എൻ.ആർ.ഐ നിക്ഷേപ പരിധി 10% ആയി; എം.എ യൂസഫലി ഉൾപ്പെടെയുള്ള നിക്ഷേപകർക്ക് കൂടുതൽ അവസരം

കേരളത്തിലെ പ്രമുഖ ബാങ്കുകളിലെല്ലാം നിലവില്‍ തന്നെ എം.എ യൂസഫലിക്ക് ഗണ്യമായ നിക്ഷേപമുണ്ട്
M.A Yusuff Ali , Lulu Group Chairman
M.A Yusuff Ali
Published on

പ്രവാസി നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണിയില്‍ കൂടുതല്‍ കരുത്തുപകരുന്ന പ്രഖ്യാപനവുമായി കേന്ദ്ര ബജറ്റ്. ലിസ്റ്റഡ് കമ്പനികളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് (NRI) വ്യക്തിഗതമായി നിക്ഷേപിക്കാവുന്ന പരിധി നിലവിലെ 5 ശതമാനത്തില്‍ നിന്നും 10 ശതമാനമായി ഉയര്‍ത്താനാണ് ബജറ്റ് നിര്‍ദേശം. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഉള്‍പ്പെടെയുള്ള വമ്പന്‍ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ കമ്പനികളിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സഹായകരമാകുന്ന പ്രഖ്യാപനമാണിത്.

കേരളത്തിലെ പ്രമുഖ ബാങ്കുകളിലെല്ലാം നിലവില്‍ തന്നെ എം.എ യൂസഫലിക്ക് ഗണ്യമായ നിക്ഷേപമുണ്ട്. പല ബാങ്കുകളിലും നിയമാനുസൃതമായ 5 ശതമാനമെന്ന പരിധിക്ക് തൊട്ടടുത്താണ് അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം. പുതിയ നിയമഭേദഗതി വരുന്നതോടെ ഈ ബാങ്കുകളില്‍ ഓഹരി വിഹിതം ഇരട്ടിയാക്കാന്‍ അദ്ദേഹത്തിന് സാധിക്കും.

യൂസഫലിയുടെ നിക്ഷേപം

ട്രെന്‍ഡ്‌ലൈന്‍ കണക്കുകള്‍ പ്രകാരം ഫെഡറല്‍ ബാങ്കില്‍ നിലവില്‍ 3.14 ശതമാനം ഓഹരികളാണ് യൂസഫലിക്കുള്ളത്. സി.എസ്.ബി ബാങ്കിലെ (CSB Bank) നിക്ഷേപം 2.106 ശതമാനമാണ്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 4.30 ശതമാനത്തോളം ഓഹരികള്‍ അദ്ദേഹം കൈവശം വെക്കുന്നു. ധനലക്ഷ്മി ബാങ്കില്‍ നിക്ഷേപ പരിധിയായ 5 ശതമാനമാണ് അദ്ദേഹത്തിന്റെ പങ്കാളിത്തം. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ 4.48 ശതമാനം ഓഹരി പങ്കാളിത്തവും എം. യൂസഫിലക്കുണ്ട്.

ഈ ഓഹരികളെല്ലാം ചേര്‍ന്നുള്ള അദ്ദേഹത്തിന്റെ മൊത്തം നിക്ഷേപ മൂല്യം ഏകദേശം 2865 കോടി രൂപയാണ്.

മൊത്തം നിക്ഷേപ പരിധിയും ഉയര്‍ത്തി

വ്യക്തിഗത പരിധിക്ക് പുറമെ, ഒരു കമ്പനിയില്‍ എല്ലാ എന്‍.ആര്‍.ഐകള്‍ക്കും കൂടി നടത്താവുന്ന മൊത്തം നിക്ഷേപ പരിധി (Aggregate Limit) 10 ശതമാനത്തില്‍ നിന്നും 24 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. ഇത് വിദേശ മലയാളികളില്‍ നിന്നും കൂടുതല്‍ നിക്ഷേപം കേരളത്തിലെ ബാങ്കുകളിലേക്ക് ഒഴുകാന്‍ കാരണമാകും.

ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് കൂടുതല്‍ വിദേശ മൂലധനം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പരിഷ്‌കാരം കൊണ്ടുവന്നത്. ബാങ്കിംഗ് മേഖലയുടെ സ്ഥിരത നിലനിര്‍ത്തിക്കൊണ്ട് തന്നെ കൂടുതല്‍ നിക്ഷേപം അനുവദിക്കുന്നത് ബാങ്കുകളുടെ മൂലധന അടിത്തറ വര്‍ധിപ്പിക്കാന്‍ സഹായിക്കും. എങ്കിലും, ബാങ്കുകളില്‍ 5 ശതമാനത്തിന് മുകളില്‍ ഓഹരി പങ്കാളിത്തം നേടുന്നതിന് റിസര്‍വ് ബാങ്കിന്റെ പ്രത്യേക 'ഫിറ്റ് ആന്‍ഡ് പ്രോപ്പര്‍' (Fit and Proper) മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com