രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു; വെള്ളിയാഴ്ച രാവിലെ 6 മുതല്‍ പ്രാബല്യത്തില്‍

പൊതുജനങ്ങള്‍ക്കും വാണിജ്യ-വ്യവസായ ലോകത്തിനും ആശ്വാസം പകര്‍ന്ന് പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ വീതം വില കുറച്ചു. നാളെ (മാര്‍ച്ച് 15, വെള്ളി) രാവിലെ 6 മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ ഇന്ധനവിലയില്‍ മാറ്റം വരുത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് വില കുറച്ചതെന്നതും ശ്രദ്ധേയം. ഇന്ധനവില കുറച്ചുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ട്വിറ്ററിലൂടെ (എക്‌സ്) അറിയിച്ചത്.
ആശ്വാസം, രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം
2022 മേയ് 21ന് കേന്ദ്രം എക്‌സൈസ് നികുതി പെട്രോളിന് ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചപ്പോഴാണ് ഇതിന് മുമ്പ് അവസാനമായി ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞത്.
തുടര്‍ന്ന് രാജ്യാന്തര ക്രൂഡോയില്‍ വില വന്‍തോതില്‍ കുറഞ്ഞെങ്കിലും എണ്ണക്കമ്പനികള്‍ ഇന്ധനവില കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല. നേരത്തേ ക്രൂഡോയില്‍ വില കൂടി നിന്ന സമയത്ത് ഇന്ധനവില പരിഷ്‌കരിക്കാതിരുന്നത് മൂലം കനത്ത നഷ്ടം നേരിട്ടിരുന്നുവെന്നും അത് നികത്തുന്നതിന്റെ ഭാഗമായാണ് വില കുറയ്ക്കാത്തതെന്നുമായിരുന്നു എണ്ണക്കമ്പനികളുടെ നിലപാട്.
നടപ്പുവര്‍ഷം (2023-24) ഏപ്രില്‍-സെപ്റ്റംബറില്‍ 21,200 കോടി രൂപയുടെ നഷ്ടം എണ്ണക്കമ്പനികള്‍ നേരിട്ടുവെന്നാണ് കണക്ക്. എന്നാല്‍, പിന്നീട് ക്രൂഡോയില്‍ വില താഴ്ന്നതും ആനുപാതികമായി ഇന്ധനവില കുറയ്ക്കാതിരുന്നതും എണ്ണക്കമ്പനികള്‍ക്ക് ലോട്ടറിയായി. കഴിഞ്ഞ ഡിസംബര്‍ വരെയുള്ള 9 മാസ കണക്കെടുത്താല്‍ 69,000 കോടി രൂപയുടെ ലാഭമാണ് എണ്ണക്കമ്പനികള്‍ നേടിയത്.
രണ്ടുരൂപയുടെ ആശ്വാസം
നിലവില്‍ കേരളത്തില്‍ പെട്രോളിന് 109.73 രൂപയും ഡീസലിന് 98.53 രൂപയുമാണ് വില (തിരുവനന്തപുരം വില). നാളെ രാവിലെ രണ്ടുരൂപ കുറയുന്നതോടെ പെട്രോള്‍ വില 107.93 രൂപയും ഡീസല്‍വില 96.53 രൂപയുമാകും. നടപ്പുവര്‍ഷത്തേക്കുള്ള (2023-24) സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പെട്രോളിനും ഡീസലിനും രണ്ടുരൂപ അധിക സെസ് ഏര്‍പ്പെടുത്തിയിരുന്നു. ഇതില്ലായിരുന്നെങ്കില്‍ രണ്ടുരൂപയുടെ കൂടി ആശ്വാസം കേരളത്തില്‍ ലഭിക്കുമായിരുന്നു. രാജ്യത്ത് പെട്രോളിന് ആന്ധ്രാപ്രദേശ് (അമരാവതി) കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ളത് കേരളത്തിലാണ് (തിരുവനന്തപുരം).
തിരഞ്ഞെടുപ്പ് കാലത്തെ ആശ്വാസം!
ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് (ലോക വനിതാദിനം) പ്രധാനമന്ത്രി നരേന്ദ്ര മോദി വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 100 രൂപ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പെട്രോള്‍, ഡീസല്‍ വിലയും കുറച്ചത്.
പുതുക്കിയ പെട്രോൾ,​ ഡീസൽ വില

രാജ്യത്ത് 58 ലക്ഷം ചരക്കുവാഹനങ്ങള്‍ക്കും (Heavy Vehicles) 6 കോടി കാറുകള്‍ക്കും 27 കോടി ടൂവീലറുകള്‍ക്കും നേട്ടമാകുന്നതാണ് പെട്രോള്‍, ഡീസല്‍ വിലകുറച്ച തീരുമാനമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. മാത്രമല്ല പണപ്പെരുപ്പം കുറയാനും ജനങ്ങള്‍ക്കും വാണിജ്യ-വ്യവസായ രംഗത്തുള്ളവര്‍ക്കും സാമ്പത്തികനേട്ടം ലഭിക്കാനും ഇത് സഹായിക്കുമെന്നും കേന്ദ്രം അഭിപ്രായപ്പെട്ടു.
ഇന്ധനത്തിലെ നികുതിഭാരം
പെട്രോളിന് ലിറ്ററിന് 19.90 രൂപയും ഡീസലിന് 15.80 രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന എക്‌സൈസ് നികുതി.
പെട്രോളിന് 30.08 ശതമാനം വില്‍പന നികുതി, ഒരു രൂപ അഡിഷണല്‍ വില്‍പന നികുതി, ഒരു ശതമാനം സെസ്, രണ്ടുരൂപ സാമൂഹിക സുരക്ഷാ സെസ് എന്നിവയാണ് കേരളം ഈടാക്കുന്നത്. ഡീസലിനിത് 22.76 ശതമാനം വില്‍പന നികുതി, ഒരു രൂപ അഡിഷണല്‍ വില്‍പന നികുതി, ഒരു ശതമാനം സെസ്, രണ്ടുരൂപ സാമൂഹിക സുരക്ഷാ സെസ് എന്നിങ്ങനെയാണ്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it