കയറ്റുമതി നിരോധിച്ച് ഇന്ത്യ; ഉള്ളിക്ക് യു.എ.ഇയില്‍ 'പൊന്നും' വില

ഉള്ളി കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയതോടെ യു.എ.ഇയില്‍ വില കുതിച്ചുകയറുന്നു. ഈ മാസം ആദ്യമാണ് ഇന്ത്യ ഉള്ളി കയറ്റുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. 2024 മാര്‍ച്ച് വരെയാണ് വിലക്ക്. മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാരുള്ള യു.എ.ഇയില്‍ ഇതോടെ വില കത്തിക്കയറുകയായിരുന്നു. വിലക്ക് വന്നശേഷം ഇതുവരെ ആറിരട്ടിയോളമായാണ് വില കൂടിയത്. നിലവില്‍ കിലോയ്ക്ക് 8 മുതല്‍ 12 ദിര്‍ഹം വരെയാണ് വില. അതായത്, 181 രൂപ മുതല്‍ 270 രൂപവരെ. അതേസമയം ലുലു പോലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വില അത്ര കൂടിയിട്ടില്ല.

ആഴ്ചയില്‍ എട്ടു കണ്ടെയ്നര്‍ വരെ ഉള്ളി ഇന്ത്യയില്‍ നിന്ന് യു.എ.യിലേക്ക് കയറ്റുമതി ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ആഭ്യന്തര വിപണിയിലെ ക്ഷാമവും വിലക്കയറ്റവും തടയിടാനാണ് ഇന്ത്യ കയറ്റുമതി നിരോധിച്ചത്. അടുത്ത വര്‍ഷം മാര്‍ച്ച് വരെയാണ് നിരോധനം. മുമ്പ് യു.എയില്‍ വില്‍പനയ്‌ക്കെത്തിച്ച ശേഖരത്തില്‍ നിന്നാണ് നിലവില്‍ വിതരണം നടത്തുന്നത്.

ഇന്ത്യ കൂടാതെ തുര്‍ക്കി, പാക്കിസ്ഥാന്‍, ഇറാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും യു.എ.ഇ വിപണിയിലേയ്ക്ക് ഉള്ളി എത്തുന്നുണ്ട്. ഉള്ളിവില ആറിരട്ടി കുതിച്ചുയര്‍ന്നതിനാല്‍ പ്രതിസന്ധി മറികടക്കാന്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഉള്ളി ഇറക്കുമതി ചെയ്യാനാണ് യു.എ.ഇ ശ്രമിക്കുന്നത്. എന്നാല്‍ അളവ്, ഗുണമേന്മ തുടങ്ങിയവയുടെ കാര്യത്തില്‍ തുര്‍ക്കി, ഇറാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉള്ളികളേക്കാള്‍ മികച്ചത് ഇന്ത്യന്‍ ഉള്ളിയാണ്. കൂടുതല്‍ ഡിമാന്‍ഡും ഇന്ത്യന്‍ ഉള്ളിക്കാണ്.

Related Articles
Next Story
Videos
Share it