മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ആഗോള റേറ്റിംഗില്‍ ഇന്ത്യ മുന്നോട്ട്, ചൈന പിന്നോട്ട്‌

അമേരിക്കന്‍ ഭരണകൂടത്തിന്റെ റേറ്റിംഗ് പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് വെട്ടിക്കുറച്ചതിനെ ചൊല്ലിയുള്ള കോലാഹലങ്ങള്‍ക്കിടെ ഇന്ത്യക്ക് കൂടുതല്‍ മികച്ച റേറ്റിംഗ് നല്‍കി പ്രമുഖ ബ്രോക്കറേജ് ഏജന്‍സിയായ മോര്‍ഗന്‍ സ്റ്റാന്‍ലി.

ഈക്വല്‍വെയിറ്റില്‍ (Equalweight) നിന്ന് ഓവര്‍വെയിറ്റ് (Overweight) ആയാണ് ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയത്. നാല് മാസങ്ങള്‍ക്ക് മുമ്പാണ് മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യയുടെ റേറ്റിംഗ് അണ്ടര്‍വെയിറ്റില്‍ (Underweight) നിന്ന് ഈക്വല്‍വെയിറ്റിലേക്ക് ഉയര്‍ത്തിയത്. ചുരുങ്ങിയത് കാലത്തിനിടെ വീണ്ടും റേറ്റിംഗ് മെച്ചപ്പെടുത്തിയെന്നത് ഇന്ത്യയ്ക്ക് വലിയ നേട്ടമാണ്. അതേസമയം, ചൈനയുടെ റേറ്റിംഗ് ഓവര്‍വെയറ്റില്‍ നിന്ന് ഈക്വല്‍വെയറ്റിലേക്ക് താഴ്ത്തുകയും ചെയ്തു.
സമീപഭാവയില്‍ മികച്ച സാമ്പത്തിക പ്രകടനം ഇന്ത്യ നടത്തുമെന്ന് വ്യക്തമാക്കിയാണ് ഓവര്‍വെയിറ്റ് റേറ്റിംഗ് നല്‍കിയത്.
ഇന്ത്യ മുന്നോട്ട്, ചൈന പിന്നോട്ട്
ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുകയാണെന്നും മൂലധന നിക്ഷേപവും ലാഭക്ഷമതയും വര്‍ദ്ധിച്ചുവെന്നും റേറ്റിംഗ് ഉയര്‍ത്താനുള്ള കാരണമായി മോര്‍ഗന്‍ സ്റ്റാന്‍ലി ചൂണ്ടിക്കാട്ടി. അതേസമയം, സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട പശ്ചാത്തലത്തിലാണ് ചൈനയുടെ റേറ്റിംഗ് താഴ്ത്തിയത്.
നിലവില്‍, ഏഷ്യ-പസഫിക് മേഖലയിലെയും വികസ്വര (emerging) രാഷ്ട്രങ്ങള്‍ക്കിടയിലെയും സുപ്രധാന വിപണിയെന്ന നേട്ടമാണ് ഓവര്‍വെയിറ്റ് റേറ്റിംഗിലൂടെ ഇന്ത്യയ്ക്ക് ലഭ്യമായത്. ഇത് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സഹായകമാകും.
ഇന്ത്യ നടപ്പുവര്‍ഷം 6.5 ശതമാനം ജി.ഡി.പി വളര്‍ച്ച നേടുമെന്ന് അഭിപ്രായപ്പെട്ട മോര്‍ഗന്‍ സ്റ്റാന്‍ലി, ചൈനയ്ക്ക് പ്രതീക്ഷിക്കുന്ന വളര്‍ച്ച 3.9 ശതമാനം മാത്രമാണ്. വിദേശ നിക്ഷേപത്തിലെ വര്‍ദ്ധന, ഉയര്‍ന്ന ലാഭക്ഷമത, കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ എന്നിവ ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്താന്‍ വഴിയൊരുക്കിയിട്ടുണ്ടെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു.
കോര്‍പ്പറേറ്റ് നികുതിയിളവും അടിസ്ഥാനസൗകര്യ വികസന മേഖലയിലെ ഊര്‍ജിത പ്രവര്‍ത്തനങ്ങളും ഉത്പാദനരംഗത്ത് കുതിപ്പ് ലക്ഷ്യമിട്ടുള്ള പ്രൊഡക്ഷന്‍-ലിങ്ക്ഡ് ആനുകൂല്യ (പി.എല്‍.ഐ/PLI) സ്‌കീമുകളും ഗുണം ചെയ്തു. അതേസമയം, പണപ്പെരുപ്പവും കര്‍ക്കശ പലിശനയവും ഇന്ത്യക്ക് വെല്ലുവിളിയാണെന്നും നിര്‍മ്മിതബുദ്ധി (AI) ഇന്ത്യയുടെ സേവനമേഖലയെ വലയ്ക്കാന്‍ സാദ്ധ്യതയുണ്ടെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
എല്‍ ആന്‍ഡ് ടിയും മാരുതിയും
ഇന്ത്യയുടെ വ്യവസായം, ധനകാര്യം, ഉപഭോക്തൃ വിപണികള്‍ക്കും ഓവര്‍വെയിറ്റ് റേറ്റിംഗ് മോര്‍ഗന്‍ സ്റ്റാന്‍ലി നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ മുന്നേറ്റത്തിന്റെ നെടുംതൂണുകള്‍ ഈ വിഭാഗങ്ങളാണെന്ന് വിലയിരുത്തിയാണിത്. ഏഷ്യ-പസഫിക് മേഖലയിലെ ശ്രദ്ധേയ ഓഹരികളുടെ പട്ടികയില്‍ മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യയില്‍ നിന്ന് മാരുതി സുസുക്കി, എല്‍ ആന്‍ഡ് ടി എന്നിവ ഉള്‍പ്പെടുത്തുകയും ടൈറ്റനെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ചൈനീസ് ഓഹരികള്‍ വിറ്റൊഴിഞ്ഞ് ലാഭമെടുക്കണമെന്ന നിര്‍ദേശമാണ് മോര്‍ഗന്‍ സ്റ്റാന്‍ലി നല്‍കുന്നത്..
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it