പ്രളയം; ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി പരിഗണിക്കും, പാകിസ്ഥാന് ഐഎംഎഫ് സഹായം

ഇന്ത്യയുമായി വ്യാപര ബന്ധം പുനസ്ഥാപിക്കാന്‍ ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ ഭരണകൂടം ശ്രമം നടത്തിയേക്കും. അവശ്യ സാധനങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാര്യം പരിഗണിക്കാവുന്നതാണെന്ന് പാക് ധനകാര്യ മന്ത്രി മിഫ്ത ഇസ്മയില്‍ പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് രാജ്യത്തിന്റെ മൂന്നില്‍ ഒരുഭാഗവും വെള്ളത്തിനയിടിലാണ്.

1,100ല്‍ അധികം പേര്‍ക്കാണ് പ്രളയത്തില്‍ ജീവന്‍ നഷ്ടമായത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിതരണ ശൃംഖകളിലെ തടസവും കൃഷി നാശവും മൂലം രാജ്യത്ത് പച്ചക്കറി ഉള്‍പ്പടെയുള്ള അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി പരിഗണിക്കുന്നത്. കഴിഞ്ഞ മാസം രാജ്യത്തെ ഭക്ഷ്യ പണപ്പെരുപ്പം 24.93 ശതമാനത്തില്‍ എത്തിയിരുന്നു.

പുല്‍വാമ ആക്രമണത്തിന് ശേഷം പാകിസ്ഥാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ 200 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു. 2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചതാണ്. പിന്നീട് കോവിഡിന്റെ സമയത്ത് ഇന്ത്യയില്‍ നിന്ന് മരുന്നും മറ്റും ഇറക്കുമതി ചെയ്യാന്‍ പാകിസ്ഥാന്‍ തുടങ്ങിയിരുന്നു.


പ്രളയക്കെടുതി കൈകാര്യം ചെയ്യുന്നതിന്, അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പാകിസ്ഥാന് 1.17 ബില്യണ്‍ ഡോളര്‍ അനുവദിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ 2019ല്‍ അനുവദിച്ച വായ്പയിലെ തടഞ്ഞുവെച്ച ഘടുവാണ് ഇപ്പോള്‍ ഐംഎഫ് കൈമാറിയത്. 1 ബില്യണ്‍ ഡോളര്‍ കൂടി അനുവദിക്കുമെന്നും ഐഎംഎഫ് അറിയിച്ചിട്ടുണ്ട്. 7 ബില്യണ്‍ ഡോളറിന്റെ സഹായമാണ് പാകിസ്ഥാന് ഐഎംഎഫ് നല്‍കുന്നത്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് 10 ബില്യണ്‍ ഡോളറോളം ചെലവ് വരുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it