കണക്കുകള്‍ പറയുന്നു, കോവിഡിന് ശേഷം പുതിയ ബിസിനസ്സുകള്‍ക്ക് നല്ലകാലം; സേവന മേഖലയില്‍ നേട്ടങ്ങള്‍ തുടരും

സേവന മേഖലയ്ക്കായുള്ള പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക (പിഎംഐ) നവംബറില്‍ 56.4 രേഖപ്പെടുത്തിയതായി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ എസ് ആന്റ് പി ഗ്ലോബല്‍ റിപ്പോര്‍ട്ട്. ഒക്ടോബറിലെ ഇത് 55.1 ആയിരുന്നു. ഇതോടെ നവംബറില്‍ ഇന്ത്യയുടെ സേവന പ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഈ കാലയളവില്‍ പുതിയ ബിസിനസ്സുകളുടെ വരവില്‍ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയാണ് ഉണ്ടായത്. നവംബറില്‍ കൂടുതല്‍ പുതിയ ഓര്‍ഡറുകള്‍ ലഭിച്ചു. തുടര്‍ച്ചയായി പതിനാറാം മാസവും ഇത് ഉയര്‍ച്ച രേഖപ്പെടുത്തി.

അനുകൂലമായ അടിസ്ഥാന ഡിമാന്‍ഡും മികച്ച പരസ്യങ്ങളും വില്‍പ്പന വര്‍ധിപ്പിച്ചു. ഇന്ത്യന്‍ സേവനദാതാക്കള്‍ ശക്തമായ ആഭ്യന്തര ഡിമാന്‍ഡിന്റെ നേട്ടങ്ങള്‍ തുടര്‍ന്നും കൈവരിക്കുന്നതായി എസ് ആന്റ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സിലെ ഇക്കണോമിക്സ് അസോസിയേറ്റ് ഡയറക്ടര്‍ പോളിയാന ഡി ലിമ പറഞ്ഞു. പുതിയ ഓര്‍ഡറുകളുടെ വര്‍ധനയും, അന്താരാഷ്ട്ര വില്‍പ്പനയിലെ വര്‍ധനയും നവംബറില്‍ വിദേശത്ത് നിന്നുള്ള പുതിയ ബിസിനസുകള്‍ വര്‍ധിപ്പിച്ചു. ഇത് 2020 ല്‍ കോവിഡ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ആദ്യത്തെ ഉയര്‍ച്ചയാണ്.

ഇന്‍പുട്ട് ചെലവില്‍ ഗണ്യമായ വര്‍ധനവുണ്ടായതായും സര്‍വേ ചൂണ്ടിക്കാട്ടി. മൂന്നാം പാദത്തിന്റെ മധ്യത്തില്‍ സേവന കമ്പനികള്‍ ഉയര്‍ന്ന പ്രവര്‍ത്തന ചെലവ് രേഖപ്പെടുത്തി. ഉയര്‍ന്ന ഗതാഗതച്ചെലവിന് പുറമേ, ഊര്‍ജം, ഭക്ഷണം, പാക്കേജിംഗ്, പേപ്പര്‍, പ്ലാസ്റ്റിക്, ഇലക്ട്രിക്കല്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിലയും ഉയര്‍ന്നു. നിലവില്‍ പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ സഹനപരിധിക്ക് മുകളിലാണ്. ഇത് നവംബറില്‍ വില വര്‍ധനവിന് കാരണമായി.

പി എം ഐ സൂചിക തയ്യാറാക്കുന്നത് ഓരോ മാസവും സേവന-നിര്‍മാണ മേഖലയിലെ മാനേജര്‍മാരുടെ സര്‍വേ നടത്തിയാണ്. ഇതില്‍ ഓരോ കമ്പനികളിലെ തൊഴില്‍ നിലവാരം, ഉല്‍പ്പാദനം, പുതിയ ഓര്‍ഡറുകള്‍, ഇന്‍വെന്റ്‌ററി തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇതില്‍ മുന്‍ മാസത്തില്‍ നിന്ന് ഉണ്ടായ കുറവുകളോ, വര്‍ധനവോ അടിസ്ഥാനപ്പെടുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. 0 മുതല്‍ 100 വരെ ഉള്ള പരിധിയാണ് പി എം ഐ ക്ക് ഉള്ളത്. 50 ന് മുകളില്‍ സൂചിക എത്തിയാല്‍ സമ്പദ്ഘടന വികസിക്കുന്നതിനെ സൂചിപ്പിക്കുന്നു.

Related Articles

Next Story

Videos

Share it