അംബാനി രണ്ടാമനായി; ജാക്ക് മാ വീണ്ടും ഏഷ്യയിലെ നമ്പര്‍ വണ്‍

അംബാനി രണ്ടാമനായി; ജാക്ക് മാ വീണ്ടും ഏഷ്യയിലെ നമ്പര്‍ വണ്‍
Published on

ആഗോള ഓഹരികളോടൊപ്പം എണ്ണവില ഇടിഞ്ഞതിനെത്തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് ഏഷ്യയിലെ ഏറ്റവും ധനികനെന്ന സ്ഥാനം നഷ്ടമായി. അലിബാബ ഗ്രൂപ്പ് ഉടമ ജാക്ക് മായെ മറികടന്ന് 2018 ജൂലൈയില്‍ ഒന്നാമതെത്തിയ മുകേഷ് അംബാനിയില്‍ നിന്ന് ജാക്ക് മാ തന്നെ ആ പദവി വീണ്ടെടുത്തു.

കൊറോണ വൈറസ് വ്യാപനം ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടതിന്റെ അനുബന്ധമായി ഇന്നലെ അംബാനിയുടെ ആസ്തിയില്‍ നിന്ന് 5.8 ബില്യണ്‍ ഡോളര്‍ ആണ് ചോര്‍ന്നത്. ബ്ലൂംബര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം അലിബാബ ഗ്രൂപ്പ് ഉടമ 44.5 ബില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി അംബാനിയെക്കാള്‍ 2.6 ബില്യണ്‍ ഡോളറിനു മുന്നിലാണ്.

കൊറോണ വൈറസ് ഒരു ദശകത്തിലേറെയായുള്ള ഡിമാന്‍ഡിലെ ഏറ്റവും വലിയ ഇടിവിന് കാരണമായതിനൊപ്പമാണ് വിപണി വിഹിതത്തിനായുള്ള പോരാട്ടത്തില്‍ റഷ്യയെ മറികടക്കാന്‍ സൗദി അറേബ്യ എണ്ണവില താഴ്ത്തിയത്. 29 വര്‍ഷത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇതുമൂലമുണ്ടായത്.2021 ന്റെ തുടക്കത്തില്‍  റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അറ്റ കടം പൂജ്യമായി കുറയ്ക്കുമെന്ന മുകേഷ് അംബാനിയുടെ മുന്‍ വാഗ്ദാനവും ഉലയുന്ന നിലയിലാണ്. ഗ്രൂപ്പിന്റെ ഓയില്‍ ആന്‍ഡ് പെട്രോകെമിക്കല്‍സ് വിഭാഗത്തിലെ ഒരു ഭാഗം ഓഹരി സൗദി അറേബ്യന്‍ ഓയില്‍ കമ്പനിയായ അരാംകോയ്ക്ക് വില്‍ക്കാനുള്ള നിര്‍ദ്ദേശം ഈ വാഗ്ദാനവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു.അരാംകോ ഇടപാട് മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.

കൊറോണ വൈറസ് അലിബാബയുടെ ചില ബിസിനസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ടെങ്കിലും, ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനങ്ങള്‍ക്കും മൊബൈല്‍ അപ്ലിക്കേഷനുകള്‍ക്കുമായുള്ള വര്‍ദ്ധിച്ച ആവശ്യകത മൂലം നാശനഷ്ടങ്ങള്‍ ലഘൂകരിക്കപ്പെട്ടു. റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി താരതമ്യപ്പെടുത്തുമ്പോള്‍ സുരക്ഷിത മേഖലയിലാണ് ഇതുവരെ അലിബാബ. റിലയന്‍സ് ഓഹരികള്‍ തിങ്കളാഴ്ച 12% ഇടിഞ്ഞു; 2009 ന് ശേഷമുള്ള ഏറ്റവും വലിയ വീഴ്ച.

62 കാരനായ അംബാനി തിരിച്ചടിയില്‍ നിന്ന് കരകയറുമെന്ന് ബെംഗളൂരുവിലെ ഇക്യൂബ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്സിന്റെ മാനേജിംഗ് പാര്‍ട്ണര്‍ എച്ച്.വി ഹരീഷ് പറഞ്ഞു.' അംബാനി വിജയകരമായ ഒരു ബിസിനസ്സ് മോഡല്‍ വിജയകരമായി നിര്‍മ്മിച്ചു കഴിഞ്ഞു. മാത്രമല്ല, ടെലികോം ബിസിനസിലെ വിജയം വരും വര്‍ഷങ്ങളില്‍ തുടരും.'-ഹരീഷിന്റെ നിരീക്ഷണം ഇങ്ങനെ.

ആഗോള ഓഹരി വിപണികളെ കൊറോണ വൈറസ് ഉലച്ചുതുടങ്ങിയതിനു പിന്നാലെ എണ്ണ വില കൂപ്പുകുത്തുകയും ചെയ്തതോടെ ഫോബ്സിന്റെ കണക്കനുസരിച്ച്, അമേരിക്കയിലെ ശതകോടീശ്വരന്മാരായ ജെഫ് ബെസോസ്, ബില്‍ ഗേറ്റ്‌സ് എന്നിവര്‍ക്ക് തിങ്കളാഴ്ച മൊത്തമായുണ്ടായ നഷ്ടം ഏകദേശം 8 ബില്യണ്‍ ഡോളര്‍ വരും.ലോകത്തെ അഞ്ച് സമ്പന്നര്‍ക്ക് 20 ബില്യണ്‍ ഡോളറിലധികം നഷ്ടമുണ്ടാക്കിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ആമസോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബെസോസിനു 4.5 ബില്യണ്‍ ഡോളര്‍ ആണ് പോയത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ഗേറ്റ്‌സിന് 3.5 ബില്യണും. ടെക് വ്യവസായ ഭീമന്മാരുടെ സ്വത്ത് ഇതോടെ യഥാക്രമം 112.4 ബില്യണ്‍ ഡോളറും 104.6 ബില്യണ്‍ ഡോളറുമായി.

ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് ആഡംബര വസ്തുക്കള്‍ വില്‍ക്കുന്ന ഫ്രഞ്ച് ബിസിനസുകാരന്‍ ബെര്‍ബാര്‍ണ്‍ അര്‍നോള്‍ട്ടാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് 6 ബില്യണ്‍ ഡോളര്‍ നഷ്ടമായി. ഭൂമിയിലെ പതിനൊന്നാമത്തെ ഏറ്റവും ധനികനായി ഗണിക്കപ്പെടുന്ന മുന്‍ ന്യൂയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലൂംബെര്‍ഗ് ആണ് ഓഹരി വിപണിയില്‍ നഷ്ടം നേരിടാത്ത ഒരേയൊരു പ്രമുഖന്‍. അദ്ദേഹത്തിന്റെ സ്വത്ത് ഇപ്പോഴും 56 ബില്യണ്‍ ഡോളറാണ്.

കൊറോണ മൂലം കനത്ത നഷ്ടം നേരിടുന്ന മേഖലകളില്‍ ഒന്ന് സാങ്കേതിക വിഭാഗമാണ്. കഴിഞ്ഞമാസം മാത്രം 18 ദശലക്ഷം ഡോളറാണ് ബെസോസിന് നഷ്ടമായത്. അമേരിക്കയിലെ നാല് വമ്പന്‍ കമ്പനികള്‍ക്കും കനത്ത തിരിച്ചടി ഉണ്ടായി. ആപ്പിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ് എന്നിവയുടെ വിപണിമൂല്യത്തില്‍ ഒറ്റ ദിവസം കൊണ്ട് 321 ബില്യണ്‍ ഡോളറിന് അടുത്ത് നഷ്ടം സംഭവിച്ചു. ടെസ്ല ഓഹരി വില 13.6 ശതമാനം ഇടിഞ്ഞ് 608 ഡോളറിലെത്തിയതോടെ സിഇഒ എലോണ്‍ മസ്‌ക്കിന് ഒറ്റ ദിനം കൊണ്ടുണ്ടയ നഷ്ടം 4 ബില്യണ്‍ ഡോളറാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com