

ശമ്പളക്കാരായ മധ്യവർഗത്തെ കാര്യമായി പരിഗണിക്കുന്നതായിരുന്നു നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്. ശമ്പളക്കാരായ വ്യക്തികള്‍ക്ക് ഏറ്റവും വലിയ നികുതിയിളവുകൾ പ്രഖ്യാപിക്കുന്നതായിരുന്നു പുതിയ ആദായ നികുതി സ്ലാബ്. പുതിയ ആദായനികുതി ബിൽ ഈയാഴ്ച പാർലമെൻ്റിൽ അവതരിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
നിലവിലെ ആദായനികുതി നിയമം ലളിതമാക്കാൻ ഉദ്ദശിച്ചുളളതാണ് പുതിയ ആദായനികുതി ബിൽ. ആദായനികുതി കണക്കാക്കുന്നതും ഫയൽ ചെയ്യുന്നതും കൂടുതല്‍ എളുപ്പമാകും. പുതിയ ബില്‍ ഫെബ്രുവരി 6 ന് അവതരിപ്പിക്കുമെന്ന് എന്‍.ഡി.ടി.വി പ്രോഫിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദായനികുതി നിയമം, 1961 ന് ആറ് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്, 23 അധ്യായങ്ങളും 298 വകുപ്പുകളും അടങ്ങുന്നതാണ് ഇത്.
ഇന്ത്യയുടെ ആദായനികുതി വ്യവസ്ഥയെ ഭരണപരമായി നിയന്ത്രിക്കുന്ന നിയമങ്ങളുടെ ഒരു കൂട്ടമാണ് ആദായ നികുതി നിയമം. ആദായനികുതി വ്യവസ്ഥയില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇത് നിർദ്ദേശിക്കുന്നു. ആർക്കൊക്കെ നികുതി ചുമത്തണം, അവർ എങ്ങനെ അടക്കണം, നികുതികൾ എങ്ങനെ ശേഖരിക്കണം, നികുതി റിട്ടേണുകൾ എങ്ങനെ ഫയൽ ചെയ്യണം, ഇവ പാലിക്കാത്തതിൻ്റെ അനന്തരഫലങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ പ്രതിപാദിക്കുന്നത്.
പൊതുജനങ്ങൾക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന പുതിയ ബില്ലിൽ പേജുകളുടെ എണ്ണം 60 ശതമാനത്തോളം കുറവായിരിക്കും. നിലവിലുള്ള നിയമത്തിന്റെ ഭേദഗതിയായിരിക്കില്ല പുതിയ ബില്ലെന്നാണ് കരുതുന്നത്.
ആദായനികുതി ഇളവുകൾ നിക്ഷേപങ്ങളുമായും സമ്പാദ്യങ്ങളുമായും ബന്ധിപ്പിച്ചിരിക്കുന്ന രീതി മൂലം ആദായനികുതിയും റിട്ടേണുകളും ഫയൽ ചെയ്യുന്നത് സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയാത്തവിധം സങ്കീർണ്ണമാണ് എന്ന അഭിപ്രായം പൊതുവേയുണ്ട്. ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ ലളിതമായി അവതരിപ്പിച്ച് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും വ്യവഹാരങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടുളളതാണ് പുതിയ ബിൽ.
Read DhanamOnline in English
Subscribe to Dhanam Magazine