Begin typing your search above and press return to search.
മലക്കംമറിഞ്ഞ് സൗദിയും റഷ്യയും: എണ്ണവില താഴേക്ക്
ലോക രാജ്യങ്ങളിലാകെ ആശങ്കവിതച്ച് ബാരലിന് 100 ഡോളറിനടുത്ത് കുതിച്ച ക്രൂഡോയില്‍ വില ഇന്ന് കീഴ്‌മേല്‍ മറിഞ്ഞു. ബാരലിന് കഴിഞ്ഞദിവസം 98 ഡോളര്‍ വരെത്തിയ ബ്രെന്റ് ക്രൂഡ് വില ഇന്ന് രാവിലെ വ്യാപാരത്തിലുള്ളത് 95.18 ഡോളറിലാണ്. 95 ഡോളറിനടുത്തായിരുന്ന ഡബ്‌ള്യു.ടി.ഐ ക്രൂഡ് വില 91.58 ഡോളറിലേക്കും താഴ്ന്നു.
നേരത്തേ പ്രതിദിനം 10 ലക്ഷം ബാരല്‍ വീതം ക്രൂഡോയില്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ സൗദി അറേബ്യ നടപടിയെടുത്തിരുന്നു. പ്രതിദിനം മൂന്ന് ലക്ഷം ബാരല്‍ വീതം വെട്ടിക്കുറയ്ക്കുമെന്നാണ് റഷ്യയും വ്യക്തമാക്കിയിരുന്നത്. ഇതാണ് കഴിഞ്ഞദിവസങ്ങളിലെ ക്രൂഡോയില്‍ വില വര്‍ദ്ധനയ്ക്ക് വഴിവച്ചത്.
ലോകത്ത് ഏറ്റവുമധികം ക്രൂഡോയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളാണ് സൗദിയും റഷ്യയും. അമേരിക്കയുടെ ക്രൂഡോയില്‍ ശേഖരം (Cushing, Oklahoma, Storage) ഏതാണ്ട് 40 ലക്ഷം ബാരലില്‍ നിന്ന് 22 ലക്ഷം ബാരലിലേക്ക് ഇടിഞ്ഞതും ക്രൂഡോയില്‍ വിലക്കയറ്റത്തിന് ആക്കംകൂട്ടി.
മലക്കംമറിച്ചില്‍
ക്രൂഡോയില്‍ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് ഒക്ടോബര്‍ നാലിന് യോഗം ചേരുന്നുണ്ട്. വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ച ക്രൂഡോയില്‍ ഉത്പാദനത്തിന്റെ തോത് സൗദി അറേബ്യയുടെ ദേശീയ എണ്ണ ഉത്പാദനക്കമ്പനിയായ സൗദി ആരാംകോ താഴ്ത്തിയേക്കുമെന്ന സൂചനകളുണ്ട്. റഷ്യയും സമാന തീരുമാനം യോഗത്തില്‍ പ്രഖ്യാപിച്ചേക്കുമെന്ന വിലയിരുത്തലുകളാണ് ക്രൂഡ് വില കുറയാന്‍ കാരണം.
ഡീസല്‍ കയറ്റുമതി നിരോധിച്ച തീരുമാനത്തില്‍ ഇളവ് വരുത്തിയ റഷ്യയുടെ തീരുമാനവും ക്രൂഡ് വില താഴാന്‍ വഴിയൊരുക്കിയിട്ടുണ്ട്. തുര്‍ക്കി, ബ്രസീല്‍, ടുണീഷ്യ, മൊറോക്കോ, സൗദി അറേബ്യ എന്നിവയാണ് റഷ്യന്‍ ഡീസലിന്റെ പ്രധാന ഉപയോക്താക്കള്‍.
ഏറ്റവും വലിയ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ചൈനയില്‍ ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നത് വൈകാതെ ക്രൂഡ് ഡിമാന്‍ഡ് ഉയരാന്‍ വഴിയൊരുക്കുമെന്ന വിലയിരുത്തലുകളും ഉത്പാദനം വെട്ടിക്കുറയ്ക്കുന്ന തീരുമാനത്തില്‍ ഇളവ് വരുത്താന്‍ ഒപെക് പ്ലസിനെ പ്രേരിപ്പിക്കുന്നുണ്ട്.
ഇന്ത്യയ്ക്ക് വലിയ ആശ്വാസം
ലോകത്തെ മൂന്നാമത്തെ ക്രൂഡോയില്‍ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഉപഭോഗത്തിനുള്ള ക്രൂഡോയിലിന്റെ 85-90 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
നിലവില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ഇന്ത്യ റഷ്യന്‍ എണ്ണയാണ് കൂടുതലും വാങ്ങുന്നത്. എന്നാല്‍, രാജ്യാന്തര ക്രൂഡോയില്‍ വില കൂടുന്നതിന് ആനുപാതികമായി ഇന്ത്യക്കുള്ള എണ്ണയുടെ വില റഷ്യയും അടുത്തിടെ കൂട്ടിയിരുന്നു. രാജ്യാന്തര വില കുറയുമ്പോള്‍ ആനുപാതികമായി റഷ്യന്‍ എണ്ണവിലയും താഴുമെന്നത് ഇന്ത്യക്ക് ആശ്വാസമാകും.
ആഗോളതലത്തില്‍ പണപ്പെരുപ്പം കൂടുന്നതിന്റെ മുഖ്യ കാരണം ക്രൂഡോയില്‍ വില വര്‍ദ്ധനയാണ്; പ്രത്യേകിച്ച് ഇന്ത്യയില്‍. പണപ്പെരുപ്പം കൂടിയാല്‍ അത് നിയന്ത്രിക്കാനായി റിസര്‍വ് ബാങ്ക് ഉള്‍പ്പെടെ കേന്ദ്ര ബാങ്കുകൾ അടിസ്ഥാന പലിശനിരക്ക് കൂട്ടും. ഫലത്തില്‍, ക്രൂഡോയില്‍ വില താഴുന്നത് ആഗോള സമ്പദ് വ്യവസ്ഥയ്ക്കാകെ ആശ്വാസമാകും.
Next Story
Videos