Begin typing your search above and press return to search.
ക്രൂഡോയില്‍ വിലകുറഞ്ഞിട്ടും മാറാതെ ഇന്ധനവില; എണ്ണക്കമ്പനികള്‍ക്ക് ലാഭക്കുതിപ്പ്
ക്രൂഡോയില്‍ വില കുത്തനെ കുറയുകയും എന്നാല്‍, ആനുപാതികമായി രാജ്യത്ത് ഇന്ധനവില കുറയ്ക്കാതിരിക്കുകയും ചെയ്തതോടെ പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ സ്വന്തമാക്കിയത് വന്‍ ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ ഏറ്റവും വലിയ എണ്ണവിതരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (Indian oil/IOC) രേഖപ്പെടുത്തിയത് 52 ശതമാനം കുതിപ്പോടെ 10,841.23 കോടി രൂപയുടെ ലാഭം. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 7,089.18 കോടി രൂപയായിരുന്നു.
കമ്പനിയുടെ വരുമാനം 2.09 ലക്ഷം കോടി രൂപയില്‍ നിന്ന് 10 ശതമാനം വര്‍ദ്ധിച്ച് 2.30 ലക്ഷം കോടി രൂപയായി. ഓരോ ബാരല്‍ ക്രൂഡോയിലും സംസ്‌കരിച്ച് മൂല്യവര്‍ദ്ധന നടപ്പാക്കുമ്പോള്‍ ലഭിച്ചിരുന്ന ലാഭം (ഗ്രോസ് റിഫൈനിംഗ് മാര്‍ജിന്‍/GRM) 11.25 ഡോളറില്‍ നിന്ന് 19.52 ഡോളറായതും മികച്ച ലാഭം നേടാന്‍ കമ്പനിക്ക് സഹായകമായി. നിക്ഷേപകര്‍ക്ക് ഓഹരിയൊന്നിന് മൂന്ന് രൂപ വീതം ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
159 ശതമാനം വളര്‍ച്ചയോടെ 6,477.74 കോടി രൂപയുടെ ലാഭമാണ് ബി.പി.സി.എല്‍ നേടിയത്. കഴിഞ്ഞവര്‍ഷത്തെ സമാനപാദ ലാഭം 2,501.08 കോടി രൂപയായിരുന്നു. വരുമാനം 1.23 ലക്ഷം കോടി രൂപയില്‍ നിന്ന് 8 ശതമാനം വര്‍ദ്ധിച്ച് 1.33 ലക്ഷം കോടി രൂപയായി. ഗ്രോസ് റിഫൈനിംഗ് മാര്‍ജിന്‍ (GRM) 9.66 ഡോളറില്‍ നിന്നുയര്‍ന്ന് 20.24 ഡോളറായി. മികച്ച പ്രവര്‍ത്തനഫലത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരിയൊന്നിന് 4 രൂപ വീതം ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.
3,608 കോടി രൂപയാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ കഴിഞ്ഞപാദ ലാഭം. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 2,018 കോടി രൂപയേക്കാള്‍ 79 ശതമാനം അധികമാണിത്. വരുമാനം 1.05 ലക്ഷം കോടി രൂപയില്‍ നിന്ന് 9 ശതമാനം ഉയര്‍ന്ന് 1.14 ലക്ഷം കോടി രൂപയായി. ഗ്രോസ് റിഫൈനിംഗ് മാര്‍ജിന്‍ (GRM) 7.19 ഡോളറില്‍ നിന്ന് 12.09 ഡോളറിലേക്കും മെച്ചപ്പെട്ടു.
കമ്പനികള്‍ക്ക് നേട്ടം, ജനങ്ങള്‍ക്ക് ദുരിതം
കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ക്രൂഡോയില്‍ വില ബാരലിന് 100 ഡോളറായിരുന്നത് ഇപ്പോള്‍ 75 ഡോളറാണ്. ഇന്ത്യയുടെ വാങ്ങല്‍വില (ഇന്ത്യന്‍ ബാസ്‌കറ്റ്) ശരാശരി 110 ഡോളറായിരുന്നതും 75 ഡോളറിലേക്ക് താഴ്ന്നു. പുറമേ, ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ ഇപ്പോള്‍ വലിയ ഡിസ്‌കൗണ്ടോടെ റഷ്യന്‍ എണ്ണയുമാണ് വാങ്ങിക്കൂട്ടുന്നത്.
ഇത് ഓരോ ബാരല്‍ ക്രൂഡോയിലും സംസ്‌കരിച്ച് പെട്രോളും ഡീസലും മറ്റുമാക്കി വിപണിയിലെത്തിക്കുമ്പോഴുള്ള ലാഭമായ ഗ്രോസ് റിഫൈനിംഗ് മാര്‍ജിന്‍/GRM) കൂടാന്‍ കമ്പനികളെ സഹായിച്ചു. അതോടെ, കമ്പനികളുടെ ലാഭവും കുതിച്ചുയര്‍ന്നു. ഒരുവര്‍ഷത്തോളമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിച്ചിട്ടില്ലെന്നതും കമ്പനികള്‍ക്ക് ഗുണം ചെയ്തു.
രാജ്യതലസ്ഥാനത്ത് പെട്രോളിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ് കഴിഞ്ഞവര്‍ഷം മെയ് മുതല്‍ വില. കേരളത്തില്‍ പെട്രോളിന് 109.73 രൂപയും ഡീസലിന് 98.53 രൂപയുമാണ് (തിരുവനന്തപുരം) വില. കേരളത്തില്‍ ലിറ്ററിന് ഇവയ്ക്ക് രണ്ടുരൂപ വീതം ഏപ്രിലില്‍ വര്‍ദ്ധിച്ചിരുന്നു. അത്, സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ സെസ് കൂട്ടിയതിനാലാണ്. ക്രൂഡോയില്‍ വില വന്‍തോതില്‍ കുറഞ്ഞിട്ടും ആനുപാതികമായി പെട്രോള്‍, ഡീസല്‍ വില കുറയാത്തത് ജനങ്ങള്‍ക്ക് ദുരിതമാകുമ്പോള്‍ എണ്ണക്കമ്പനികള്‍ കൊയ്യുന്നത് വന്‍ നേട്ടമാണെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യപാദങ്ങളിൽ ക്രൂഡോയിൽ വില ഉയർന്ന് നിൽക്കുകയും ആനുപാതികമായി ആഭ്യന്തര റീട്ടെയ്ൽ ഇന്ധനവില കൂട്ടാൻ കഴിയാതിരിക്കുകയും ചെയ്തതിനാൽ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഉത്പാദനച്ചെലവിൽ വലിയ ബാദ്ധ്യത നേരിട്ടിരുന്നു. രാഷ്ട്രീയ കാരണങ്ങളാൽ കേന്ദ്ര സർക്കാരിൽ നിന്ന് പരോക്ഷമായ സമ്മർദ്ദമുണ്ടായതിനാലാണ് ഇന്ധനവില പരിഷ്കരിക്കാൻ എണ്ണക്കമ്പനികൾക്ക് സാധിക്കാതിരുന്നത്.
പിന്നീട് ക്രൂഡോയിൽ വില താഴ്‌ന്നെങ്കിലും അതിന്റെ നേട്ടം ഇന്ധന വിലയിളവിലൂടെ ഉപഭോക്താക്കൾക്ക് നൽകാതിരിക്കാൻ കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാണിക്കുന്നതും മുൻപാദങ്ങളിൽ നേരിട്ട ഈ ബാദ്ധ്യതയാണ്.
ഓഹരി വിലയിലും മുന്നേറ്റം
ഒരുവർഷം മുമ്പ് 65.20 രൂപയായിരുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഓഹരിവില ഇന്ന് വ്യാപാരാന്ത്യമുള്ളത് 89.90 രൂപയിലാണ്. ഇക്കാലയളവിൽ ഇന്ത്യൻ ഓയിൽ ഓഹരികൾ നിക്ഷേപകർക്ക് നൽകിയ ആദായം (റിട്ടേൺ) 13.42ശതമാനം. ബി.പി.സി.എൽ ഓഹരികളാകട്ടെ 288.05 രൂപയിൽ നിന്ന് 10.39 ശതമാനം മുന്നേറി 374.90 രൂപയിലെത്തി. ഹിന്ദുസ്ഥാന് പെട്രോളിയം ഓഹരികളുടെ മുന്നേറ്റം 10.91 ശതമാനമാണ്. 200.05 രൂപയിൽ നിന്ന് ൨൬൯ രൂപയായാണ് കമ്പനിയുടെ ഓഹരികൾ മുന്നേറിയത്.
Next Story
Videos