ബിസിനസ് ചെയ്യുന്നതിനും റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ എളുപ്പം, പുതിയ ആദായനികുതി നിയമം ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍

നിലവിലുള്ള സങ്കീർണവും വലുതുമായ നിയമങ്ങളെ പുതിയ നിയമം പുനഃപരിശോധിക്കുന്നു
income tax
Image courtesy: Canva
Published on

ആദായനികുതി നിയമം 2025 വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ. ഏപ്രിൽ 1 ന് പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഇത് പ്രാബല്യത്തിൽ വരും. ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള 1961 ലെ ആദായനികുതി നിയമത്തിന് പകരമുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നല്‍കിയിരുന്നു. ലളിതവും മനസ്സിലാക്കാൻ എളുപ്പമുള്ളതും പാലിക്കാൻ എളുപ്പമുള്ളതുമായ ആദായനികുതി നിയമം എന്ന രീതിയിലാണ് പുതിയ ആദായനികുതി നിയമം അവതരിപ്പിച്ചിരിക്കുന്നത്.

പരിഷ്കാരങ്ങള്‍

പുതിയ നിയമം നികുതി വ്യവഹാരങ്ങളെ ഗണ്യമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള സങ്കീർണവും വലുതുമായ നിയമങ്ങളെ പുതിയ നിയമം പുനഃപരിശോധിക്കുന്നു. ദേശീയ പെൻഷൻ സംവിധാനത്തിലെ (NPS) വരിക്കാർക്ക് നൽകുന്നതുപോലെ ഏകീകൃത പെൻഷൻ പദ്ധതി (UPS) വരിക്കാർക്ക് നികുതി ഇളവ് വാഗ്ദാനം ചെയ്യുന്നതാണ് പുതിയ നിയമം. 25 വർഷത്തിലധികമുളള സേവനത്തിനുശേഷം അവസാന 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തിന് തുല്യമായ പെൻഷൻ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഉറപ്പുനൽകുന്ന പദ്ധതിയാണ് യു‌.പി.‌എസ്. വിരമിക്കുമ്പോൾ 60 ശതമാനത്തോളം ഒറ്റത്തവണ പിൻവലിക്കലിന് ഇളവും നികുതി ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

നിയമത്തിന്റെ ലളിതവൽക്കരണം നികുതി വരുമാന ശേഖരണത്തിൽ നേരിട്ടോ ഉടനടിയോ സ്വാധീനം ചെലുത്താന്‍ ഇടയില്ല. 2025 വരെ നടപ്പിലാക്കിയ എല്ലാ ഭേദഗതികളും പുതിയ നിയമത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. പുതിയ നിയമത്തിന്റെ ഘടനയിലെ മാറ്റങ്ങളും സംക്ഷിപ്തവും വായിക്കാനും മനസ്സിലാക്കാനും എളുപ്പമുള്ളതുമായ വ്യവസ്ഥകളും നികുതിദായകരെ കൂടുതലായി റിട്ടേണുകള്‍ നടത്താന്‍ പ്രേരിപ്പിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

വ്യക്തമായ ഭാഷ, പട്ടികാ ഫോർമാറ്റിലുളള വിവരങ്ങളുടെ വർദ്ധിച്ച ഉപയോഗം, എളുപ്പത്തിൽ മനസ്സിലാക്കുന്നതിനുള്ള ഗണിതശാസ്ത്ര സൂത്രവാക്യങ്ങൾ തുടങ്ങിയവ നികുതി അടയ്ക്കുന്നതിനുള്ള എളുപ്പത്തിനും ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പത്തിനും ലക്ഷ്യമിട്ടുള്ളതാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കുന്നു.

India introduces a simplified Income Tax Act effective April 1, 2025, replacing the 1961 Act to ease business and tax return filing.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com