കമ്പനി-എല്‍.എല്‍.പി നിയമങ്ങളില്‍ വന്‍ പരിഷ്‌കാരം: സി.എസ്.ആര്‍ പരിധി നിശ്ചയിക്കുന്നതിനുള്ള ലാഭ മാനദണ്ഡം ഉയര്‍ത്തും, പുതിയ ഭേദഗതി ബില്ലുമായി കേന്ദ്രം

ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് (LLP) ആക്ട് 2008, കമ്പനീസ് ആക്ട് 2016 എന്നിവയിലാണ് ഭേദഗതികള്‍ വരുത്തുന്നത്
Nirmala Sitharaman
Image Courtesy: Press Information Bureau
Published on

രാജ്യത്ത് ബിസിനസ് നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നതിനും (Ease of Doing Business) നിയമപാലന ഭാരം കുറയ്ക്കുന്നതിനുമായി കമ്പനി-എല്‍.എല്‍.പി (LLP) നിയമങ്ങളില്‍ നിര്‍ണായക ഭേദഗതികള്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. സി.എസ്.ആര്‍ (CSR) മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുക, നടപടിക്രമങ്ങളിലെ വീഴ്ചകളെ ക്രിമിനല്‍ കുറ്റമല്ലാതാക്കുക, ഓഹരി തിരിച്ചുവാങ്ങലില്‍ ഇളവുകള്‍ നല്‍കുക തുടങ്ങിയ വിപ്ലവകരമായ മാറ്റങ്ങളാണ് പുതിയ ബില്ലിലുള്ളത്.

ധനകാര്യ-കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ തിങ്കളാഴ്ചയാണ് 'കോര്‍പ്പറേറ്റ് നിയമ (ഭേദഗതി) ബില്‍, 2026' ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് (LLP) ആക്ട് 2008, കമ്പനീസ് ആക്ട് 2016 എന്നിവയിലാണ് ഭേദഗതികള്‍ വരുത്തുന്നത്. ബില്‍ വിശദമായ പരിശോധനയ്ക്കായി ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിക്ക് വിട്ടു.

സി.എസ്.ആര്‍ മാറ്റങ്ങള്‍

കമ്പനികളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി മാനദണ്ഡങ്ങളില്‍ വലിയ മാറ്റങ്ങളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സി.എസ്.ആര്‍ പരിധി നിശ്ചയിക്കുന്നതിനുള്ള ലാഭ മാനദണ്ഡം (Net Profit Criteria) 10 കോടി രൂപയായി ഉയര്‍ത്തും. കൂടാതെ, ചെലവാക്കാത്ത സി.എസ്.ആര്‍ ഫണ്ട് പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നതിനുള്ള സമയം 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി വര്‍ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

നിലവില്‍, കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ കുറഞ്ഞത് 500 കോടി രൂപ നെറ്റ് വര്‍ത്തോ (Net worth), അല്ലെങ്കില്‍ 1,000 കോടി രൂപയോ അതിലധികമോ വിറ്റുവരവോ (Turnover), അല്ലെങ്കില്‍ 5 കോടി രൂപയോ അതിലധികമോ അറ്റാദായമോ (Net profit) ഉള്ള കമ്പനികള്‍ അവരുടെ ശരാശരി ലാഭത്തിന്റെ കുറഞ്ഞത് 2 ശതമാനം സി.എസ്.ആര്‍ (CSR) പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കേണ്ടതുണ്ട്. സി.എസ്.ആര്‍ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളിലും മാറ്റം വരും.

കമ്പനികള്‍ക്ക് അവരുടെ വാര്‍ഷിക പൊതുയോഗങ്ങള്‍ (AGM) നേരിട്ടും ഓണ്‍ലൈനായും (Hybrid Mode) നടത്താന്‍ അനുമതി നല്‍കും.

ലയന, ഏറ്റെടുക്കല്‍ നടപടികള്‍

കമ്പനികളുടെ ലയന-ഏറ്റെടുക്കല്‍ (Mergers and Acquisitions) നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കും. ചെറുകിട കമ്പനികള്‍ക്ക് നിയമപരമായ പല കാര്യങ്ങളിലും ഇളവുകള്‍ നല്‍കും. ചെറിയ രീതിയിലുള്ള നടപടിക്രമ വീഴ്ചകളെ ക്രിമിനല്‍ കുറ്റമല്ലാതാക്കും. ഇത് സംരംഭകര്‍ക്ക് വലിയ ആശ്വാസമാകും.

കമ്പനി നിയമങ്ങള്‍ക്കും ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്സി കോഡിനും (IBC) കീഴിലുള്ള പ്രത്യേക വിഷയങ്ങള്‍ കേള്‍ക്കുന്നതിനായി പ്രത്യേക എന്‍.സി.എല്‍.ടി ബെഞ്ചുകള്‍ സ്ഥാപിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.

വിവിധ മേഖലകളിലെ വിദഗ്ധര്‍ക്ക് ചേര്‍ന്ന് മള്‍ട്ടി-ഡിസിപ്ലിനറി പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കും. റീജിയണല്‍ ഡയറക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതും ബില്ലിന്റെ ഭാഗമാണ്.

രാജ്യത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും കോര്‍പ്പറേറ്റ് ഭരണനിര്‍വ്വഹണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഈ ഭേദഗതികള്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com