പേയ്ടിഎം ബാങ്ക് സേവനങ്ങള്‍: ഉപയോക്താക്കള്‍ അറിയണം ഇക്കാര്യങ്ങള്‍

ചുരുങ്ങിയകാലം കൊണ്ടായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സേവന സ്ഥാപനങ്ങളിലൊന്നായി പേയ്ടിഎമ്മിന്റെ വളര്‍ച്ച
Image courtesy: paytm/ rbi
Image courtesy: paytm/ rbi
Published on

ഇന്ത്യയിലെ ഫിന്‍ടെക് മേഖല കഴിഞ്ഞ ദശകത്തില്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. വര്‍ധിച്ചുവരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഇന്റര്‍നെറ്റ് ഉപയോഗം, സര്‍ക്കാര്‍ പിന്തുണ, പരമ്പരാഗത ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ഒരു വലിയ ജനസംഖ്യ തുടങ്ങിയ ഘടകങ്ങള്‍ ഈ മേഖലയുടെ വളര്‍ച്ചയെ എളുപ്പമാക്കി. ലോകത്തിലെ മുന്‍നിര ഫിന്‍ടെക് മാര്‍ക്കറ്റുകളില്‍ ഒന്നായി ഇന്ത്യ ഇന്നു മാറിയിട്ടുണ്ട്.

പേയ്‌മെന്റ്‌സ് ബാങ്ക്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) അവതരിപ്പിച്ച ഒരു ആധുനിക ബാങ്കിംഗ് മാതൃകയാണ് പേയ്‌മെന്റ് ബാങ്കുകള്‍. ഈ ബാങ്കുകള്‍ക്ക് പരിമിതമായ നിക്ഷേപം സ്വീകരിക്കാന്‍ മാത്രമേ കഴിയൂ. അത് നിലവില്‍ ഒരു ഉപഭോക്താവിന് 2 ലക്ഷം രൂപ വരെയാണ്. എന്നിരുന്നാലും, ഈ ബാങ്കുകള്‍ക്ക് ലോണുകളോ ക്രെഡിറ്റ് കാര്‍ഡുകളോ നല്‍കാന്‍ അധികാരമില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്.

കറന്റ് അക്കൗണ്ടുകളും സേവിംഗ്‌സ് അക്കൗണ്ടുകളും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സൗകര്യം പ്രദാനം ചെയ്യുക, കൂടാതെ എ.ടി.എം കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് തുടങ്ങിയ നിരവധി സേവനങ്ങളും ഇവ വാഗ്ദാനം ചെയ്യുന്നുണ്ട്. 2015ല്‍ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലേക്കും ഡിജിറ്റല്‍ പേയ്‌മെന്റ് സേവനങ്ങള്‍ വിപുലീകരിക്കുന്നതിനുമായി പേയ്‌മെന്റ് ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് ആര്‍.ബി.ഐ 11 സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കി. ആദിത്യ ബിര്‍ള ഗ്രൂപ്പ്, ഭാരതി എയര്‍ടെല്‍, എംകൊമേഴ്‌സ് സര്‍വീസ്, ചോളമണ്ഡലം ഡിസ്ട്രിബ്യൂഷന്‍ സര്‍വീസ്, ഇന്ത്യന്‍ പോസ്റ്റ്, പേയ്ടിഎം, ടെക് മഹീന്ദ്ര, വോഡഫോണ്‍ എന്നിവയ്ക്ക് പേയ്‌മെന്റ് ബാങ്കുകളായി പ്രവര്‍ത്തനം ആരംഭിക്കാനുള്ള പ്രത്യേകാവകാശം അനുവദിച്ചിട്ടുണ്ട്.

പേയ്ടിഎം

2010 ഓഗസ്റ്റില്‍ വിജയ് ശേഖര്‍ ശര്‍മ്മ സ്ഥാപിച്ച ആഗോള ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കമ്പനിയാണ് പേയ്ടിഎം (പേ ത്രൂ മൊബൈല്‍), തുടക്കത്തില്‍ വാലറ്റ് സേവനങ്ങള്‍, ബസ് ടിക്കറ്റ് ബുക്കിംഗ്, ബില്‍ പേയ്‌മെന്റ് സിനിമാ ടിക്കറ്റുകള്‍, ട്രെയിന്‍, എയര്‍ ടിക്കറ്റിംഗ് സൗകര്യങ്ങള്‍ എന്നിവയില്‍ പേയ്ടിഎം ശ്രദ്ധ കേന്ദ്രീകരിച്ചു. വെറും 10 മാസത്തിനുള്ളില്‍ പേയ്ടിഎം 15 ദശലക്ഷം വാലറ്റുകള്‍ സൃഷ്ടിച്ചു. 2016ല്‍ നോട്ട് അസാധുവാക്കിയത് പേയ്ടിഎമ്മിന് വളരെയധികം ഗുണം ചെയ്തു.

ഇടപാടുകളില്‍ 700 ശതമാനം വര്‍ധനയുണ്ടായി. പേയ്ടിഎമ്മിന് ഇപ്പോള്‍ 400 ദശലക്ഷം ഉപഭോക്താക്കളുണ്ട്, കൂടാതെ പ്രതിദിനം 25 ദശലക്ഷം ഇടപാടുകള്‍ പേയ്ടിഎമ്മിലൂടെ നടക്കുന്നു. പേയ്ടിഎം തുടങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ 10 ബില്യണ്‍ ഡോളറിന്റെ മൂല്യത്തിലെത്തിയ ഈ കമ്പനിക്ക് 300 ദശലക്ഷം ഇന്ത്യക്കാരുടെ ഉപഭോക്ത്യ അടിത്തറയാണിന്നുള്ളത്. കൂടാതെ, വിജയ് ശേഖര്‍ ശര്‍മ തന്റെ ഇ-കൊമേഴ്‌സ് സംരംഭങ്ങളുടെ ഭാഗമായി പേയ്ടിഎം മാളും പേയ്ടിഎം പേയ്‌മെന്റ് ബാങ്കും ആരംഭിച്ചു.

പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്ക്

2017 നവംബര്‍ 28ന് ഇന്ത്യന്‍ കമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ആരംഭിച്ച ബാങ്കാണ് പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് (പി.പി.ബി.എല്‍). ഇതായിരുന്നു ഇന്ത്യയില്‍ ആദ്യമായി ആരംഭിക്കപ്പെട്ട പേയ്‌മെന്റ്‌സ് ബാങ്ക്. സേവിംഗ് അക്കൗണ്ടുകള്‍, ഡിപ്പോസിറ്റുകള്‍, ട്രാന്‍സ്ഫറുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ എന്നിവ അടക്കമുള്ള അടിസ്ഥാന ബാങ്കിംഗ് സേവനങ്ങള്‍ പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്ക് പ്രദാനം ചെയ്യുന്നു. ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്തവരും പരിമിത സേവനം മാത്രം ലഭിക്കുന്നവരുമായ കോടിക്കണക്കിന് ആളുകളിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

300 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ചുരുങ്ങിയ കാലയളവില്‍ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നായി മാറി. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചുള്ള ഇതിന്റെ സവിശേഷ ബാങ്കിംഗ് മോഡല്‍ രാജ്യത്തെ സാമ്പത്തിക ഇടപെടലിനെ ഊര്‍ജ്ജസ്വലമാക്കാന്‍ സഹായിച്ചിട്ടുണ്ട്. പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ 49 ശതമാനം ഓഹരി പേയ്ടിഎം എന്നറിയപ്പെടുന്ന വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന് ഉള്ളതാണ്. ബാക്കി 51 ശതമാനം പേയ്ടിഎം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനുമായ വിജയ് ശേഖര്‍ ശര്‍മയുടെ ഉടമസ്ഥതയിലാണ്.

ആര്‍.ബി.ഐ നിയന്ത്രണങ്ങള്‍

2016ലെ നോട്ട് അസാധുവാക്കലിന് ശേഷം വിജയകരമായി പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ബാങ്കിനെ അതിന്റെ ആദ്യത്തെ നിയന്ത്രണം നേരിടേണ്ടി വന്നു. ലൈസന്‍സിംഗ് മുന്‍വ്യവസ്ഥകളുടെ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി, പുതിയ അക്കൗണ്ടുകള്‍ സ്ഥാപിക്കുന്നതിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായി. മതിയായ റിസര്‍വ് ബാങ്ക് ഡേ എന്‍ഡ് ബാലന്‍സുകള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ബാങ്കിന്റെ കഴിവില്ലായ്മയും നോ യുവര്‍ കസ്റ്റമര്‍ (കെ.വൈ.സി) നിയന്ത്രണങ്ങള്‍ പാലിക്കുന്നതിലുള്ള പരാജയവുമാണ് ഈ നിയന്ത്രണങ്ങളിലേക്ക് നയിച്ചത്. എന്നിരുന്നാലും ബാങ്ക് സമര്‍പ്പിച്ച അപേക്ഷയുടെയും സത്യവാങ്മൂലത്തിന്റെയും അടിസ്ഥാനത്തില്‍ 2018 ഡിസംബറില്‍ ഈ വിലക്ക് പിന്‍വലിച്ചു.

2021 ഒക്ടോബറില്‍ പി.പി.ബി.എല്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് ആര്‍ബിഐ കണ്ടെത്തിയതോടെ രണ്ടാമത്തെ തിരിച്ചടി സംഭവിച്ചു. അതിന്റെ ഫലമായി ഒരു കോടി രൂപ പിഴ ചുമത്തി. ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് ഓതറൈസേഷന്‍ (സി.ഒ.എ) നല്‍കുന്നതിനുള്ള പി.പി.ബി.എല്ലിന്റെ അപേക്ഷ പരിശോധിച്ച ശേഷം അവര്‍ നല്‍കിയ വിവരങ്ങള്‍ യഥാര്‍ത്ഥ സാഹചര്യത്തെ ക്യത്യമായി പ്രതിഫലിപ്പിക്കുന്നില്ലെന്ന് ഒക്ടോബര്‍ 20ലെ വിജ്ഞാപനത്തില്‍ ആര്‍.ബി.ഐ പരാമര്‍ശിച്ചിരുന്നു.

ബാങ്കിന്റെ സാങ്കേതികവിദ്യയിലും സുരക്ഷയിലും കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമങ്ങള്‍ പാലിക്കുന്നതിലും വീഴ്ച്ച വരുത്തുന്നു എന്ന സംശയം നിലനില്‍ക്കേ, റിസര്‍വ് ബാങ്ക് നടത്തിയ പരിശോധനയില്‍ ബാങ്കും, വണ്‍ 97 ഗ്രൂപ്പിലെ മറ്റ് സ്ഥാപനങ്ങളും ഉപയോഗിക്കുന്ന സെര്‍വറുകളും ഫിസിക്കല്‍ സ്‌പെയ്ക്കും തമ്മില്‍ വ്യക്തമായ വേര്‍തിരിവ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ഫലമായി 2022 മാര്‍ച്ചില്‍ പി.പി.ബി.എല്ലിന് മേലുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കേണ്ടത് ആവശ്യമാണെന്ന് തീരുമാനത്തിലെത്തിയ ആര്‍.ബി.ഐ പുതിയ ഉപയോക്താക്കളെ ഉള്‍പ്പെടുത്തുന്നത് ഉടനടി നിര്‍ത്താന്‍ ബാങ്കിനോട് നിര്‍ദ്ദേശിച്ചു. സമഗ്രമായ ഒരു സിസ്റ്റം ഓഡിറ്റ് നടത്താന്‍ ഒരു എക്‌സ്റ്റേണല്‍ ഓഡിറ്റ് ഏജന്‍സിയെ നിയോഗിക്കാനും ആവശ്യപ്പെട്ടു.

2022 അവസാനത്തോടെ സിസ്റ്റം ഓഡിറ്ററുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബാങ്ക് കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് ആര്‍.ബി.ഐ കണ്ടെത്തി കെ.വൈ.സി നിയമങ്ങള്‍ പാലിക്കാത്തതിന് 2023 ഒക്ടോബറില്‍ 5.39 കോടി രൂപ പിഴ ചുമത്തി. ഇത് നാലാം തവണയാണ് ഇവര്‍ക്കെതിരെ ആര്‍.ബി.ഐ നടപടിയെടുക്കുന്നത്. ഗുണഭോക്താക്കളെ തിരിച്ചറിയാതിരിക്കുക, പേയ്‌മെന്റ് ഇടപാടുകളില്‍ ശ്രദ്ധിക്കാതിരിക്കുക, നിയന്ത്രണ പരിധി ലംഘിക്കുക, സൈബര്‍ സുരക്ഷാ സംഭവങ്ങള്‍ വൈകി റിപ്പോര്‍ട്ട് ചെയ്യുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ആര്‍.ബി.ഐ ഈ ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു.

2024 ഫെബ്രുവരി 29 മുതല്‍ നിരവധി ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്ന് പേയ്ടിഎം പേയ്‌മെന്റ് ബാങ്കിനെ നിയന്ത്രിക്കാനുള്ള ഒരു അപ്രതീക്ഷിത തീരുമാനം ജനുവരി 31ന് വൈകുന്നേരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കൈക്കൊണ്ടു. നിക്ഷേപങ്ങള്‍, ക്രെഡിറ്റ് ഇടപാടുകള്‍, വാലറ്റ് ടോപ്പ്-അപ്പുകള്‍, ബില്‍ പേയ്‌മെന്റുകള്‍ തുടങ്ങിയ പ്രവര്‍ത്തനമേഖലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കെ.വൈ.സിയില്‍ കാര്യമായ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ധാരാളം ഉപയോക്താക്കളുടെ കെ.വൈ.സി ലഭ്യമല്ലാത്തതിനാല്‍ പല അക്കൗണ്ടുകള്‍ക്കും പാന്‍ കാര്‍ഡ് മൂല്യനിര്‍ണ്ണയ പ്രശ്‌നങ്ങളുണ്ടായിരുന്നു.

ഒരേ പാന്‍ 100ലധികം ഉപയോക്താക്കളുമായും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ആര്‍.ബി.ഐ കണ്ടെത്തി. ചില അക്കൗണ്ടുകളിലെ ഇടപാടുകളുടെ മൊത്തത്തിലുള്ള മൂല്യം, മിനിമം കെ.വൈ.സി പ്രീ-പെയ്ത് ഇന്‍സ്ട്രുമെന്റുകളിലെ നിയന്ത്രണപരിധി മറികടന്നു. ഇത് കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ച് ആശങ്ക ഉയര്‍ത്തി. ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ബദല്‍ ക്രമീകരണങ്ങള്‍ നടത്താന്‍ കുറച്ചുകൂടി സമയം ആവശ്യമായി വന്നേക്കാമെന്നതിനാല്‍ ഇടപാടുകള്‍ക്കുള്ള നിയന്ത്രണ സമയപരിധി റിസര്‍വ് ബാങ്ക് മാര്‍ച്ച് 15 വരെ നീട്ടി.

പേയ്ടിഎം ഓഹരികളുടെ മൂല്യനിര്‍ണ്ണയം

2021 നവംബര്‍ 18ന് പേയ്ടിഎം തങ്ങളുടെ ഐ.പി.ഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്) വിജയകരമായി പൂര്‍ത്തിയാക്കി. ഐ.പി.ഒ വിലയായ 2150 നേക്കാള്‍ 9 ശതമാനം കുറവില്‍ 1,950 രൂപക്കായിരുന്നു ആദ്യ ഓഹരികള്‍ വിറ്റുപോയത്. വ്യാപാരത്തിന്റെ ആദ്യദിനം തന്നെ 27 ശതമാനം ഇടിഞ്ഞ് ഇത് വീണ്ടും 1,564 രൂപയിലെത്തി. മികച്ച തുടക്കം ലഭിച്ചെങ്കിലും ഓഹരി വില താഴ്ന്നു പോയി. 2022 മാര്‍ച്ചില്‍ പുതിയ ഉപയോക്താക്കളെ സ്വീകരിക്കുന്നതില്‍ നിന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പേയ്ടിഎം പേയ്‌മെന്റ് ബാങ്കിനെ വിലക്കിയിരുന്നു. അതിന്റെ ഫലമായി പേയ്ടിഎമ്മിന്റെ ഓഹരി വില 546 ആയി കുറഞ്ഞു.

പിന്നീട് അഞ്ചു മാസങ്ങള്‍ക്കുള്ളില്‍ ഷെയര്‍ വില കുതിച്ചുയര്‍ന്നു. 2022 ഓഗസ്റ്റില്‍ ഇത് 787 രൂപയിലെത്തി. ഉയര്‍ച്ചയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് 2022 ജൂണില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 88 ശതമാനം വരുമാന വളര്‍ച്ച കമ്പനി കൈവരിച്ചതും 2023 സെപ്റ്റംബറോടെ ബ്രേക്ക്-ഇവന്‍ എത്തുമെന്ന കമ്പനിയുടെ അവകാശവാദവുമാണ്. നിര്‍ഭാഗ്യവശാല്‍ ഈ വളര്‍ച്ച അധികനാള്‍ നീണ്ടുനിന്നില്ല. പേയ്ടിഎമ്മിലെ പ്രീ-ഐ.പി.ഒ നിക്ഷേപകര്‍ക്കുള്ള ലോക്ക് ഇന്‍ പിരീഡ് നവംബര്‍ 15ന് അവസാനിച്ചു. ഇത് വില്‍പ്പനയ്ക്ക് ലഭ്യമായ ഓഹരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കി. നവംബര്‍ അവസാനത്തോടെ ഓഹരി വില 465 രൂപയായി കുറഞ്ഞു. പിന്നീട് വര്‍ഷാവസാനം ഏറ്റക്കുറച്ചിലുകള്‍ക്കൊടുവില്‍ ഇത് 531 രൂപയായി ഉയര്‍ന്നു.

പേയ്ടിഎമ്മിന്റെ ഓഹരികള്‍ 2023 ഓഗസ്റ്റില്‍ 18 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 939 രൂപയിലെത്തുകയും ബിഎസ്ഇയിലെ ഇന്‍ട്രാ-ഡേ ട്രേഡിംഗില്‍ 4 ശതമാനം ഉയരുകയും ചെയ്തു. ഫിന്‍ടെക് കമ്പനിയുടെ ഏകദേശം 23 ദശലക്ഷം ഓഹരികള്‍ ബ്ലോക്ക് ഡീലുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതിന് ശേഷമാണ് ഈ വര്‍ദ്ധനവുണ്ടായത്. 2022 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മുന്നേറ്റമായിരുന്നു ഇത്. സി.ഇ.ഒ വിജയ് ശേഖര്‍ ശര്‍മയാണ് ആന്റ് ഫിനാന്‍ഷ്യലില്‍ നിന്നും ബ്ലോക്ക് ഡീലുകള്‍ വഴി ഈ ഇന്‍വെസ്റ്റ്മന്‍ന്റ് നടത്തിയത്. ചൈനീസ് കോര്‍പ്പറേഷന്‍ അലിബാബ ഗ്രൂപ്പിന്റെ ഒരു ഉപസ്ഥാപനമാണ് ആന്റ് ഫിനാന്‍ഷ്യല്‍. ഇതുവഴി ചൈനീസ് കമ്പനികളുടെ നിക്ഷേപം കുറയ്ക്കാന്‍ സാധിച്ചു.

2024 ജനുവരി 31ന് 761 രൂപയില്‍ നിന്നിരുന്ന ഓഹരി വില, ആര്‍.ബി.ഐ നിയന്ത്രണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കുത്തനെ ഇടിഞ്ഞു. മൂന്നു ദിവസത്തിനുള്ളില്‍ 43 ശതമാനം ഇടിവാണ് ഓഹരിവിലയില്‍ സംഭവിച്ചത്. തീരുമാനം പുനപരിശോധിക്കില്ല എന്ന് ആര്‍ബിഐ ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ആഗോള ബ്രോക്കറേജ് സ്ഥാപനമായ മക്വാറി പേയ്ടിഎം ഓഹരികളുടെ വില ഇടിവ് തുടര്‍ന്ന് 275 രൂപയില്‍ എത്തുമെന്ന് പ്രവചിക്കുകയും ചെയ്തതോടെ പേയ്ടിഎം ഓഹരി വിലയില്‍ ഗണ്യമായ ഇടിവാണ് നേരിട്ടത്.

ഫെബ്രുവരി പതിനഞ്ചിന് എക്കാലത്തെയും കുറഞ്ഞ തുകയായ 325 ലാണ് ഓഹരി ക്ലോസ് ചെയ്തത്. പേയ്ടിഎം പേയ്‌മെന്റ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ക്കുള്ള സമയപരിധി ഫെബ്രുവരി 29ല്‍ നിന്ന് മാര്‍ച്ച് 15 ലേക്ക് ആര്‍.ബി.ഐ നീട്ടിനല്‍കി. ഇതിനെ തുടര്‍ന്ന് ഓഹരി വില ഉയര്‍ന്ന് 437 രൂപയില്‍ എത്തിയെങ്കിലും കമ്പനിയുടെ സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ പേയ്ടിഎം പേയ്‌മെന്റ്‌റ് ബാങ്കിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ സ്ഥാനങ്ങള്‍ രാജിവച്ചതിനെ തുടര്‍ന്ന് ഓഹരി വില വീണ്ടും കുറഞ്ഞു. നിയന്ത്രണങ്ങള്‍ ആരംഭിച്ച മാര്‍ച്ച് 15ന് 370 രൂപയിലാണ് ട്രേഡിങ് അവസാനിപ്പിച്ചത്.

പേയ്ടിഎം പേയ്‌മെന്റ് അറിയേണ്ടത്

പേയ്ടിഎം പേയ്‌മെന്റ് ബാങ്കിന് ആര്‍ബിഐ അനുവദിച്ച സമയപരിധി മാര്‍ച്ച് 15ന് അവസാനിച്ചു. ബാങ്കിന്മേല്‍ കടുത്ത നടപടിയാണ് ആര്‍.ബി.ഐ സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ പേടിഎം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് താഴെപ്പറയുന്നത്

♦ അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ അക്കൗണ്ടില്‍ നിന്നോ വാലറ്റില്‍ നിന്നോ ബാക്കിയുള്ള പണം പിന്‍വലിക്കാം.

♦ പാര്‍ട്ണര്‍ ബാങ്കുകളില്‍ നിന്നുള്ള സ്വീപ് ഇന്നുകള്‍, റീഫണ്ടുകള്‍, ക്യാഷ്ബാക്കുകള്‍ എന്നിവ സ്വീകരിക്കാം.

♦ ഉപയോക്താക്കള്‍ക്ക് വാലറ്റ് ക്ലോസ് ചെയ്യാനും, ബാക്കിയുള്ള തുക മറ്റു ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് മാറ്റാനും സാധിക്കും.

♦ യു.പി.ഐ, ഐ.എം.പി.എസ് വഴി പേയ്ടിഎം പേയ്‌മെന്റ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാം.

♦ നിലവിലുള്ള ബാലന്‍സ് ഉപയോഗിച്ച് ഫാസ്ടാഗുകള്‍ തുടര്‍ന്നും ഉപയോഗിക്കാമെങ്കിലും അവയിലേക്ക് കൂടുതല്‍ നിക്ഷേപിക്കാന്‍ സാധിക്കില്ല. പേയ്ടിഎമ്മിന്റെ ഫാസ്ടാഗിലെ ബാക്കി തുക മറ്റ് ഫാസ്ടാഗുകളിലേക്ക് മാറ്റാനാകില്ല.

♦ പേയ്ടിഎം ബാങ്ക് അക്കൗണ്ടിലേക്ക് മറ്റ് ഉപഭോക്താക്കളില്‍ നിന്ന് പണം സ്വീകരിക്കുന്നത് സാധ്യമല്ല. ശമ്പളവും മറ്റ് നേരിട്ടുള്ള ആനുകൂല്യ ഇടപാടുകളും നടത്താന്‍ കഴിയില്ല.

♦ യുപിഐ സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കാന്‍ പേയ്ടിഎ മൂന്നാം കക്ഷി ആപ്പ് പ്രൊവൈഡര്‍ ലൈസന്‍സിന് ശ്രമിക്കുന്നുണ്ട്. യു.പി.ഐ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനായി എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് എന്നിവയുമായി സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

This article was authored by:

Nikhi Norbert

Research Scholar

Research and PG Department of Commerce

Bharata Mata College (Autonomous), Thrikkakara

CA (Dr) Joseph Joy Puthussery

Assistant Professor and Research Guide

Research and PG Department of Commerce

Bharata Mata College (Autonomous), Thrikkakara

Fr. (Dr) Varghese Paul Thoyil

Assistant Professor

Department of Malayalam

Bharata Mata College (Autonomous), Thrikkakara

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com