ചെറുകിട സംരംഭകര്‍ക്ക് ആശ്വാസം; ജിഎസ്ടി റിട്ടണ്‍- 3ബി 12 ന് പകരം നാല് മതി
ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് പ്രയോജനമാകുന്ന വിധത്തില്‍ ചരക്കു സേവന നികുതിയുടെ ഭാരം കുറച്ച് പുതിയ തീരുമാനം. അഞ്ച് കോടി രൂപ വിറ്റുവരവ് വരെയുള്ള സംരംഭങ്ങള്‍ക്ക് ജിഎസ്ടിആര്‍- 3ബി ഇനി എല്ലാ മാസവും ഫയല്‍ ചെയ്യേണ്ട, പകരം നാല് പ്രാവശ്യമായി ഫയല്‍ ചെയ്യാനുള്ള തീരുമാനം പ്രാബല്യത്തിലായി. 9.4 ദശലക്ഷം സംരംഭങ്ങള്‍ക്ക് പ്രയോജനകരമാകുന്നതാണ് പുതിയ തീരുമാനം. ഇതനുസരിച്ച് ഒരു ശരാശരി നികുതി ദാതാവിന് വാര്‍ഷിക അടിസ്ഥാനത്തില്‍ 60,000-80,000 രൂപ വരെ ലാഭിക്കാനാകുമെന്നാണ് കരുതുന്നത്.
ക്വാര്‍ട്ടര്‍ലി ഫയലിംഗ് ഓഫ് റിട്ടേണ്‍ വിത്ത് മന്ത്‌ലി പേയ്‌മെന്റ് അഥവാ ക്യുആര്‍എംപി സ്‌കീം 92 ശതമാനം ജിഎസ്ടി നികുതി ദായകര്‍ക്ക് പ്രയോജനകരമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ നാല് ജിഎസ്ടി - 3ബി, നാല് ജിഎസ്ടി - 1 എന്നീ അടവുകള്‍ ചേര്‍ത്ത് ഒരു ചെറുകിട സംരംഭകന് 16 എന്നതിനു പകരം ആകെ എട്ട് ജിഎസ്ടി റിട്ടേണുകള്‍ അടച്ചാല്‍ മതിയാകുമെന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
റിട്ടേണ്‍ ഫയലിംഗിനായുള്ള പ്രൊഫഷണല്‍ എക്‌സ്പന്‍സുകളും ഇതോടെ ഗണ്യമായി കുറയുമെന്നും നേരത്തെ ഉണ്ടായിരുന്ന നികുതി അടവിന്റെ ഭാരം പകുതിയോളം തന്നെ കുറഞ്ഞതായും കണക്കാക്കാമെന്നും ഇവര്‍ വ്യക്തമാക്കുന്നു. ജിഎസ്ടി കോമണ്‍ പോര്‍ട്ടിലില്‍ ഈ സ്‌കീം ലഭ്യമാക്കിയിട്ടുണ്ട്. 'ഓപ്റ്റ് ഇന്‍' 'ഓപ്റ്റ് ഔട്ട്' എന്നിവ വീണ്ടും ഉപയോഗിക്കാനുള്ള സൗകര്യവും പോര്‍ട്ടലില്‍ ലഭ്യമാണ്.
ജിഎസ്ടി തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ അഴിച്ചുപണി നടക്കുകയാണ്. ചെറുകിട സംരംഭകര്‍ക്ക് നികുതി ഭാരം കുറയ്ക്കുന്നതോടൊപ്പം നികുതി അടവുകള്‍ സുതാര്യമാക്കുകയുമാണ് ലക്ഷ്യം. ജിഎസ്ടി നികുതി വെട്ടിപ്പിലൂടെ രാജ്യത്ത് നഷ്ടപ്പെടുന്നത് ആയിരക്കണക്കിന് കോടി രൂപയാണ്. ചരക്കു സേവന നികുതി നടപ്പാക്കി മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ജിഎസ്ടി സംവിധാനം സുഗമമാക്കാന്‍ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല എന്ന ആരോപണങ്ങള്‍ക്ക് ഇത്തരം തീരുമാനങ്ങള്‍ പരിഹാരമാകുമെന്നാണ് കരുതുന്നത്.