ആളോഹരി വരുമാനത്തില്‍ ഒന്നാമത് എറണാകുളം തന്നെ; രണ്ടാംസ്ഥാനത്ത് 'അപ്രതീക്ഷിത' താരം

സംസ്ഥാനത്തെ ജനങ്ങളില്‍ പ്രതിശീര്‍ഷ വരുമാനത്തില്‍ (Per Capita Income) മുന്നില്‍ സാമ്പത്തിക തലസ്ഥാനമായ എറണാകുളം ജില്ലയിലെ നിവാസികള്‍. ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കുന്ന 2024-25 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റിന് മുന്നോടിയായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ ഇന്നലെ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2022-23 വര്‍ഷത്തെ കണക്കുപ്രകാരം 2.02 ലക്ഷം രൂപയാണ് എറണാകുളം ജില്ലക്കാരുടെ പ്രതിശീര്‍ഷ വരുമാനം. പ്രതിശീര്‍ഷ വരുമാനത്തില്‍ ആദ്യ 6 സ്ഥാനങ്ങളും തെക്കന്‍-മദ്ധ്യകേരളത്തിലെ ജില്ലകളാണ് സ്വന്തമാക്കിയത്. ഇവയുമായി താരതമ്യം ചെയ്യുമ്പോള്‍ മലബാര്‍ ജില്ലക്കാരുടെ പ്രതിശീര്‍ഷ വരുമാനം ഏറെ കുറവുമാണ്.


1.95 ലക്ഷം രൂപയുമായി ആലപ്പുഴ ജില്ലക്കാരാണ് രണ്ടാംസ്ഥാനത്ത്. കൊല്ലം (1.80 ലക്ഷം രൂപ), കോട്ടയം (1.71 ലക്ഷം രൂപ), തൃശൂര്‍ (1.64 ലക്ഷം രൂപ) എന്നീ ജില്ലക്കാര്‍ യഥാക്രമം ആലപ്പുഴക്കാര്‍ക്ക് പിന്നിലാണുള്ളത്.
1.49 ലക്ഷം രൂപയാണ് ഇടുക്കിക്കാരുടെ പ്രതിശീര്‍ഷ വരുമാനം. 1,45,441 രൂപയുമായി കണ്ണൂരുകാര്‍ ഏഴാമതും 1,45,214 രൂപയുമായി തിരുവനന്തപുരം ജില്ലക്കാര്‍ എട്ടാമതുമാണ്. കോഴിക്കോട് (1.36 ലക്ഷം രൂപ), പാലക്കാട് (1.30 ലക്ഷം രൂപ), കാസര്‍ഗോഡ് (1.27 ലക്ഷം രൂപ) എന്നിവരാണ് യഥാക്രമം 11 വരെ സ്ഥാനങ്ങളില്‍. 12-ാം സ്ഥാനത്ത് പത്തംതിട്ടക്കാരാണ്, പ്രതിശീര്‍ഷ വരുമാനം 1.13 ലക്ഷം രൂപ. 1.09 ലക്ഷം രൂപയുമായി മലപ്പുറത്തുകാര്‍ 13-ാം സ്ഥാനം നേടിയപ്പോള്‍ ഏറ്റവും പിന്നിലുള്ള വയനാട്ടുകാരുടെ പ്രതിശീര്‍ഷ വരുമാനം 1.01 ലക്ഷം രൂപ മാത്രമാണ്.
സമ്പദ്ശക്തിയിലും മുന്നില്‍ എറണാകുളം
കേരളത്തിന്റെ മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനം (GSDP) 2022-23ല്‍ 2021-22ലെ 5.78 ലക്ഷം കോടി രൂപയില്‍ നിന്ന് 6.16 ലക്ഷം കോടി രൂപയായി വര്‍ധിച്ചിരുന്നു.
സംസ്ഥാനത്തിന്റെ ആഭ്യന്തര ഉദ്പാദനത്തില്‍ ഏറ്റവുമധികം സംഭാവന ചെയ്യുന്നത് 70,695 കോടി രൂപയുമായി എറണാകുളമാണ്. 54,268 കോടി രൂപയുമായി തൃശൂര്‍ രണ്ടാമതും 51,013 കോടി രൂപയുമായി മലപ്പുറം മൂന്നാമതുമാണ്.


തിരുവനന്തപുരം (49,255 കോടി രൂപ), കൊല്ലം (49,025 കോടി രൂപ), കോഴിക്കോട് (45,339 കോടി രൂപ), ആലപ്പുഴ (42,514 കോടി രൂപ), പാലക്കാട് (39,441 കോടി രൂപ), കണ്ണൂര്‍ (38,713 കോടി രൂപ) എന്നിവയാണ് യഥാക്രമം 4 മുതല്‍ 10 വരെ സ്ഥാനങ്ങളില്‍.
കാസര്‍ഗോഡാണ് 18,349 കോടി രൂപയുമായി 11-ാം സ്ഥാനത്ത്. ഇടുക്കി (16,698 കോടി രൂപ), പത്തനംതിട്ട (13,487 കോടി രൂപ), വയനാട് (9,173 കോടി രൂപ) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ സംഭാവന.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it