പ്രഖ്യാപനത്തിലെ വേ​ഗത നിർമാണത്തിലില്ല! വൻകിട ഇൻഫ്രാ പദ്ധതികളിൽ ₹4.92 ലക്ഷം കോടിയുടെ അധികച്ചെലവ്

പൈമാന റിപ്പോർട്ട് വെളിപ്പെടുത്തുന്ന കണക്കുകൾ പ്രകാരം 1,847 വൻകിട ഇൻഫ്രാ പദ്ധതികളുടെ ചെലവിൽ 4.92 ലക്ഷം കോടി രൂപയുടെ വർധന; ഗതാഗത, ഊർജ്ജ മേഖലകളിലെ മെഗാ പ്രൊജക്ടുകളിൽ കേന്ദ്ര സർക്കാരിന് പുതിയ സാമ്പത്തിക വെല്ലുവിളി
Big Budget Infrastructure Cost Escalation
പ്രതീകാത്മക ചിത്രം, ഇൻസൈറ്റിൽ പ്രധാനമന്ത്രി മോദിAI Image
Published on

രാജ്യത്ത് നിർമാണത്തിലിരിക്കുന്ന വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ മൂന്നിലൊന്നും പൂർത്തീകരണത്തിലേക്ക് കടക്കുമ്പോൾ, ചെലവ് അധികരിക്കുന്ന (Cost Overrun) പ്രവണതയേറുന്നത് കേന്ദ്ര സർക്കാരിന് വൻ തലവേദനയാകുന്നു. 2026 ജൂൺ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിൽ, വൻകിട പദ്ധതികളുടെ ആകെ ചെലവിൽ 4.92 ലക്ഷം കോടി രൂപയുടെ വർധന രേഖപ്പെടുത്തി. കേന്ദ്ര സ്റ്റാറ്റി​സ്റ്റിക്സ് & പ്രോ​ഗ്രാം ഇംപ്ലിമേന്റേഷൻ മന്ത്രാലയം (MoSPI) എല്ലാ മാസവും പുറത്തിറക്കുന്ന ഔദ്യോഗിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

പൈമാന റിപ്പോർട്ട്: പ്രധാന വിവരങ്ങൾ

കേന്ദ്ര സർക്കാരിന് കീഴിലുള്ള പൈമാന (PAIMANA — Project Assessment, Infrastructure Monitoring and Analytics for Nation-Building) പോർട്ടൽ വഴി 150 കോടി രൂപയ്ക്ക് മുകളിൽ മൂല്യമുള്ള 1,847 അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് നിലവിൽ നിരീക്ഷിക്കുന്നത്. ഈ പദ്ധതികളുടെ തുടക്കത്തിൽ പ്രതീക്ഷിച്ചിരുന്ന ആകെ ചെലവ് 35.62 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ ഇപ്പോഴിത് 40.54 ലക്ഷം കോടി രൂപയായി ഉയർന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതായത് പദ്ധതികൾക്ക് ആദ്യം കണക്കാക്കിയ ചെലവിൽ നിന്നും ഏകദേശം 14 ശതമാനം വർധനയുണ്ടായെന്ന് സാരം.

അതേസമയം അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി ഇതിനകം 21.97 ലക്ഷം കോടി രൂപ ചെലവഴിച്ചു. പുതുക്കിയ മൊത്തം ബജറ്റിന്റെ 54 ശതമാനം. ആകെ പദ്ധതികളിൽ 709 എണ്ണം (39%) നിർമ്മാണത്തിന്റെ 80 ശതമാനത്തിലധികം പൂർത്തിയാക്കിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്.

റോഡുകളും റെയിൽവേയും മുന്നിൽ

രാജ്യത്ത് നിർമാണം പുരോ​ഗമിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ സിംഹഭാഗവും ഗതാഗത മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. റോഡുകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയുൾപ്പെടുന്ന ഗതാഗത മേഖലയിൽ (Transport & Logistics) നിന്നുള്ള 1,341 പദ്ധതികൾക്കായി 22.32 ലക്ഷം കോടി രൂപ മാറ്റിവെച്ചിരിക്കുന്നു (ആകെ ബജറ്റിന്റെ 55%).

വൈദ്യുത ഉൽപ്പാദനം, എണ്ണ, ഗ്യാസ്, വിതരണം എന്നിവയുമായി ബന്ധപ്പെട്ട ഊർജ്ജ മേഖലയിൽ (Energy) നിന്നുളള 207 പദ്ധതികൾക്കായി 10.38 ലക്ഷം കോടി രൂപ നീക്കിവെച്ചിരിക്കുന്നു (മൊത്തം ബജറ്റിന്റെ 26%). കമ്മ്യൂണിക്കേഷൻ (15 പദ്ധതികൾ — 2.64 ലക്ഷം കോടി രൂപ), ജലവിഭവ ശുചിത്വം (56 പദ്ധതികൾ — 2.08 ലക്ഷം കോടി രൂപ) എന്നിവയാണ് ബാക്കി മേഖലകൾ.

മന്ത്രാലയങ്ങളുടെ പങ്കാളിത്തം

ഏറ്റവും കൂടുതൽ പദ്ധതികൾ കൈകാര്യം ചെയ്യുന്നത് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയമാണ് — 9.89 ലക്ഷം കോടി രൂപയുടെ 1,022 പദ്ധതികൾ. തൊട്ടുപിന്നാലെയുള്ള റെയിൽവേ മന്ത്രാലയത്തിന് കീഴിൽ 8.69 ലക്ഷം കോടി രൂപയുടെ 255 പദ്ധതികളും കൽക്കരി മന്ത്രാലയത്തിന് കീഴിലായി 2.22 ലക്ഷം കോടി രൂപയുടെ 121 പദ്ധതികളുടെ നിർമാണവും നടക്കുന്നു.

പൈമാന പോർട്ടൽ വഴി ആകെ നിരീക്ഷിക്കുന്ന 1,847 പദ്ധതികളിൽ 769 എണ്ണവും മെഗാ പ്രൊജക്ടുകളാണ് (1,000 കോടി രൂപയ്ക്ക് മുകളിൽ ചെലവ് വരുന്നവ). തടസ്സങ്ങൾ കാലേകൂട്ടി കണ്ടെത്തി പരിഹരിക്കുന്നതിനായി 17 കേന്ദ്ര മന്ത്രാലയങ്ങളുടെ ഏകോപനത്തോടെയാണ് പൈമാന വഴി അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പുരോ​ഗതി വിലയിരുത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com