പാചക വാതകം ലാഭിക്കണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ

പാചക വാതക വിലയും കുത്തനെ ഉയരുകയാണ്, കഴിഞ്ഞദിവസം 50 രൂപ കൂടി വര്‍ധിപ്പിച്ചതോടെ 1000ന് മുകളിലാണ് ഇപ്പോള്‍ സംസ്ഥാനത്തെ പാചക വാതക വില. ഈ സാഹചര്യത്തില്‍ വീടുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ എങ്ങനെയൊക്കെ പാചക വാതകം ലാഭിക്കാമെന്നാണ് ഏവരും നോക്കുന്നത്. ചില കാര്യങ്ങള്‍ ഇതാ.

1) പാചക വാതകം ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുമ്പോള്‍ മണ്‍പാത്രങ്ങള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്. മറിച്ച് സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ വേഗത്തില്‍ പാകം ചെയ്യാവുന്നതാണ്. അതുവഴി കൂടുതല്‍ നേരം പാചക വാതകം ഉപയോഗിക്കുന്നതും കുറയ്ക്കാനാകും.
2) ഉയരം കുറഞ്ഞ പാത്രങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ പെട്ടെന്ന് തന്നെ പാത്രം ചൂടാവുകയും ഇതുവഴി വേഗത്തില്‍ പാകം ചെയ്യാവുന്നതുമാണ്. കുറച്ച് ഭക്ഷണം പാകം ചെയ്യുന്നതിന് വലിയതും ഉയരം കൂടിയതുമായ പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ സമയം തീ ആവശ്യമായി വരും.
3) പാചകം ചെയ്യുമ്പോള്‍ പരമാവധി പ്രഷര്‍ കുക്കറുകള്‍ ഉപയോഗിക്കുക. പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് തയ്യാറാക്കാന്‍ സാധിക്കുന്നവയാണെങ്കില്‍ പാചക വാതകം ലാഭിക്കുന്നതിന് മറ്റ് പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക. കൂടാതെ, പാചകം ചെയ്യുമ്പോള്‍ പാത്രങ്ങളുടെ മൂടി അനാവശ്യമായി അടയ്ക്കാതിരിക്കുന്നതും പാചകത്തിന്റെ സമയം കൂട്ടും.
4) ഫ്രിഡ്ജില്‍നിന്ന് എടുത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉടനെ ചൂടാക്കാതിരിക്കുക. പാചകം ചെയ്യുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് തന്നെ ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍നിന്ന് എടുത്ത് പുറത്തുവയ്‌ക്കേണ്ടതാണ്. ഉദാഹരണത്തിന് മത്സ്യം, ഇറച്ചി എന്നി ഫ്രിഡ്ജില്‍നിന്ന് എടുത്ത ഉടനെ പാചകം ചെയ്യാതിരിക്കുക.
5) ഗ്യാസ് സ്റ്റൗ കത്തിക്കുന്നതിന് മുമ്പ് തന്നെ പാചകത്തിന് ആവശ്യമായ സാധനങ്ങള്‍ എടുത്തുവയ്‌ക്കേണ്ടതാണ്. സ്റ്റൗ കത്തിച്ചതിന് ശേഷം സാധനങ്ങളും മറ്റും എടുത്തുവയ്ക്കുമ്പോള്‍ അതിനു കൂടുതല്‍ സമയം ചെലവാകുകയും ഇതുവഴി പാചക വാതകത്തിന്റെ ഉപയോഗം കൂടുകയും ചെയ്യുന്നു. അതിനാല്‍ തന്നെ പാചകത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും എടുത്ത് തയ്യാറാക്കിവെച്ചതിന് ശേഷം മാത്രം ഗ്യാസ് സ്റ്റൗ കത്തിക്കുക.



Related Articles
Next Story
Videos
Share it