
ലോകമെമ്പാടും പേരുകേട്ട നിരവധി നഗരങ്ങളുണ്ട്. പ്രശസ്തരായ ചില വ്യക്തികളുടെ പേരില്‍ അല്ലെങ്കില്‍ പ്രശസ്തമായ ഒരു സംഭവത്തിന്റെ പേരില്‍ എന്നിങ്ങനെ വിവിധ കാര്യങ്ങളുടെ പേരില്‍ പല നഗരങ്ങളും ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്നുണ്ട്. ഇത്തരത്തില്‍ ലോകത്ത് വിവിധ നഗരങ്ങള്‍ സമ്പത്തിന്റെ പേരിലും പ്രശസ്തമാണ്.
മുന്നില്‍ ന്യൂയോര്‍ക്ക്
ഏതൊരു നഗരത്തിന്റെയും സമ്പത്തിനെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ജനസംഖ്യ, ജി.ഡി.പി, കോടീശ്വരന്മാര്‍ തുടങ്ങിയുള്ള ഈ സുപ്രധാന ഘടകങ്ങള്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളുടെ പട്ടിക രൂപപ്പെടുത്തുമ്പോള്‍ പരിഗണിക്കുന്നു. ഇത്തരം ഘടകങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്സിന്റെ റാങ്കിംഗ് പ്രകാരം 2023 ല്‍ സമ്പന്നതയില്‍ ലോകത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ന്യൂയോര്‍ക്ക് നഗരമാണ്. ഫോര്‍ബ്‌സ് അടുത്തിടെ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ താമസിക്കുന്ന നഗരം ന്യൂയോര്‍ക്ക് ആണ്. 101 ശതകോടീശ്വരന്മാരും 3.4 ലക്ഷത്തിന് മുകളില്‍ കോടീശ്വരന്മാരും ഉള്ള ന്യൂയോര്‍ക്കിന്റെ ജനസംഖ്യ ഏകദേശം 89 ലക്ഷം വരും.
മറ്റ് നഗരങ്ങള്‍
ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്സിന്റെ റാങ്കിംഗ് പ്രകാരം സമ്പന്നതയില്‍ ലോകത്ത് മുന്നില്‍ നില്‍ക്കുന്ന ആദ്യ പത്ത് നഗരങ്ങളില്‍ രണ്ടാമത്തേത് ജപ്പാന്റെ ടോക്കിയോ നഗരമാണ്. ഏകദേശം 3.7 കോടി ജനസംഖ്യയുള്ള ഇവിടെ 2.9 ലക്ഷത്തില്‍ ഏറെ കോടീശ്വരന്മാരുണ്ട്. പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയാണ്. ഏകദേശം 77 ലക്ഷം ജനസംഖ്യയുള്ള ഇവിടെ 2.8 ലക്ഷം കോടീശ്വരന്മാരുണ്ട്. 2.5 ലക്ഷത്തിന് മുകളില്‍ കോടീശ്വരന്മാരോടെ ലണ്ടന്‍ നാലാം സ്ഥാനത്തും.
സിംഗപ്പൂരാണ് അഞ്ചാം സ്ഥാനത്ത്. 2.4 ലക്ഷത്തിന് മുകളില്‍ കോടീശ്വരന്മാര്‍. പിന്നാലെ 2 ലക്ഷത്തിന് മുകളില്‍ കോടീശ്വരന്മാരോടെ ലോസ് ഏഞ്ചലസ്, 1.29 ലക്ഷത്തില്‍ ഏറെ കോടീശ്വരന്മാരോടെ ഹോങ്കോംഗ്, 1.28 ലക്ഷത്തോളം കോടീശ്വരന്മാരോടെ ബെയ്ജിംഗ്, 1.27 ലക്ഷത്തിന് മുകളില്‍ കോടീശ്വരന്മാരോടെ ഷാങ്ഹായ്, 1.26 ലക്ഷം കോടീശ്വരന്മാരോടെ സിഡ്‌നി എന്നീ നഗരങ്ങളും ലോക സമ്പന്ന നഗരങ്ങളുടെ ഈ പട്ടികയിലുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine