സെഞ്ച്വറി അടിച്ച സവാളയെ റണ്ണൗട്ടാക്കി കേന്ദ്രം; വില കൂപ്പുകുത്തി

വില കിലോയ്ക്ക് 80 മുതല്‍ 100 രൂപയ്ക്ക് മുകളില്‍ വരെ എത്തിയതിനെ തുടര്‍ന്ന് ഒരുമാസം മുമ്പ് അടുക്കളയിലും ഹോട്ടലിലും നിന്ന് പുറത്തായ സവാളയ്ക്ക് ഇപ്പോള്‍ ഫോം നഷ്ടപ്പെടുന്നു. ആഭ്യന്തര വിപണിയിലെ പൊള്ളുംവില നിയന്ത്രിക്കാനും പണപ്പെരുപ്പത്തിന് കടിഞ്ഞാണിടാനുമായി സവാളയുടെ കയറ്റുമതിക്ക് കേന്ദ്രം പൂട്ടിട്ടതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണം.

ആഭ്യന്തര വിപണിയില്‍ മൊത്ത വ്യാപാര വിലയില്‍ 50 ശതമാനം വരെ കുറവു വന്നു. ഡല്‍ഹിയില്‍ സവാള വില 80 രൂപയ്ക്ക് മുകളില്‍ എത്തിയപ്പോഴാണ് കേന്ദ്രം അടിയന്തര ഇടപെടല്‍ നടത്തിയത്. അടുത്ത മാര്‍ച്ച് വരെയാണ് സവാളയുടെ കയറ്റുമതി നിരോധനം.
ഡിസംബര്‍ 7ന് കയറ്റുമതി നിരോധനം നടപ്പാക്കുമ്പോൾ 39-40 രൂപയായിരുന്ന വില ഇപ്പോള്‍ 20-21 രൂപയായി കുറഞ്ഞു. ഖാരിഫ് സീസണിലെ വിളവെടുപ്പ് തുടങ്ങിയതിനാല്‍ വില സ്ഥിരത തുടരാനോ താഴേക്ക് പോകാനോ ആണ് സാധ്യതയെന്നാണ് വ്യാപാരികള്‍ പറയുന്നത്.
നിയന്ത്രണം നീക്കണമെന്ന് കര്‍ഷകര്‍
വിലയിടിവ് ഒഴിവാക്കാന്‍ കയറ്റുമതി നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളയണമെന്ന് ആവശ്യവുമായി കര്‍ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഖാരിഫ് സീസണില്‍ കൂടുതലായി വിളവെടുക്കുന്ന ചുവന്ന സവാളയ്ക്ക് ഡിസംബര്‍ ആറിന് കിലോയ്ക്ക് 39.50 രൂപയായിരുന്ന വില ഇപ്പോള്‍ 21-25 രൂപയായി കുറഞ്ഞിട്ടുണ്ട്. ഡിസംബര്‍ 19 വരെയുള്ള കണക്കനുസരിച്ച് ഈ മാസം 3.66 ലക്ഷം ടണ്‍ ചുവന്ന സാവാളയാണ് മൊത്ത വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 2022 ഡിസംബറില്‍ ഇത് 3.69 ലക്ഷം ടണ്ണായിരുന്നു.
ഇനിയും ദിവസങ്ങള്‍ ശേഷിക്കെ കുടുതല്‍ സവാള വിപണിയില്‍ എത്തിയേക്കും. ലഭ്യത കൂടുന്നതോടെ വിലയിനിയും കുറഞ്ഞാല്‍ പ്രതിസന്ധിയിലാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. നിലിവല്‍ ആവശ്യം ശക്തമായതിനാല്‍ ഉടന്‍ വിലയിടിവുണ്ടാകില്ലെങ്കിലും ക്രമേണ ഇത് കര്‍കരെ ബാധിക്കാനിടയുണ്ട്. ഈ സാഹചര്യത്തില്‍ ഭാഗികമായെങ്കിലും നിയന്ത്രണം നീക്കണമെന്നാണ് ആവശ്യം.
നിരോധനത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ കര്‍ഷകരും കച്ചവടക്കാരും സമരത്തിലേക്ക് നീങ്ങിയിരുന്നു. കയറ്റുമതി നിരോധനം ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണെങ്കിലും കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില കിട്ടാത്ത സാഹചര്യത്തിലേക്ക് നയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമരം. പിന്നീട് കേന്ദ്രം പ്രശ്നത്തിലിടപെട്ട് സമരം ഒത്തു തീര്‍പ്പാക്കുകയായിരുന്നു.
വില വര്‍ധിച്ചതിനെ തുടര്‍ന്ന് കയറ്റമുതി ചെയ്യുന്ന സവാളയ്ക്ക് 40 ശതമാനം നികുതിയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പുറമേയാണ് കയറ്റുമതി നിരോധനം.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it