Begin typing your search above and press return to search.
കയറ്റുമതി നിയന്ത്രണം നീക്കും; ഉയിര്‍ത്തെണീക്കാന്‍ സവാള വില
പ്രധാന ഉത്പാദക മേഖലകളിലെല്ലാം പച്ചക്കറി വില ഗണ്യമായി കുറഞ്ഞതിനാല്‍ സവാളയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന കയറ്റുമതി നിയന്ത്രണം നീക്കാനൊരുങ്ങി കേന്ദ്രം. സവാള വില അനിയന്ത്രിതമായി കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 8നാണ് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയത്. സവാള കയറ്റുമതിയില്‍ മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കൃഷിനാശവും മറ്റും മൂലം ഉത്പാദനം കുറഞ്ഞതോടെ ഡിസംബര്‍ ആദ്യ വാരം സവാള വില ഇരട്ടിയലധികം വര്‍ധിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില 20 ശതമാനത്തിലധികം കുറഞ്ഞു. ക്വിന്റലിന് 1,870 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 1,500 രൂപയിലെത്തി. കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതു മുതല്‍ മഹാരാഷ്ട്രയിലെ ലാസല്‍ഗാവ് മൊത്ത വ്യാപാര വിപണിയില്‍ 60 ശതമാനത്തോളം ഇടിവുണ്ടായി. പുതിയ ഖാരിഫ് വിളവെടുപ്പ് തുടങ്ങിയതോടെ വിപണിയിലേക്ക് പ്രതിദിനം 15,000 ക്വിന്റല്‍ സവാളയാണ് എത്തുന്നത്. റാബി വിളവിനെ അപേക്ഷിച്ച് ഇവ പെട്ടെന്ന് ചീത്തയാകുമെന്നതിനാല്‍ കാത്തിരിക്കാനാകില്ലെന്നും കയറ്റുമതി അനുവദിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.
ഇന്ത്യയെ സംബന്ധിച്ചും മറ്റു ലോകരാഷ്ട്രങ്ങളില്‍ പലതുമായും കയറ്റുമതി കരാര്‍ ഒപ്പുവച്ചിട്ടുള്ളതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് എതിര്‍പ്പിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കയറ്റുമതി നിരോധനം നീക്കിയേക്കുമെന്നാണ് കരുതുന്നത്.
Next Story
Videos