നിപ: കോഴിക്കോട് വിമാനത്താവളത്തിലെ കയറ്റുമതി ഇടിഞ്ഞു; അവസരം മുതലെടുത്ത് ബംഗളൂരുവിന്റെ മുന്നേറ്റം

സര്‍ക്കാരിന് കോടികളുടെ നഷ്ടം
Image courtesy: canva
Image courtesy: canva
Published on

നിപ വൈറസ് ബാധയെ കോഴിക്കോടും കേരളവും സധൈര്യം നേരിട്ട് തോല്‍പ്പിച്ചെങ്കിലും കയറ്റുമതി രംഗത്ത് ഈ മഹാമാരി വരുത്തിവച്ച ആഘാതം മാറുന്നില്ല. ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ് നിപ റിപ്പോര്‍ട്ട് ചെയ്തതെങ്കിലും ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ ചരക്കുകയറ്റുമതി വിലക്കാണ് തിരിച്ചടിയാകുന്നത്.

കോഴിക്കോട് വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തെ ഇത് സാരമായി ബാധിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അവസരം മുതലെടുത്ത് ബംഗളൂരു വിമാനത്താവളം കയറ്റുമതിയില്‍ പുതിയ കുതിപ്പ് നേടുകയും ചെയ്തു 

സാധാരണനിലയിലെത്തിയിട്ടില്ല

നവംബറില്‍ കോഴിക്കോട്ടെ കയറ്റുമതിയില്‍ വന്‍ ഇടിവാണുണ്ടായത്. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് നിപ ഫ്രീ സര്‍ട്ടിഫിക്കറ്റിന്റെ പ്രശ്നമുണ്ടായിരുന്നില്ല. അവിടെ കയറ്റുമതിയില്‍ ചെറിയതോതില്‍ വര്‍ധനയുണ്ടായി. എന്നാല്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത് ബംഗളൂരു വിമാനത്താവളമാണ്. നിപ ഫ്രീ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന നിലവില്‍ സര്‍ക്കാര്‍ ഒഴിവാക്കിയെങ്കിലും ഇപ്പോഴും കരിപ്പൂരിലെ കയറ്റുമതി സാധാരണനിലയിലെത്തിയിട്ടില്ലെന്ന് കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം ചൂണ്ടിക്കാട്ടി.

കോടികളുടെ നഷ്ടം

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഒമ്പതിനാണ് കോഴിക്കോട്ട് നിപ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടുപേരുടെ മരണത്തിനിടയാക്കിയ രോഗം രണ്ടാഴ്ചയ്ക്കകം നിയന്ത്രണവിധേയമായി. എന്നാല്‍ വിമാനത്താവളം വഴിയുള്ള ചരക്കു കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മാസങ്ങളോളം നീണ്ടു. ഇത് ജി.എസ്.ടി ഇനത്തില്‍ ലഭിക്കുന്ന വലിയ വരുമാനത്തെ ഇല്ലാതാക്കി. ഉല്‍പാദകര്‍ക്കും വ്യാപാരികള്‍ക്കും കോടികളുടെ നഷ്ടമാണുണ്ടായതെന്ന് കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം തയാറാക്കിയ മൂന്നുമാസത്തെ കയറ്റുമതി പട്ടിക പറയുന്നു.

നവംബറില്‍ ഉയര്‍ന്ന നിലയില്‍ നടക്കേണ്ട പഴം-പച്ചക്കറി കയറ്റുമതി 682 ടണ്‍ ആയി കുറഞ്ഞു. ബംഗളൂരു വഴി ഈ കാലയളവില്‍ ശരാശരി 1,300 ടണ്‍ കയറ്റുമതി നടന്നു. കൊച്ചിയില്‍ 1,204 ടണ്‍, കണ്ണൂരില്‍ 215 ടണ്‍ കയറ്റുമതിയാണ് നവംബറില്‍ നടന്നത്. ഡിസംബറില്‍ കൊച്ചിയില്‍ 1,319 ടണ്‍ കയറ്റുമതി നടന്നപ്പോള്‍ കോഴിക്കോട്ടുനിന്നുള്ളത് 935.48 ടണ്ണില്‍ ഒതുങ്ങി. കണ്ണൂരില്‍ നിന്ന് 199 ടണ്‍ കയറ്റുമതിയും നടന്നു. സംസ്ഥാനത്തുനിന്നുള്ള ആകെ കയറ്റുമതി ഒക്ടോബറില്‍ 5,409.563 മെട്രിക് ടണ്‍ ആയിരുന്നത് ഡിസംബറോടെ 4,758.896 ടണ്ണായും കുറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com