തൊഴില്‍ മേഖലയ്ക്ക് ഉണര്‍വ് പകരുന്ന പുതിയ ഉത്തേജക പാക്കേജ്; നിങ്ങള്‍ അറിയേണ്ടതെല്ലാം

ദീപാവലിയ്ക്ക് മുന്നോടിയായി വരുമെന്ന് രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കിയ മെഗാ സാന്പത്തിക ഉത്തേജക പാക്കേജില്‍ ഊന്നല്‍ നല്‍കിയത് തൊഴില്‍ മേഖലയിലെ പദ്ധതികള്‍. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന എന്ന പേരില്‍ ആണ് നിര്‍മല സീതാരാമന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ഒന്നുമുതലാണ് പദ്ധതിക്ക് പ്രാബല്യമുള്ളത്. പദ്ധതി പ്രകാരം ജീവനക്കാരുടെയും തൊഴിലുടമയുടെയും ഇപിഎഫ് വിഹിതം സര്‍ക്കാര്‍ അടയ്ക്കും.

പുതിയതായി ജോലി നല്‍കുമ്പോഴാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതോടൊപ്പം തന്നെ ആരോഗ്യമേഖലയ്ക്ക് പ്രാധാന്യം നല്‍കി രാജ്യത്തെ 26 സെക്ടറുകളെയും ഉള്‍പ്പെടുത്തി ക്രെഡിറ്റ് ഗ്യാരണ്ടി സപ്പോര്‍ട്ട് സ്‌കീമും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനംമൂലം പ്രതിസന്ധിയിലായതും കാമത്ത് സമതി നിര്‍ദേശിച്ചതുമായ സെക്ടറുകളെയാണ് ഇതിനായി പരിഗണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് അടക്കമുള്ള വിവിധ മേഖലകളെക്കുറിച്ച് മന്ത്രി വിശദമാക്കി.

ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ സമ്പദ് ഘടന തിരിച്ചുവരവിന്റെ പാതയിലാണെന്നും സാമ്പത്തിക സൂചികകളെല്ലാം ഇതാണ് തെളിയിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഇന്നത്തെ ഉത്തേജക പാക്കേജിന്‍റെ മറ്റ് വിശദാംശങ്ങള്‍ ചുവടെ:

  • ഇപിഎഫ്ഒ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ 15,000 രൂപയിൽ താഴെ മാസവേതനത്തിൽ പുതുതായി നിയമിക്കപ്പെടുന്നവർ, കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെടുകയും ഒക്ടോബർ 1മുതൽ പുതിയ ജോലിക്ക് കയറിയവർ എന്നിവർക്കെല്ലാം സര്‍ക്കാര്‍ പിഎഫ് തുക നല്‍കും.
  • നഗര പ്രദേശങ്ങളിലെ ഭവന നിര്‍മാണ മേഖലയ്ക്ക് 18,000 കോടി രൂപയുടെ അധിക തുക. ഇതുവഴി നിര്‍മാണമേഖലയിലെ തൊഴിലവസരങ്ങളും കൂടും.
  • 12 ലക്ഷം വീടുകളുടെ നിര്‍മാണം ഇതുവഴി തുടങ്ങാനാകുമെന്നും 18 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കാനാകും. 78 ലക്ഷം പുതിയ ജോലികളാണ് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
      • സിമന്റ്, കമ്പി എന്നിവയുടെ വ്യാപാരത്തിലും വര്‍ധനയുണ്ടാകും. ഇത് വ്യാപാര മേഖലയ്ക്കും ആശ്വാസമാകും.
      • കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കായി ആത്മനിര്‍ഭര്‍ റോസ്ഗാര്‍ പദ്ധതി.
      • ഗ്രാമീണ തൊഴില്‍ മേഖലയ്ക്ക് മാത്രമായി അധിക 10,000 കോടി രൂപയുടെ പദ്ധതി.
      • രാസവള സബ്‌സിഡിയ്ക്കായി 65,000 കോടി രൂപയുടെ പദ്ധതി. കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ്വേകാന്‍ ഇതുവഴി സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
      • രാജ്യത്തെ 39.7 ലക്ഷം പേര്‍ വരുന്ന നികുതിദായകര്‍ക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ ഇതിനകം റീഫണ്ട് നല്‍കി.
      • വാങ്ങൽ നിർമിതി സൂചിക (പിഎംഐ) ഒക്ടോബറിൽ മുൻ മാസത്തെക്കാൾ 58.9 ശതമാനം വർധിച്ചു. 9 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
      • രാജ്യത്തെ ഊർജ ഉപഭോഗ വളർച്ച ഒക്ടോബറിൽ 12 ശതമാനത്തിലെത്തി.
      • ജിഎസ്ടി വരുമാനം 10 ശതമാനം വർധിച്ച് 1.05 ലക്ഷം കോടിയായി.
      • കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിൽ- ഓഗസ്റ്റ് മാസങ്ങളിലെ വിദേശ നിക്ഷേപം 35.37 ബില്യൺ ഡോളറായി. 13 ശതമാനത്തിന്റെ വർധനവാണുണ്ടായത്.


Related Articles
Next Story
Videos
Share it