

ഉയര്‍ന്ന കോവിഡ് കേസുകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യത്തെ പ്രധാന നഗരങ്ങള്‍ അടുത്ത 6-8 ആഴ്ച അടച്ചിടേണ്ടി വരുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് പത്തുശതമാനത്തില്‍ കൂടുതലുള്ള രാജ്യത്തെ എല്ലാ നഗരങ്ങളിലും ലോക്ക്ഡൗണ്‍ തുടരേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ ഇന്ത്യയിലെ മൊത്തം 718 ജില്ലകളില്‍ മൂന്നില്‍ രണ്ടുഭാഗത്തും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് പത്തുശതമാനത്തിന് മുകളിലാണ്. ന്യൂഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ എന്നിവയെല്ലാം ഇതില്‍ പെടും. ഇതാദ്യമായാണ് സര്‍ക്കാരിലെ ഉന്നതതലത്തിലെ ഒരു ഉദ്യോഗസ്ഥന്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ സാഹചര്യങ്ങളെ കുറിച്ച് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തില്‍ താഴാതെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചാല്‍ രോഗവ്യാപനം കൂടുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്.
''ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകള്‍ തുടര്‍ന്നും അടച്ചിടേണ്ടി വരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനത്തിലേക്ക് വന്നാല്‍ നമുക്ക് ലോക്ക്ഡൗണ്‍ ഒഴിവാക്കാം. അടുത്ത 6-8 ആഴ്ചകള്‍ക്കുള്ളില്‍ അങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ല,'' ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഡെല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില്‍ നിന്ന് 17 ശതമാനമായിട്ടുണ്ട്. പക്ഷേ ഡെല്‍ഹിയിലെ ലോക്ക്ഡൗണ്‍ ഒഴിവാക്കിയാല്‍ അതൊരു ദുരന്തമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
കോവിഡില്‍ നിന്ന് രാജ്യം മുക്തമായെന്ന തെറ്റായ ധാരണയില്‍ തിടുക്കത്തില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതാണ് ഇന്ത്യയിലെ സ്ഥിതി ഗുരുതരമാക്കിയതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ഡോ. ആന്തനി ഫൗച്ചിയും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇത്തരം വിദഗ്ധ നിഗമനങ്ങളുടെ വെളിച്ചത്തില്‍, അടുത്ത 6-8 ആഴ്ചകളോളം രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും ലോക്ക്ഡൗണ്‍ തുടര്‍ന്നേക്കുമെന്നാണ് സൂചന.
Read DhanamOnline in English
Subscribe to Dhanam Magazine