ട്രംപിന്റെ 'വണ്‍ ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍', നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികള്‍ മടിക്കും, 1000 ത്തിന് 35 ഡോളര്‍ നഷ്ടം

യു.എസില്‍ ഏറ്റവുമധികമുള്ള പ്രവാസി സമൂഹത്തില്‍ മെക്‌സിക്കോയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ
Donald Trump and tax
Published on

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'വണ്‍ ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍' 2026 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തിലാകുമ്പോള്‍ ആശങ്കയിലായി പ്രവാസികള്‍.

മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തിന്റെ 3.5 ശതമാനം യു.എസ് നികുതിയായി നല്‍കണം. അഞ്ച് ശതമാനം നികുതിയാണ് ആദ്യം ശിപാര്‍ശ നല്‍കിയതെങ്കിലും പിന്നീട് അത് 3.5 ശതമാനമായി കുറയ്ക്കുകയായിരുന്നു.

ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ തിരിച്ചടി

യു.എ.ഇ കഴിഞ്ഞാല്‍ ഏറ്റവമധികം പ്രവാസി ഇന്ത്യക്കാരുള്ള രാജ്യങ്ങളിലൊന്നാണ് യു.എസ്. അതുകൊണ്ടുതന്നെ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നതും ഇന്ത്യന്‍ സമൂഹത്തിനാണ്. 2023ലെ കണക്കനുസരിച്ച് 29 ലക്ഷം ഇന്ത്യക്കാര്‍ യു.എയില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. യു.എസില്‍ ഏറ്റവുമധികമുള്ള പ്രവാസി സമൂഹത്തില്‍ മെക്‌സിക്കോയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുമാണ് ഇന്ത്യ.

റിസര്‍വ് ബാങ്കിന്റെ മാര്‍ച്ചിലെ റെമിറ്റന്‍സ് സര്‍വേ പ്രകാരം ഇന്ത്യയിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണമെത്തുന്നത് യു.എസില്‍ നിന്നാണ്. 27.7 ശതമാനമാണ് വിഹിതം. ഏകദേശം 32,000 കോടി ഡോളര്‍ (27.26 ലക്ഷം കോടി രൂപ) ആണ് 2023-24ല്‍ ഇന്ത്യയിലേക്ക് എത്തിയത്. രണ്ടാം സ്ഥാനത്തുള്ള യു.എ.ഇയുടെ വിഹിതം 19.2 ശതമാനമാണ്.

പണം വരവ് കുറയും

പുതിയ നികുതി നടപ്പാക്കുന്നതോടെ ഇന്ത്യയിലേക്കുള്ള പണമൊഴുക്കിനെ നിരുത്സാഹപ്പെടുത്തുകയും ഇന്ത്യയിലെ കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക പിന്തുണയെ തടസപ്പെടുത്തുകയും ചെയ്യുമെന്നാണ് നിരീക്ഷണങ്ങള്‍.

ബില്‍ പ്രാബല്യത്തിലായാല്‍ ഇന്ത്യയിലേക്ക് 1,000 ഡോളര്‍ അയക്കുമ്പോള്‍ 35 ഡോളര്‍ നികുതി പിടിക്കും. 965 ഡോളറാണ് നാട്ടിലുള്ളവര്‍ക്ക് ലഭിക്കുക. യു.എസില്‍ കൊടുക്കേണ്ട മറ്റ് നികുതികള്‍ക്ക് പുറമെയാണിത്. നിലവിലുള്ളതിന് പകരമല്ല.

ഇന്ത്യയില്‍ ആശ്രിതരുള്ളവരെയും തിരിച്ച് വന്ന് നാട്ടില്‍ സെറ്റില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരെയും വലിയ തോതില്‍ ഇത് ബാധിക്കും. നാട്ടില്‍ വീടു വാങ്ങാനും മറ്റും പദ്ധതിയിടുന്നര്‍ക്ക് 3.5 ശതമാനം തുക അധികമായി കണ്ടെത്തേണ്ടി വരും.

2025 ഡിസംബര്‍ 31 വരെ എന്തായാലും പ്രവാസികള്‍ സമയം ലഭിക്കും. അതിനു ശേഷമാണ് ഇത് പ്രാബല്യത്തിലാകുക. അടുത്ത ഒന്ന് രണ്ട് വര്‍ഷങ്ങളില്‍ കൂടുതല്‍ തുക കൈമാറണമെന്നുള്ളവര്‍ക്ക്‌ 2026നു മുമ്പ് തന്നെ ഈ തുക ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കേണ്ടി വരും.

എതിര്‍പ്പ് ശക്തം

യു.എസില്‍ നിന്നുള്ള പ്രവാസിപണത്തെ ആശ്രയച്ചു നില്‍ക്കുന്ന മെക്‌സിക്കോ, എല്‍ സാലവഡോര്‍, ഗ്വാട്ടിമല തുടങ്ങിയ രാജ്യങ്ങള്‍ ബില്ലിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. കുടിയേറ്റ വീസ ഉടമകളല്ലാത്തവരും (H-1B ഉള്‍പ്പെടെയുള്ള) ഗ്രീന്‍ കാര്‍ഡ് ഉടമകളും അടക്കമുള്ള യു.എസ് പൗരന്മാരല്ലാത്തവര്‍ നടത്തുന്ന എല്ലാ അന്താരാഷ്ട്ര പണകൈമാറ്റങ്ങള്‍ക്കും 3.5 ശതമാനം നികുതിയാണ് ചുമത്തുക. ഇളവിന് പരിധി നിശ്ചയിട്ടില്ലാത്തതിനാല്‍ ചെറിയ തുക അയച്ചാല്‍ പോലും ഈ നികുതി ബാധകമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com