ജി20 അത്താഴവിരുന്നിന് അംബാനിയും അദാനിയും?
(10/09/23 UPDATE - ജി20യുടെ ഭാഗമായുള്ള അത്താഴവിരുന്നിൽ ഗൗതം അദാനിയും മുകേഷ് അംബാനിയുമടക്കം 500 ബിസിനസ് പ്രമുഖരെ ക്ഷണിച്ചിട്ടുണ്ടെന്ന റോയിട്ടേഴ്സിന്റെ റിപ്പോർട്ട് വസ്തുതാപരമല്ലെന്നും തെറ്റിദ്ധാരണാജനകമാണെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പി.ഐ.ബി) ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി)
രാജ്യത്ത് ജി20 ഉച്ചകോടിയുടെ ഭാഗമായി സെപ്റ്റംബര്‍ 9ന് നടക്കുന്ന അത്താഴവിരുന്നിന് മുകേഷ് അംബാനിയും ഗൗതം അദാനിയും ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ വ്യവസായികള്‍ പങ്കെടുക്കുമെന്നായിരുന്നു റോയിട്ടേഴ്സിന്റെ റിപ്പോർട്ട്. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍, കുമാര്‍ മംഗളം ബിര്‍ള, ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ എന്നിവരും അടക്കം മൊത്തം 500 വ്യവസായികളെ അത്താഴത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
പ്രമുഖര്‍ പങ്കെടുക്കും
യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, സൗദി കീരീടാവകാശി മുഹമ്മദ് സല്‍മാന്‍ തുടങ്ങി 25ലധികം രാജ്യങ്ങളുടെ നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. അതേസമയം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും എത്തില്ല.
ജി20യിലെ 20 അംഗ രാജ്യങ്ങള്‍ക്ക് പുറമെ 9 രാജ്യങ്ങളിലെ നേതാക്കളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യു.എന്‍, ലോകാരോഗ്യ സംഘടന, ലോക വ്യാപാര സംഘടന തുടങ്ങി വിവിധ അന്താരാഷ്ട്ര സംഘടനകളുടെ നേതാക്കളും പങ്കെടുക്കും. 2,500 കോടി രൂപ ചെലവില്‍ നവീകരിച്ച ഡല്‍ഹിയിലെ പ്രഗതി മൈതാനത്താണ് ജി20 ഉച്ചകോടി. ഈ വര്‍ഷമുടനീളം നടന്ന എല്ലാ ജി20 യോഗങ്ങളുടെയും സമാപനമായിരിക്കും ദില്ലിയിലെ ഉച്ചകോടി.