റിസർവ് ബാങ്ക് പണനയം: ഇ.എം.ഐ കൂടുമോ എന്ന് ഈയാഴ്ച അറിയാം

നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ ദ്വൈമാസ പണനയം റിസര്‍വ് ബാങ്ക് ജൂണ്‍ എട്ടിന് പ്രഖ്യാപിക്കും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ പണനയ നിര്‍ണയ സമിതിയുടെ (എം.പി.സി/RBI MPC) ത്രിദിന അവലോകന യോഗം ജൂണ്‍ ആറിന് ആരംഭിക്കും. എട്ടിന് രാവിലെയാണ് പണനയ പ്രഖ്യാപനം. ഏപ്രിലിലെ യോഗത്തില്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിറുത്തിയിരുന്നു.

പലിശനിരക്ക് നിലനിറുത്താന്‍ സാദ്ധ്യത
ഉപഭോക്തൃവില (റീട്ടെയ്ല്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (CPI Inflation /Retail inflation) വിലയിരുത്തിയാണ് റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ പരിഷ്‌കരിക്കുന്നത്. ഇത് 4 ശതമാനമായി നിയന്ത്രിക്കുകയാണ് എം.പി.സിയുടെ പ്രവര്‍ത്തനലക്ഷ്യം. എന്നാല്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം 6 ശതമാനം വരെയായാലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയല്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലുടനീളം റീട്ടെയ്ല്‍ പണപ്പെരുപ്പം 6 ശതമാനത്തിന് മുകളില്‍ തുടര്‍ന്നതിനാല്‍ അടിസ്ഥാന പലിശനിരക്കായ റിപ്പോനിരക്ക് റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി കൂട്ടിയിരുന്നു. കൊവിഡ് കാലത്ത് 4 ശതമാനമായിരുന്ന റിപ്പോനിരക്ക് (Repo Rate) 2022 മേയ് മുതല്‍ ഈവര്‍ഷം ഫെബ്രുവരിയായി തുടര്‍ച്ചയായി കൂട്ടി 6.50 ശതമാനമാക്കുകയായിരുന്നു.
റിസര്‍വ് ബാങ്കില്‍ നിന്ന് വാണിജ്യബാങ്കുകള്‍ വാങ്ങുന്ന അടിയന്തര വായ്പകളുടെ പലിശനിരക്കാണ് റിപ്പോ. റിപ്പോനിരക്ക് കൂടിയതിന് ആനുപാതികമായി ബാങ്കുകള്‍ വായ്പാ പലിശയും കൂട്ടിയിരുന്നു. ഇത് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്കും അതുവഴി ഇ.എം.ഐ (EMI) ബാദ്ധ്യതയും കൂടാനിടയാക്കി.
റീട്ടെയ്ല്‍ പണപ്പെരുപ്പം ഫെബ്രുവരിയിലെ 6.44 ശതമാനത്തില്‍ നിന്ന് റിസര്‍വ് ബാങ്കിന്റെ ആശ്വാസപരിധിയായ 6 ശതമാനത്തിന് താഴെ മാര്‍ച്ചില്‍ (5.44 ശതമാനം) എത്തിയത് പരിഗണിച്ചാണ്, ഏപ്രിലിലെ എം.പി.സി യോഗത്തില്‍ റിപ്പോനിരക്ക് നിലനിറുത്താന്‍ തീരുമാനിച്ചത്. ഏപ്രിലില്‍ പണപ്പെരുപ്പം വീണ്ടും കുത്തനെ കുറഞ്ഞ്, 18 മാസത്തെ താഴ്ചയായ 4.70 ശതമാനത്തിലെത്തി. മേയിലെ പണപ്പെരുപ്പ കണക്ക് ജൂണ്‍ 12നാണ് പുറത്തുവരിക. മേയിലും പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍.
മണ്‍സൂണും പലിശയും
മെച്ചപ്പെട്ട മണ്‍സൂണാണ് ഇക്കുറി വിലയിരുത്തപ്പെടുന്നത്. ഇത് കാര്‍ഷികോത്പാദനം കൂടാനും സഹായിക്കും. പണപ്പെരുപ്പം കുറയാന്‍ വഴിയൊരുക്കുന്ന ഘടകമാണിത്. ഈ പശ്ചാത്തലത്തില്‍ ഇത്തവണത്തെ എം.പി.സി യോഗത്തിലും റിപ്പോനിരക്ക് നിലനിറുത്താനാണ് സാദ്ധ്യതയേറെ. ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച കഴിഞ്ഞവര്‍ഷവും (2022-23) ജനുവരി-മാര്‍ച്ച് പാദത്തിലും പ്രതീക്ഷകളെ മറികടന്ന് ഉയര്‍ന്നിരുന്നു. റിപ്പോനിരക്ക് ആറ് ശതമാനത്തിനുമേല്‍ തുടരുന്നത് വളര്‍ച്ചയെ ബാധിക്കുമെന്ന് എം.പി.സി അംഗവും മലയാളിയുമായ പ്രൊഫ.ജയന്ത് ആര്‍. വര്‍മ്മ അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വാദത്തിന് എം.പി.സിയില്‍ പിന്തുണയേറുന്ന കാഴ്ചയും കഴിഞ്ഞ യോഗത്തില്‍ കണ്ടു. നടപ്പുവര്‍ഷത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പ അനുമാനക്കണക്കുകളും റിസര്‍വ് ബാങ്ക് പരിഷ്‌കരിക്കാന്‍ സാദ്ധ്യതയുണ്ട്.
ജി.ഡി.പി എങ്ങോട്ട്?
പലിശനിരക്ക് കൂട്ടി പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ എം.പി.സി ഒടുവില്‍ വിജയംകണ്ടുവെന്നാണ് ഏപ്രില്‍ മുതലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ബാങ്കിംഗ് ശൃംഖലയിലെ അധികപ്പണം (Surplus liquidity) 2022 മേയ്ക്ക് മുമ്പ് 7 ലക്ഷം കോടി രൂപയ്ക്ക് മേലെയായിരുന്നത് ഇപ്പോള്‍ രണ്ടുലക്ഷം കോടിയോളം രൂപയായി കുറഞ്ഞിട്ടുമുണ്ട്.
റിസര്‍വ് ബാങ്കിന്റെ ജി.ഡി.പി വളര്‍ച്ചാ അനുമാനവും ഇക്കുറി പണനയത്തെ പ്രസക്തമാക്കും. 2022-23ല്‍ 7.2 ശതമാനവും മാര്‍ച്ച് പാദത്തില്‍ 6.1 ശതമാനവുമായിരുന്നു വളര്‍ച്ച. നടപ്പുവര്‍ഷം റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷ 6.5 ശതമാനം വളര്‍ച്ചയാണ്. ഇക്കുറി യോഗത്തില്‍ ഇത് പരിഷ്‌കരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ നിലപാട്
നിലവില്‍ പലിശനിരക്ക് കുറയ്ക്കാന്‍ അനുകൂലമായ 'അക്കോമഡേറ്റീവ്' (Accomodative) നിലപാടില്‍ (Stance) നിന്ന് പിന്മാറുന്ന വിഡ്രോവല്‍ ഓഫ് അക്കോമഡേഷന്‍ (Withdrawal of accomodation) അടിസ്ഥാനമായാണ് എം.പി.സിയുടെ പ്രവര്‍ത്തനം. സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്തുണയേകും വിധം ന്യൂട്രല്‍ നിലപാടിലേക്ക് (Neutral Stance) മാറുന്നതായി റിസര്‍വ് ബാങ്ക് ഇക്കുറി പ്രഖ്യാപിക്കുമോ എന്നും ഏവരും ഉറ്റുനോക്കുന്നുണ്ട്.
ഓരോ സ്റ്റാന്‍സിനും ഓരോ പ്രവര്‍ത്തന ഉദ്ദേശ്യമുണ്ട്. അക്കോമഡേറ്റീവ് എന്നാല്‍ പലിശ കുറയ്ക്കാന്‍ അനുകൂലമാണ്. ന്യൂട്രലിലേക്ക് മാറുമ്പോള്‍ പലിശ കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം. മറ്റൊന്നാണ് ഹോക്കിഷ് (Hawkish) നിലപാട്. പണപ്പരുപ്പം നിയന്ത്രിക്കാന്‍ തുടര്‍ച്ചയായി റിപ്പോനിരക്ക് കൂട്ടുന്ന നിലപാടാണിത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it