മുംബൈയില്‍ 59,000 മില്ല്യണെയേഴ്‌സ്!

ഇന്ത്യയിലെ ഏറ്റവും സമ്പന്ന നഗരമെന്ന പേര് വീണ്ടും സ്വന്തമാക്കി മുംബൈ. ഇന്‍വെസ്റ്റ്മെന്റ് മൈഗ്രേഷന്‍ സ്ഥാപനമായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. സര്‍വേ പ്രകാരം 29 ബില്ല്യണെയേഴ്‌സ് (8200 കോടി രൂപ ആസ്തിയുള്ളവര്‍) ഉള്‍പ്പടെ 59,000 മില്ല്യണെയേഴ്‌സോടെ (8.2 കോടി രൂപ ആസ്തിയുള്ളവര്‍) മുംബൈ 21-ാം സ്ഥാനത്താണുള്ളത്.

ഈ ഇന്ത്യന്‍ നഗരങ്ങളും

മുംബൈയ്ക്ക് ശേഷം 16 ബില്ല്യണെയേഴ്‌സുള്‍പ്പടെ 30,200 മില്ല്യണെയേഴ്‌സോടെ ഡെല്‍ഹി പട്ടികയില്‍ 36-ാം സ്ഥാനത്തുണ്ട്. പിന്നാലെ 12,600 മില്ല്യണെയേഴ്‌സോടെ 60-ാം സ്ഥാനത്ത് ബെംഗളുരുവും. 7 ബില്ല്യണെയേഴ്‌സുള്‍പ്പടെ 12,100 മില്ല്യണെയേഴസുമായി കൊല്‍ക്കത്ത (63-ാം സ്ഥാനം), 5 ബില്ല്യണെയേഴ്‌സുള്‍പ്പടെ 11,100 മില്ല്യണെയേഴസുമായി ഹൈദരാബാദ് (65-ാം സ്ഥാനം) എന്നീ ഇന്ത്യന്‍ നഗരങ്ങളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ന്യൂയോര്‍ക്ക് മുന്നില്‍

സര്‍വേ പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്ന നഗരം ന്യൂയോര്‍ക്കാണ്. ഏറ്റവും കൂടുതല്‍ ബില്ല്യണെയേഴ്‌സുള്ള നഗരവും ന്യൂയോര്‍ക്ക് തന്നെ. 58 ബില്ല്യണെയേഴ്‌സുള്‍പ്പടെ 3,40,000 മില്ല്യണെയേഴസാണ് നഗരത്തിലുള്ളത്. ജപ്പാന്‍ തലസ്ഥാനമായ ടോക്യോ (290,300 മില്ല്യണെയേഴസ്), സാന്‍ ഫ്രാന്‍സിസ്‌കോ (285,000 മില്ല്യണെയേഴസ്) എന്നീ നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ലണ്ടന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളി. ലോകത്തിലെ സമ്പന്നമായ നഗരങ്ങളുടെ റിപ്പോര്‍ട്ട്-2023 എന്ന പേരിലുള്ള റിപ്പോര്‍ട്ടില്‍ 97 നഗരങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. യു.എസില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നഗരങ്ങള്‍ പട്ടികയിലുള്ളത്.

Related Articles
Next Story
Videos
Share it