഥവാ നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ്. ഹൈപ്പര്‍ടെന്‍ഷന്‍, സ്‌ട്രോക്ക്, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ഇത്തരം സാംക്രമികേതര രോഗങ്ങള്‍ കാരണമാണ് ഇന്ത്യയിലെ മിക്കവര്‍ക്കും ജീവന്‍ നഷ്ടമാകുന്നത്. അതായത് മരണ നിരക്കിലെ 63 ശതമാനം പേരും മരണപ്പെടുന്നത് സാംക്രമികേതര രോഗങ്ങള്‍ കൊണ്ടാണ്.

ഈ ഗുരുതരമായ ആരോഗ്യ പ്രശ്നം പരിഹരിക്കുന്നതിന് വിപുലമായ സഹകരണവും പങ്കാളിത്തവും ആവശ്യമാണെന്ന് മനസ്സിലാക്കി ഡെല്‍ ടെക്‌നോളജീസുമായും ടാറ്റ ട്രസ്റ്റുകളുമായും സഹകരിച്ച് സാംക്രമികേതര രോഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുകയാണ് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം. സാംക്രമികേതര രോഗങ്ങള്‍ ബാധിച്ച രോഗികളുടെ പരിശോധനയും മറ്റും പുതിയ ആപ്പ് മെച്ചപ്പെടുത്തുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
2018 ല്‍, ഡെല്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ ഡെല്ലിന്റെ ഡിജിറ്റല്‍ ലൈഫ് കെയറിനെ അടിസ്ഥാനമാക്കി എന്‍ സി ഡി ഐടി സംവിധാനം സൃഷ്ടിക്കുകയും 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് വ്യാപിപ്പിച്ച് ഇന്ത്യയിലുടനീളം 496 ജില്ലകളില്‍ എത്തിക്കുകയും ചെയ്തിരുന്നു. 75 ദശലക്ഷത്തിലധികം പേരാണ് ഇതില്‍ എന്റോള്‍ ചെയ്തിട്ടുള്ളത്.
കാന്‍സര്‍, പ്രമേഹം, ഹൃദയ രോഗങ്ങള്‍, ഹൃദയാഘാതം തുടങ്ങിയ സാംക്രമികേതര രോഗങ്ങള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സഹായങ്ങളാണ് എന്‍ സി ഡി ഐടി സംവിധാനം നല്‍കുന്നത്.
'സാങ്കേതികവിദ്യയെ ഉപയോഗിച്ച് ജീവിതത്തെ പരിവര്‍ത്തനം ചെയ്യുന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു, 2030 ഓടെ ആഗോളതലത്തില്‍ ഒരു ബില്യണ്‍ ജീവിതത്തെ സ്വാധീനിക്കുകയാണ് ലക്ഷ്യം' ഡെല്‍ ടെക്‌നോളജീസ് ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അലോക് ഒഹ്രി പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it