പെട്രോള്‍, ഡീസല്‍ വില താഴുന്നു
ആഗോള ക്രൂഡ് വില കുറഞ്ഞതോടെ രാജ്യത്തെ പെട്രോള്‍ വില അഞ്ചു മാസത്തെയും ഡീസല്‍ വില എഴു മാസത്തെയും താഴ്ന്ന നിലവാരത്തിലെത്തി. ഇന്ന് പെട്രോള്‍ വില 16-17 പൈസയും ഡീസല്‍ വില 20-22 പൈസയുമാണു കുറഞ്ഞത്. രൂപയുടെ മൂല്യം സ്ഥിരതയാര്‍ജിച്ചതും ആഭ്യന്തര വിപണിയില്‍ വില കുറയാനിടയാക്കി.
ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില 71.94 രൂപയും ഡീസല്‍ വില 64.87 രൂപയുമായി. പെട്രോള്‍ വില കൊച്ചിയില്‍ 73.76 രൂപയാണ്. ഡീസല്‍ വില 68.36 രൂപയും.ദൈനംദിന വിലനിര്‍ണ്ണയ സംവിധാനം അനുസരിച്ച്, ഇന്ധന വില അന്താരാഷ്ട്ര ക്രൂഡ് വിലയെയും രൂപ-യുഎസ് ഡോളര്‍ വിനിമയ നിരക്കിനെയും ആശ്രയിച്ചാണ് ദിവസവും പരിഷ്‌കരിക്കുന്നത്.
കൊറോണ വൈറസ് പരന്നതോടെ ചൈനയില്‍ ആവശ്യകത കുറഞ്ഞതാണ് ജനുവരിയിലെ കൂടിയ വിലയില്‍നിന്ന് അസംസ്‌കൃത എണ്ണവില 25 ശതമാനം കുറയാന്‍ ഇടയാക്കിയത്. ബാരലിന് 54 ഡോളര്‍ നിലവാരത്തിലാണ് ഇപ്പോള്‍ ക്രൂഡ് വില.ക്രൂഡ് ഓയില്‍ വില കുറയുന്നത് പണപ്പെരുപ്പ രംഗത്ത് സര്‍ക്കാരിന് ആശ്വാസം നല്‍കി. ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നതിനാല്‍ ചില്ലറ പണപ്പെരുപ്പം നവംബറില്‍ 5.54 ശതമാനത്തില്‍ നിന്ന് 2019 ഡിസംബറില്‍ 7.35 ശതമാനമായി കുത്തനെ ഉയര്‍ന്നിരുന്നു. പണപ്പെരുപ്പം നാലു ശതമാനത്തില്‍ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്കിനോടെ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline