ഓ.എന്‍.ഡി.സിയില്‍ കിഴിവ് ഇനിമുതല്‍ 100 രൂപ; ആനുകൂല്യ പദ്ധതി പുതുക്കി സര്‍ക്കാര്‍

ആനുകൂല്യ പദ്ധതി (Incentive Scheme) പുതുക്കി സര്‍ക്കാര്‍ പിന്തുണയുള്ള ഓപ്പണ്‍ ഇ-കൊമേഴ്സ് ശൃംഖലയായ ഓപ്പണ്‍ നെറ്റ്‌വർക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ONDC). പുതുക്കിയ പദ്ധതിയായ 'ഇന്‍സെന്റീവ് സ്‌കീം 2.0' പ്രകാരം ഒരു ഓര്‍ഡറിന് പരമാവധി കിഴിവ് 100 രൂപയായി പരിമിതപ്പെടുത്തി. മുമ്പ് ജനുവരി 30 ന് അവതരിപ്പിച്ച പദ്ധതിയില്‍ ഇത് 125 രൂപയായിരുന്നു. പുതുക്കിയ ആനുകൂല്യ പദ്ധതി ഇന്ന് (1 ജൂണ്‍ 2023) മുതല്‍ പ്രാബല്യത്തില്‍ വന്നു. ജൂണ്‍ 28 വരെയാണ് ഈ കിഴിവ് ലഭ്യമാകുക.

പണം കൈമാറ്റത്തിന് യു.പി.ഐ പോലെ ഇ-കൊമേഴ്‌സ് രംഗത്ത് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതാണ് ഒ.എന്‍.ഡി.സി. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്ന ചെറുകിട സംരംഭങ്ങള്‍ക്കും വന്‍കിട കമ്പനികള്‍ക്കൊപ്പം പരിഗണന ലഭിക്കും എന്നതാണ് പ്രത്യേകത.

കിഴിവിന് അര്‍ഹരായവര്‍

ഓ.എന്‍.ഡി.സിയിലൂടെ ഏറ്റവും കുറഞ്ഞത് 200 രൂപയുടെ ഭക്ഷണ-പാനീയ ഓര്‍ഡറുകള്‍ വാങ്ങുന്നവര്‍ ഈ കിഴിവിന് അര്‍ഹരാണ്. മറ്റെല്ലാ വിഭാഗങ്ങള്‍ക്കും പരിധി 300 രൂപയാണ്. ഗതാഗത ചെലവ് (ഷിപ്പിംഗ് ചാര്‍ജ്) ഉള്‍പ്പെടെയുള്ള തുകയാണ് കണക്കാക്കുന്നത്. ഒരാളുടെ പ്രതിമാസ ഇടപാടുകളിൽ പരമാവധി അഞ്ച് ഇടപാടുകള്‍ക്ക് ഈ ആനുകൂല്യ പദ്ധതിക്ക് അര്‍ഹതയുണ്ട്.

പ്രോത്സാഹനത്തിനായി

ഒറ്റ ദിവസം 100 ഓര്‍ഡറുകളില്‍ താഴെ മാത്രം ലഭിച്ച സമയത്താണ് ഓ.എന്‍.ഡി.സി ആദ്യമായി ഈ പദ്ധതി ആവിഷ്‌കരിച്ചത്. ഇതോടെ ഓര്‍ഡറുകളുടെ എണ്ണം പ്രതിദിനം 13,000 ആയി വര്‍ധിച്ചു. തുടര്‍ന്ന് പരിധി മാറ്റനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പ്രതിദിന ഓര്‍ഡറുകള്‍ ഈ മാസം ആദ്യം നേടിയ 25,000 എന്ന ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് 64 ശതമാനം കുറഞ്ഞ് 9,000 ആയി.


Related Articles
Next Story
Videos
Share it