നിയമം നോക്കുകുത്തി; കേരളത്തില്‍ നിര്‍ബാധം നോക്കുകൂലി

നോക്കുകൂലിക്കെതിരെ നിയമനിര്‍മാണം വരെ നടത്തിയിട്ടും കഥ പഴയതുതന്നെ
Construction Worker
Image : Canva
Published on

നോക്കുകൂലി, നിയമം വഴി നിരോധിച്ച സംസ്ഥാനമാണ് കേരളം. പക്ഷേ സംരംഭകര്‍ ഇപ്പോഴും നോക്കുകൂലി മൂലം വീര്‍പ്പുമുട്ടുന്നു. അടുത്തിടെ കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിലേക്ക് 6,000 കിലോഗ്രാം ഭാരമുള്ള ട്രാന്‍സ്ഫോര്‍മര്‍ ട്രക്കില്‍ കൊണ്ടുവന്നു. അതിറക്കാന്‍ മെഷീനുകള്‍ വന്നു. 15,000 രൂപ നോക്കുകൂലി നല്‍കാതെ ട്രാന്‍സ്ഫോര്‍മര്‍ ഇറക്കാന്‍ അനുവദിക്കില്ലെന്ന് യൂണിയന്‍ പറഞ്ഞതോടെ കരാറുകാര്‍ പൊലീസില്‍ അഭയംതേടി. പൊലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കരാറുകാരന്റെ ആവശ്യം കോടതി അംഗീകരിച്ചത്. ഇത്, കേരളത്തിലെ നോക്കുകൂലി തര്‍ക്കങ്ങളില്‍ ഒടുവിലത്തേതില്‍ ഒന്നുമാത്രം. ഇങ്ങനെ നിരവധി സംഭവങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് ദിവസവും നടക്കുന്നു.

തുടരുന്ന വിവാദം

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് തൊഴില്‍ വകുപ്പ് നോക്കുകൂലി നിരോധന ഉത്തരവിറക്കിയത്. നോക്കുകൂലി ഒഴിവാക്കാന്‍ കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതി ഗവര്‍ണര്‍ അംഗീകരിച്ചതോടെ നോക്കുകൂലി ഇല്ലാതായി. തൊഴില്‍ മേഖലയിലെ മോശം പ്രവണതയ്ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് നോക്കുകൂലി അവസാനിപ്പിച്ചുള്ള ഉത്തരവ് ഇറക്കിയത്. എന്നാല്‍, നിയമം കൊണ്ടുവന്നിട്ടും നോക്കുകൂലി നിര്‍ബാധം തുടരുന്നു.

കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ നേരിടുന്ന വെല്ലുവിളികളില്‍ ഒന്ന് നോക്കുകൂലിയാണെന്ന് പ്രമുഖര്‍ പറയുന്നു. ''യൂണിയന്‍കാര്‍ എന്ന് പറയുന്നത് രാഷ്ട്രീയക്കാരുടെ കാലാള്‍പ്പടയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരെ ആവശ്യമുണ്ട്. ഭരിക്കുന്ന പാര്‍ട്ടി നോക്കുകൂലിക്ക് എതിരാണെന്നൊക്കെ പറയും. പക്ഷേ, ഉള്ളിന്റെയുള്ളില്‍ ഭരണ, പ്രതിപക്ഷ കക്ഷികള്‍ക്കെല്ലാം നോക്കുകൂലിയോട് അനുഭാവമേയുള്ളൂ''- പ്രമുഖ വ്യവസായിയും വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറയുന്നു.

എന്നാല്‍ ഈ വിഷയത്തില്‍ പൊലീസിനെയോ മറ്റോ സമീപിച്ചാല്‍ നീതി ലഭിക്കണമെന്നില്ല. ഇത്തരം വിഷയങ്ങളില്‍ കോടതി ഇടപെട്ടാല്‍ മാത്രമെ തീരുമാനങ്ങളുണ്ടാകൂ എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ''നോക്കുകൂലി സംബന്ധിച്ച് തൊഴിലാളികളെ ബോധ്യപ്പെടുത്തുകയെന്നത് നടപ്പാകുന്ന കാര്യമല്ല''- അഡ്വ. മുകുന്ദന്‍ പറയുന്നു.

ചെലവിന്റെ ഒരുവിഹിതം നോക്കുകൂലിക്കായി നീക്കിവയ്‌ക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് കൊച്ചിയിലെ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി മേധാവി പറഞ്ഞു. ''ഓരോ പ്രോഗ്രാമിനും ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ ഞങ്ങള്‍ ഉപയോഗിക്കുന്നു. ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് വിദഗ്ധരായ ആളുകളുണ്ട്. പരിപാടികളെല്ലാം സ്വകാര്യ പ്രോപ്പര്‍ട്ടിയിലും ആയിരിക്കും. എന്നാല്‍, അവിടെയും അതിക്രമിച്ചെത്തി ജോലി ചെയ്യാതെ കൂലി പിടിച്ചുപറിക്കുകയാണ് യൂണിയനുകള്‍. രാഷ്ട്രീയക്കാരുടെ ഒത്താശയോടെയുള്ള പകല്‍ക്കൊള്ളയാണിത്. തലവേദനയും കേസുകള്‍ക്ക് പിന്നാലെ പോയി സമയം പാഴാക്കാനില്ലാത്തതിനാലും നിവൃത്തികേട് കൊണ്ട് നോക്കുകൂലി കൊടുക്കേണ്ട അവസ്ഥയാണുള്ളത്''- അദ്ദേഹം പറഞ്ഞു.

എന്താണ് നോക്കുകൂലി?

അംഗീകൃത ചുമട്ട് തൊഴിലാളികളല്ലാത്തവരെക്കൊണ്ടും ആധുനിക യന്ത്രങ്ങള്‍ (ജെ.സി.ബി, ക്രെയിന്‍, ടിപ്പര്‍ മുതലായവ) ഉപയോഗിച്ചും കയറ്റിയിറക്ക് നടത്തുമ്പോള്‍ ആ പ്രദേശത്തെ തൊഴിലാളി യൂണിയന് കൊടുക്കേണ്ട കൂലിയാണ് നോക്കുകൂലി. ചെയ്യാത്ത ജോലിക്ക് കൂലി!

പുതിയ നിയമത്തില്‍ എന്ത്?

ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടാനോ കൈപ്പറ്റാനോ പാടില്ല. വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ചട്ടപ്രകാരം നടപടി സ്വീകരിക്കാം. കയറ്റിറക്ക് കൂലി അതത് ജില്ലാ ലേബര്‍ ഓഫീസര്‍ ഉത്തരവാക്കിയ ഏകീകൃത കൂലി പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കണം. പട്ടികയില്‍ പെടാത്ത ഇനങ്ങള്‍ക്ക് ഉഭയകക്ഷി കരാര്‍ അടിസ്ഥാനമാക്കി കൂലി നല്‍കണം. ഗാര്‍ഹികാവശ്യത്തിനുള്ള കയറ്റിറക്ക്, കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റിറക്ക് എന്നിവയ്ക്ക് തൊഴിലുടമയ്ക്ക് ഇഷ്ടമുള്ളവരെ നിയോഗിക്കാം.

നടപടി എങ്ങനെയെടുക്കാം?

തൊഴിലാളികള്‍ കൂടുതല്‍ തുകയോ നോക്കുകൂലിയോ കൈപ്പറ്റിയാല്‍ തിരികെവാങ്ങി നല്‍കാന്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ക്ക് അധികാരമുണ്ട്. അമിതകൂലി ഈടാക്കിയാല്‍ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ കാര്‍ഡ് റദ്ദാക്കും. തൊഴിലുടമയെ അധിക്ഷേപിച്ചാല്‍ പരാതി പൊലീസിന് കൈമാറും. അസി.ലേബര്‍ ഓഫീസര്‍ ഇടപെട്ട് അമിത കൂലി തിരികെ വാങ്ങി നല്‍കും.

ജാമ്യമില്ലാ കുറ്റം; പരാതി നല്‍കേ@ത് ആര്‍ക്ക്?

നിയമം പ്രാബല്യത്തില്‍ വന്നത് മുതല്‍ നോക്കുകൂലി വാങ്ങിയാല്‍ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുക്കും. 2021ല്‍ ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് പ്രത്യേക സര്‍ക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥയും ഒഴിവാക്കി നല്‍കണം.

നോക്കുകൂലി സംബന്ധിച്ച കേസുകളില്‍ പിടിച്ചുപറിക്കും മറ്റു കുറ്റകൃത്യങ്ങള്‍ക്കുമുള്ള വകുപ്പുകള്‍ (ഇന്ത്യന്‍ ശിക്ഷാ നിയമം 383, 503 വകുപ്പുകള്‍) ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദേശം പൂര്‍ണമായും നടപ്പാക്കണം എന്നിവയാണ് സര്‍ക്കുലറിലെ നിര്‍ദേശം. അമിതകൂലി ഈടാക്കിയാല്‍ തൊഴില്‍ വകുപ്പിന് പരാതി നല്‍കാം. പരാതി പരിശോധിച്ച് അമിതമായി വാങ്ങിയ തുക തിരികെ വാങ്ങി നല്‍കും. അതേസമയം നോക്കുകൂലി പ്രശ്‌നം പരിഹരിക്കാന്‍ 11 ജില്ലകളില്‍ ഏകീകൃത ചുമട്ടുകൂലി നിശ്ചയിച്ചിട്ടുണ്ട്.

''കേരളത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന 'നോക്കുകൂലി' എന്ന ദുരാചാരത്തെ എതിര്‍ക്കാന്‍ രാഷ്ട്രീയക്കാര്‍ ഒന്നിച്ചിരുന്ന് തീരുമാനമെടുക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?''

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ചെയര്‍മാന്‍, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്

''നോക്കുകൂലി ചോദിച്ച് ബുദ്ധി മുട്ടിക്കുന്നുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുന്നതാണ് നല്ലത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരാതികളും അയയ്ക്കണം. സമൂഹം ഇക്കാര്യം ചര്‍ച്ച ചെയ്യണം''

അഡ്വ. മുകുന്ദന്‍

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com