ചൈനയെ മറികടന്നു, ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ കയറ്റുമതി വിപണി ഈ രാജ്യം

ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയായി നെതര്‍ലാന്‍ഡ്‌സ്. 2022-23 സാമ്പത്തിക വര്‍ഷം, ഓഗസ്റ്റ് വരെ 7.5 ബില്യണ്‍ ഡോളറിന്റെ സാധനങ്ങളാണ് നെതര്‍ലാന്‍ഡ്‌സിലേക്ക് ഇന്ത്യ കയറ്റി അയച്ചത്. കയറ്റുമതിയില്‍ ഉണ്ടായത് 106 ശതമാനത്തിന്റെ വര്‍ധനവാണ്. കഴിഞ്ഞവര്‍ഷം കയറ്റുമതിയില്‍ നെതര്‍ലാന്‍സിന്റെ സ്ഥാനം അഞ്ചാമതായിരുന്നു. ചൈനയെയും ബംഗ്ലാദേശിനെയും ആണ് നെതര്‍ലാന്‍ഡ്‌സ് മറികടന്നത്.

ഇന്ത്യയില്‍ നിന്ന് ഈ യൂറോപ്യന്‍ രാജ്യത്തേക്കുള്ള ഓയില്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 238 ശതമാനം വര്‍ധനവാണ് ഉണ്ടായത്. കെമിക്കലുകളും മരുന്നുമാണ് മറ്റ് പ്രധാന കയറ്റുമതികള്‍. കഴിഞ്ഞ വര്‍ഷം ഇരുപത്തിയൊന്നാമതായിരുന്ന ബ്രസീല്‍ ഇപ്പോള്‍ ഇന്ത്യയുടെ എട്ടാമത്തെ വലിയ കയറ്റുമതി വിപണിയാണ്. 4.66 ബില്യണ്‍ ഡോളറിന്റേതാണ് ബ്രസീലിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി. ബ്രസീലിലേക്കുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ഉയര്‍ന്നത് 299 ശതമാനം ആണ്. കെമിക്കല്‍സ്, ഓട്ടോമൊബൈല്‍ ഓട്ടോ പാര്‍ട്ട്‌സ് എന്നിവയുടെ കയറ്റുമതിയും വര്‍ധിച്ചു.

വിദേശ നാണ്യ പ്രതിസന്ധിയെ തുടര്‍ന്ന് ഇറക്കുമതിക്ക് ബംഗ്ലാദേശ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സീറോ കോവിഡ് നയം ചൈനയിലേക്കുള്ള ഇറക്കുമതി ഇടിയാന്‍ കാരണമായി. ഇന്ത്യോനേഷ്യയും 14ല്‍ നിന്ന് ഏഴാം സ്ഥാനത്തേക്ക് (4.83 ബില്യണ്‍ ഡോളര്‍) എത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഡിമാന്‍ഡ് കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ നെതര്‍ലാന്‍ഡ്‌സിനെ കൂടാതെ യൂറോപ്പില്‍ നിന്ന് യുകെ മാത്രമാണ് ആദ്യ പത്തിലുള്ളത്. ഒമ്പതാമതാണ് യുകെയുടെ (4.53 ബില്യണ്‍ ഡോളര്‍) സ്ഥാനം. കഴിഞ്ഞ തവണ പട്ടികയില്‍ ഉണ്ടായിരുന്ന ബല്‍ജിയം ഇത്തവണ ആദ്യ പത്തില്‍ ഇടം നേടിയില്ല.

യുഎസ് ആണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. നടപ്പ് സാമ്പത്തിക വര്‍ഷം ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 35.18 ബില്യണ്‍ ഡോളറിന്റേതാണ് യുഎസിലേക്കുള്ള കയറ്റുമതി. രണ്ടാം സ്ഥാനം യുഎഇക്ക് (13.77 ബില്യണ്‍ ഡോളര്‍) ആണ്. നിലവില്‍ നാലാം സ്ഥാനത്തായ ചൈനയിലേക്കുള്ള കയറ്റുമതി 6.82 ഡോളറിന്റേതും. ബംഗ്ലാദേശിലേക്കുള്ള കയറ്റുമതി 5.82 ബില്യണ്‍ ഡോളറിന്റേതാണ്.

2022-23 സാമ്പത്തിക വര്‍ഷം ഓഗസ്റ്റ് വരെയുള്ള കാലയളവിലെ ഇന്ത്യയുടെ ടോപ് 10 കയറ്റുമതി വിപണികളും ആ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും (ബില്യണ്‍ ഡോളറില്‍)

  1. USA- 35.18
  2. UAE- 13.77
  3. The Netherlands- 7.5
  4. China- 6.82
  5. Bangladesh -5.82
  6. Singapore -5.2
  7. Indonesia- 4.83
  8. Brazil -4.66
  9. UK- 4.53
  10. Saudi Arabia-4.36
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it