ദുബൈയില്‍ വീട് വാങ്ങിക്കൂട്ടാന്‍ മത്സരിച്ചിരുന്ന പ്രവാസികള്‍ക്ക് മനംമാറ്റം, രാജ്യത്തെ സെക്കന്‍ഡ് ഹോം നിക്ഷേപങ്ങളില്‍ വന്‍ വര്‍ധന

ആഗോളതലത്തിലെ അനിശ്ചിതത്വങ്ങളും ദുബായ് റിയല്‍ എസ്റ്റേറ്റ് വിപണിയിലെ ചാഞ്ചാട്ടവും കണക്കിലെടുത്ത് പ്രവാസി നിക്ഷേപകര്‍ ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ചേക്കേറുന്നു.
Dubai vehicles
Dubai vehiclescanva
Published on

ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും സാമ്പത്തിക അസ്ഥിരതയും മൂലം പ്രവാസി ഭാരതീയര്‍ (NRIs)നിക്ഷേപ താല്പര്യങ്ങള്‍ ദുബായില്‍ നിന്ന് ഇന്ത്യയിലെ ആഭ്യന്തര വിപണികളിലേക്ക് മാറ്റുന്നു. ഇന്ത്യയിലെ 'സെക്കന്‍ഡ് ഹോം' വിപണിയില്‍ വലിയ ഉണര്‍വാണ് ഇതിലൂടെ പ്രകടമാകുന്നത്. ഗോവ, അലിബാഗ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ദക്ഷിണേന്ത്യയിലെ പ്രമുഖ ഹോട്ട്‌സ്‌പോട്ടുകളിലുമാണ് നിക്ഷേപകര്‍ ഇപ്പോള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യ സുരക്ഷിത താവളം

വിദേശത്ത് താമസിക്കുന്ന അതിസമ്പന്നരായ ഭാരതീയര്‍ (HNIs) ദുബായിയേക്കാള്‍ സുരക്ഷിതം സ്വന്തം നാടാണെന്ന നിലപാടിലേക്ക് മാറുന്നതാണ് പുതിയ ട്രെന്‍ഡ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സെക്കന്‍ഡ് ഹോം പ്രോജക്റ്റുകളെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ 30 മുതല്‍ 40 ശതമാനം വരെ വര്‍ധനവുണ്ടായതായി ഈ രംഗത്തെ പ്രമുഖരായ കമ്പനികള്‍ സൂചിപ്പിക്കുന്നത്.

ദുബായ് വിപണിയിലെ അസ്ഥിരത നിക്ഷേപകരെ ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ട്. വ്യക്തമായ ധാരണയുള്ള, കുടുംബവേരുകളുള്ള മണ്ണിലെ നിക്ഷേപമാണ് ഏറ്റവും സുരക്ഷിതമെന്ന് പ്രവാസികള്‍ തിരിച്ചറിയുന്നു.

മാറുന്ന നിക്ഷേപ മുന്‍ഗണനകള്‍

ദുബായ് റിയല്‍ എസ്റ്റേറ്റ് വിപണിയുടെ നട്ടെല്ല് പ്രവാസി നിക്ഷേപകരാണ്. എന്നാല്‍ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ അവിടുത്തെ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി പലരും ഇന്ത്യയിലെ ലൈഫ് സ്‌റ്റൈല്‍ ഡെസ്റ്റിനേഷനുകളില്‍ സ്ഥിരമായ നിക്ഷേപം നടത്താന്‍ താല്പര്യപ്പെടുന്നു.

ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലുണ്ടായ മെച്ചപ്പെട്ട റോഡ്-വായു കണക്റ്റിവിറ്റി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് പ്രധാനമായും ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. ഇതിനൊപ്പം സ്വന്തം നാട്ടില്‍ ഒരു വീട് എന്ന സുരക്ഷിത ബോധവും വര്‍ധിച്ചിട്ടുണ്ട്.

വിനോദസഞ്ചാര മേഖലയിലെ വളര്‍ച്ച വഴി ലഭിക്കുന്ന വാടക വരുമാനവും നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്.

ദുബായിലെ പ്രോപ്പര്‍ട്ടികള്‍ വിപണനം ചെയ്തിരുന്ന ഏജന്റുമാര്‍ക്ക് പോലും ഇപ്പോള്‍ ഇന്ത്യയിലെ സെക്കന്‍ഡ് ഹോം പ്രോജക്റ്റുകളെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. വിദേശത്ത് സമ്പാദ്യം കെട്ടിപ്പടുത്ത ഒരു തലമുറ പ്രവാസികള്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയായാണ് ഇതിനെ നിരീക്ഷകര്‍ കാണുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com