ഹെൽമറ്റിൽ നിന്ന് സീറ്റ് ബെൽറ്റിലേക്ക്! ഇത് ബൈക്ക് വാങ്ങാനിരുന്നവർ കാർ വാങ്ങും കാലം; ട്രെൻഡ് തുടരുമോ?

നാട്ടിൻപുറങ്ങളിലേക്ക് കൂടുതൽ പുതുകാറുകൾ എത്തുകയാണ്. കാർ താങ്ങാൻ കഴിയില്ലെന്നു ചിന്തിച്ചിരുന്നവരിൽ നിന്നുള്ള മാറ്റം. എന്നു കരുതി എസ്.യു.വി വിൽപന കുറയുന്നില്ല
Smiling car salesman holding keys and documents in front of a large row of parked cars at a dealership lot during sunset
image credit : canva
Published on

കാർ വിപണി പല വിധ മാറ്റങ്ങളിലാണ്. ഇലക്ട്രിക് കാറുകളിലേക്കുള്ള കൂടുമാറ്റം മാത്രമല്ല അത്. ചെറുകാറുകൾ ഒരു ഇടവേളക്കു ശേഷം വീണ്ടും കൂടുതൽ റോഡിൽ ഇറങ്ങുന്നു. അതിനൊത്ത് മുന്തിയ ഇനങ്ങളോടുള്ള ആകർഷണം കുറയുന്നില്ല. എന്നാൽ​ യൂസ്ഡ്, അഥവാ സെക്കൻഡ് ഹാൻഡ് കാറുകളേക്കാൾ സാധാരണക്കാർക്ക് പ്രിയം പുത്തൻ ചെറുകാറുകൾ. മറ്റൊരു ശ്രദ്ധേയമായ മാറ്റം കൂടിയുണ്ട്. ഇരുചക്ര വാഹനങ്ങൾ വിട്ട് പുതിയ ചെറുകാർ വാങ്ങുന്ന പ്രവണത വർധിക്കുന്നു.

കോവിഡ് കാലത്തിനു ശേഷമൊരു മാറ്റം

ചരക്കു സേവന നികുതി സമ്പ്രദായമായ ജി.എസ്.ടിയിൽ കൊണ്ടുവന്ന ഇളവുകളാണ് ചെറുകാർ വിപണിക്ക് പ്രത്യേകിച്ച് ഉത്തേജകമായത്. കോവിഡ് കാല​ത്തിനു ശേഷം ഇതാദ്യമായാണ് ചെറുകാർ കമ്പം വർധിച്ചത്. ഒരു ലക്ഷം രൂപയൊക്കെ വിലയിൽ ഇളവു കിട്ടുമെന്ന് വന്നു. എങ്കിൽപിന്നെ, ബൈക്കിനും സ്കൂട്ടറിനും കരുതിവെച്ച തുക ഡൗൺ പേമെന്റ് നൽകി, കു​റച്ചൊരു വായ്പ കൂടി എടുത്ത്, ജീവിതം കുറെക്കൂടി എൻജോയ് ചെയ്യാമെന്ന് മനോഭാവം സാധാരണക്കാരുടെ പല കുടുംബങ്ങളിലും വളർന്നിട്ടുണ്ട്. ശരിക്കും,​ ഹെൽമറ്റിൽ നിന്ന് സീറ്റ് ബെൽറ്റിലേക്കൊരു മാറ്റം. പുത്തൻ കാറിന്റെ പൊള്ളുന്ന വിലയോർത്ത് യൂസ്ഡ് കാറിലേക്ക് സ്വപ്നം ഒതുക്കി വെച്ചവരും ഇളവുകളുടെ നേട്ടം മുതലാക്കാമെന്ന ചിന്തയിൽ.

‘ആദായ വിൽപന’ക്കാലം

ദീപാവലി സീസണിലെ മികച്ച വിൽപന ചെറുകാറുകളൂടെ സെഗ്മെന്റിൽ കൂടുതൽ പ്രകടമായിരുന്നു. ഇനിയങ്ങോട്ട് പുതുവർഷം വരെയുള്ള ആഘോഷ വേളയിൽ ഈ ട്രെൻഡ് നീളുമെന്ന കണക്കുകൂട്ടൽ വിപണിയിലുണ്ട്. ചെറുകാറുകളുടെ കാലം കഴിഞ്ഞുവെന്ന തോന്നലായിരുന്നു കുറെ വർഷങ്ങളായി നിലനിന്നത്. ഈ പ്രവണത മാറ്റിമറിക്കുകയാണ് ജി.എസ്.ടി ഇളവുകളിലൂടെ കടന്നുവന്ന ‘ആദായ വിൽപന’ക്കാലം. അത് ഏറ്റവും കൂടുതൽ മുതലാക്കുന്നത് മാരുതി സുസൂകിയാണ്. ജി.എസ്.ടിക്കൊപ്പം വില പുതുക്കലും കൂടിയായതോടെ വാഗൺആറും ഓൾട്ടോ കെ10ഉം എക്സ്പ്രസോയുമൊ​ക്കെ ബൈക്ക് വാങ്ങാനിരുന്നവർക്ക് പ്രചോദനമായി മാറുന്നു.

ബൈക്ക് എടുക്കാനിരുന്നവർ കാറിലേക്ക്

കേരളത്തിൽ മാത്രമല്ല, രാജ്യവ്യാപകമായിത്തന്നെ ഈ ട്രെൻഡ് മാറ്റം പ്രകടമാണെന്ന് ​കാർ വിപണിയിലുള്ളവർ വിശദീകരിക്കുന്നു. ഓൾട്ടോ കെ10ന് ഒരു ലക്ഷം രൂപയോളമാണ് വിലക്കുറവ്. വാഗൺആറിന് 70,000നു മുകളിൽ ഇളവു കിട്ടുന്നു. ഈ വിലക്കുറവു കണ്ട് വരുന്നവരാണ് ഷോറൂമുകളിൽ എത്തുന്നവരുടെ 40 ശതമാനവുമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ചെറുകാറുകൾ കൂടുതൽ താങ്ങാവുന്നതായി മാറി. എട്ടു വർഷം മുമ്പ് മൂന്നു ലക്ഷം വരെ വിലയുണ്ടായിരുന്ന ​ബ്രാൻഡുകൾക്ക് വില ഇരട്ടിയോളം എത്തിയിരുന്നു. എന്നാൽ ജി.എസ്.ടി ഇളവു വന്നതോടെ മൂന്നര ലക്ഷം രൂപയുണ്ടെങ്കിൽ ഒരു ചെറുകാർ സ്വന്തമാക്കാമെന്നായി. 1.25-1.50 ലക്ഷം രൂപ കൊടുത്ത് ബൈക്ക് വാങ്ങേണ്ട സ്ഥാനത്ത് രണ്ടു ലക്ഷം കൂടി വായ്പയായോ മറ്റോ തരപ്പെടുത്തിയാൽ കാർ വാങ്ങാം. പ്രതിമാസ ഗഡുക്കളായി അടച്ചു തീർത്താൽ മതി. ഡീലർ തന്നെ അതിനുള്ള സംഗതികൾ ഏർപ്പാടാക്കുകയും ചെയ്യും. ഈ സാഹചര്യങ്ങളാണ് കൂടുതൽ ഇടത്തരക്കാരെ പുത്തൻ കാർ ഉടമയാക്കുന്നത്.

ട്രെൻഡ് തുടരുമോ?

നാട്ടിൻപുറങ്ങളിലേക്ക് കൂടുതൽ പുതുകാറുകൾ എത്തുകയാണ്. കാർ താങ്ങാൻ കഴിയില്ലെന്നു ചിന്തിച്ചിരുന്നവരിൽ നിന്നുള്ള മാറ്റം. എന്നു കരുതി എസ്.യു.വി വിൽപന കുറയുന്നില്ല. മേൽത്തട്ടുകാർ പുതിയ ഇളവുകൾക്കൊത്ത് ​മേൽത്തരം മോഡലുകൾക്ക് പിന്നാലെ. വാഗൺആർ എടുക്കാമെന്ന് കരുതിയിരുന്നവർക്കോ, ബലേനോയും ഫ്രോങ്ക്സിനുമൊക്കെയാണ് ഇപ്പോൾ താൽപര്യം. ഫലത്തിൽ കാർ വിപണിയിലാകെ സ്മൈലി! ഈ ട്രെൻഡ് ആഘോഷക്കാലം കഴിഞ്ഞും തുടരുമോ? അത് കാത്തിരുന്നു കാണേണ്ട കാര്യം. വരുമാനം, ​തൊഴിൽ സുരക്ഷ, ഉപഭോക്തൃ വികാരം എന്നിവയെ ആശ്രയിച്ചാണ് എന്നും കാർ വിപണിയുടെ വളർച്ച.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com