മെട്രോപൊളിറ്റന്‍ പ്ലാനിങ് കമ്മിറ്റികള്‍, എ.ഐ സ്റ്റാര്‍ട്ടപ്പ് മിഷന്‍, മെഗാ ജോബ് എക്‌സ്‌പോ, ബജറ്റിലെ പുതിയ പ്രഖ്യാപനങ്ങള്‍ ഇവയാണ്

സംസ്ഥാനത്ത് 2,000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കും
kn balagopal
Published on

സംസ്ഥാനത്തെ നഗരങ്ങളുടെ വികസനത്തിന് പ്രത്യേക പദ്ധതികളാണ് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ന​ഗരങ്ങളുടെ വികസനത്തിനായി മെട്രോപൊളിറ്റന്‍ പ്ലാനിങ് കമ്മിറ്റികള്‍ രൂപീകരിക്കുന്നതാണ്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ പദ്ധതികള്‍ നടപ്പാക്കും. തെക്കന്‍ കേരളത്തിന് പുതിയ കപ്പല്‍ നിര്‍മാണശാലയ്ക്കായി ശ്രമിക്കുമെന്നും സംസ്ഥാനം സഹകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കന്‍ കേരളത്തിൽ കപ്പല്‍ നിര്‍മാണശാല സ്ഥാപിക്കാന്‍ കേന്ദ്ര സർക്കാർ നടപടികള്‍ കൈകൊളളുമെന്ന് പ്രതീക്ഷിക്കുന്നതായും ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് അതിവേഗ റെയില്‍പാത അനിവാര്യമാണ്.

വികസന ഇടനാഴി

വിഴഞ്ഞം-കൊല്ലം-പുനലൂര്‍ വികസന ഇടനാഴിക്ക് 1,000 കോടി വകയിരുത്തി. കൊല്ലത്തും കൊട്ടാരക്കരയിലും കണ്ണൂരും ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കും. ധര്‍മടത്ത് 130 കോടി ചെലവില്‍ ഗ്ലോബല്‍ ഡയറി വില്ലേജ് സ്ഥാപിക്കും.

സംസ്ഥാനത്ത് ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ടൂറിസം വികസനത്തിന്റെ ഭാ​ഗമായി വിനോദസഞ്ചാരികള്‍ക്ക് താമസിക്കാൻ നല്‍കുന്ന കെ- ഹോംസ് പദ്ധതിയും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിനായി 5 കോടി വകയിരുത്തി.

എ.ഐ കോണ്‍ക്ലേവ്

എ.ഐയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പ് മിഷന് ഏഴ് കോടി അനുവദിച്ചു. ഇതിനായി തിരുവനന്തപുരത്ത് പ്രത്യേക കേന്ദ്രം ആരംഭിക്കുന്നതാണ്. ഐ.ബി.എമ്മിന്റെ സഹകരണത്തോടെ എ.ഐ അന്താരാഷ്ട്ര കോണ്‍ക്ലേവ് നടത്തും.

സംസ്ഥാനത്ത് 2,000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ 15 കോടി അനുവദിച്ചു. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് വികസിപ്പിക്കുന്നതിനായി 212 കോടി രൂപയും ലൈഫ് സയന്‍സ് പാര്‍ക്ക് വികസിപ്പിക്കുന്നതിന് 16 കോടിയും ചെലവഴിക്കും.

ഐ.ടി വികസനം

ഐ.ടി യുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 517.64 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിട്ടുളളത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 10.5 കോടി രൂപ അധികമാണ്. ഐ.ടി മിഷന് 134.03 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16.85 കോടി രൂപ അധികമാണിത്. പുതിയ ഐടി നയത്തിന് രൂപംനല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ധനമന്ത്രി പറഞ്ഞു.

ഹൈഡ്രജന്‍ ഇന്ധനത്തിന്റെ ഉല്‍പ്പാദനത്തിനായി ഹൈഡ്രജന്‍വാലി പദ്ധതി ആരംഭിക്കും, ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചു. 10,000 കോടിയുടെ ബയോ എഥനോള്‍ സംസ്ഥാനത്തിന് ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. ബയോ എഥനോള്‍ ഗവേഷണത്തിനും ഉല്‍പ്പാദനത്തിനുമായി 10 കോടി ചെലവഴിക്കും. കര്‍ഷകര്‍ക്ക് പ്രയോജനകരമാണ് ഇതിന്റെ ഉല്‍പ്പാദനം.

റിസര്‍ച്ചേഴ്‌സ് സ്‌കോളര്‍ഷിപ്പ്

സി.എം. റിസര്‍ച്ചേഴ്‌സ് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പദ്ധതിയും കെ.എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും പ്രവേശനം നേടിയ റഗുലര്‍-ഫുള്‍ടൈം ഗവേഷണ വിദ്യാര്‍ഥികളില്‍ മറ്റു ഫെലോഷിപ്പുകളോ ധനസഹായമോ ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 10,000 രൂപ ഫെലോഷിപ്പ് നല്‍കും. ഇതിനായി 20 കോടി രൂപ വകയിരുത്തി.

ജോബ് എക്‌സ്‌പോ

പഠനം പൂര്‍ത്തീകരിച്ച തൊഴിലന്വേഷകര്‍ക്കുള്ള ആദ്യത്തെ മെഗാജോബ് എക്‌സ്‌പോ ഈ മാസം നടക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പ്രതിമാസം രണ്ട് മെഗാ ജോബ് എക്‌സ്‌പോ വീതം സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഏപ്രില്‍ മുതല്‍ പ്രാദേശിക ജോബ് ഡ്രൈവുകളും നടത്തും. മൂന്നുലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ തൊഴിലവസരങ്ങള്‍ ഓരോ മെഗാ ജോബ് എക്‌സ്‌പോയിലും ഉറപ്പാക്കും. ഇതിനായി 20 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com