അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടിയില്ല, മുന്നറിയിപ്പ് നല്‍കുന്ന സുപ്രധാന രേഖകള്‍ വെളിച്ചം കാണുന്നുമില്ല, പ്രകൃതി ദുരന്തങ്ങള്‍ വീണ്ടും കേരളം ക്ഷണിച്ചുവരുത്തുമോ?

അനധികൃത നിര്‍മാണങ്ങള്‍ കേരളത്തിന്റെ പരിസ്ഥിതിയെ ദുര്‍ബലമാക്കുന്നുവെന്ന മുന്നറിയിപ്പ് നല്‍കിയ സിഎജി റിപ്പോര്‍ട്ട് വരെ പൂഴ്ത്തിയതായി റിപ്പോര്‍ട്ട്
അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടിയില്ല, മുന്നറിയിപ്പ് നല്‍കുന്ന സുപ്രധാന രേഖകള്‍ വെളിച്ചം കാണുന്നുമില്ല, പ്രകൃതി ദുരന്തങ്ങള്‍ വീണ്ടും കേരളം ക്ഷണിച്ചുവരുത്തുമോ?
Published on

ഉരുള്‍പൊട്ടലും ജീവനാശവും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ നിത്യസംഭവമാകുമ്പോഴും അനധികൃത നിര്‍മാണങ്ങള്‍ സംസ്ഥാനത്ത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട് വരെ നിയമസഭയുടെ മേശപ്പുറത്ത് വെച്ചില്ലെന്ന് ഒരു ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

മഴ പ്രകൃതിപ്രഭാസമാണെങ്കിലും അത് മൂലമുണ്ടാകുന്ന വിനാശങ്ങളില്‍ പ്രധാനപങ്കും മനുഷ്യസൃഷ്ടിയാണെന്ന് മാധവ് ഗാഡ്ഗില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ മുന്നറിയിപ്പ് നല്‍കിയിട്ടും പരിസ്ഥിതിയെ ദുര്‍ബലമാക്കുന്ന നിര്‍മിതികള്‍ക്കെതിരെ തുടരെ തുടരെ സര്‍ക്കാരും ബന്ധപ്പെട്ടവരും കണ്ണടയ്്ക്കുന്നതിന്റെ ഫലമാണ് ഇപ്പോള്‍ കേരളം അനുഭവിക്കുന്നതെന്ന വാദത്തിന് ശക്തിപകരുന്നതാണ് ഈ വെളിപ്പെടുത്തല്‍.

തീരസംരക്ഷണ നിയമങ്ങള്‍ കാറ്റില്‍ പറത്തിയ നിര്‍മാണങ്ങള്‍ കേരളത്തിലെ 14 ജില്ലകളില്‍ പത്തിനെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് സൂചന. സര്‍ക്കാരും സ്വകാര്യ സംരംഭകരും ചട്ടങ്ങള്‍ കാറ്റില്‍ പറത്തി പടുത്തുയര്‍ത്തിയിരിക്കുന്ന ഫഌറ്റ് സമുച്ചയങ്ങള്‍, വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ എന്നിവയ്‌ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സി എ ജി റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ടായിട്ടുണ്ടെന്നാണ് ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അഥോറിറ്റിയുടെ കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ ക്ലിയറന്‍സ് ലഭിക്കാതെയാണ് കേരളത്തിലെ പല പ്രമുഖ ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ദേശീയ പത്രത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊച്ചിയിലെ ക്രൗണ്‍ പ്ലാസ, ഓള്‍ സീസണ്‍സ് റിസോര്‍ട്ട്, ഹോട്ടല്‍ ഫ്രാഗ്‌റന്റ് നേച്ചര്‍, കൊല്ലത്തെ ഹോട്ടല്‍ രാവിസ് എന്നിവയ്ക്ക് ഇത്തരത്തില്‍ ക്ലിയറന്‍സ് ലഭിച്ചിട്ടില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്.

കോവളത്തെ ഹോട്ടല്‍ വിവാന്റ ബൈ താജ്, കഠിനംകുളത്തെ ഹോട്ടല്‍ ലേക്ക് പാലസ്, ബേക്കലിലെ ഹോട്ടല്‍ വിവാന്റ ബൈ താജ് എന്നിവയിലും സിഎജി ചട്ടലംഘനം കണ്ടെത്തിയിട്ടുണ്ട്.

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ അശാസ്ത്രിയമായ നടക്കുന്ന മനുഷ്യ ഇടപെടലുകളാണ് കേരളത്തിലെ പരിസ്ഥിതിയെ ഇപ്പോള്‍ ഇത്ര ഗുരുതരാവസ്ഥയില്‍ എത്തിച്ചിരിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സുപ്രസിദ്ധ പരിസ്ഥിതി വിദഗ്ധനായ മാധവ് ഗാഡ്ഗില്‍ പലവട്ടം കേരളത്തിലെ പരിസ്ഥിതി ദുര്‍ബലാവസ്ഥയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന മെഗാ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ വരെ ഇതുവരെ അനുഭവിച്ച ദുരന്തങ്ങള്‍ നല്‍കിയ പാഠം പഠിക്കാതെയുള്ളതാണെന്ന വാദവും ഇതിനിടെ ശക്തമാകുന്നുണ്ട്.

സില്‍വര്‍ലൈന്‍ പദ്ധതി, ശബരിമലയിലെ വിമാനത്താവള പദ്ധതി എന്നിവയെല്ലാം കേരളത്തില്‍ ഇനിയുമേറെ ദുരന്തം വിതയ്ക്കുമെന്ന മുന്നറിയിപ്പാണ് ഇവര്‍ നല്‍കുന്നത്.

പരിസ്ഥിതി തീവ്രവാദത്തിലേക്ക് പോകാതെ ശാസ്ത്രീയവും സന്തുലിതവുമായ കാഴ്ചപ്പാടോടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് കേരളം മുന്നോട്ട് പോയില്ലെങ്കില്‍ വലിയ വില തന്നെ അതിന് കൊടുക്കേണ്ടി വരുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com