Begin typing your search above and press return to search.
ക്രൂഡോയില്‍ വില കുത്തനെ താഴേക്ക്; തുടര്‍ച്ചയായി ലാഭമെഴുതി പൊതുമേഖലാ എണ്ണക്കമ്പനികള്‍
ക്രൂഡോയില്‍ വില കുത്തനെ ഇടിയുകയും അനുപാതികമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ കേന്ദ്രം തയ്യാറാവാതിരിക്കുകയും ചെയ്യുന്നതിനാല്‍ പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ നേടുന്നത് വന്‍ ലാഭം.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കേ പെട്രോള്‍, ഡീസല്‍ വില കുറയാന്‍ കളമൊരുങ്ങിയിട്ടുണ്ട്. കേവലം തിരഞ്ഞെടുപ്പ് മേമ്പൊടിയായി മാത്രമല്ല വില കുറയുക. അന്താരാഷ്ട്ര ക്രൂഡോയില്‍ വിലയിടിവും പൊതുമേഖലാ എണ്ണവിതരണ കമ്പനികളുടെ നിലവിലെ സാമ്പത്തികസ്ഥിതിയും ഇപ്പോള്‍ ഇന്ധനവില കുറയ്ക്കാന്‍ അനുകൂല അവസരമാണ് ഒരുക്കിയിരിക്കുന്നത്.
2024 മേയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നതിനാല്‍ ഏറെ വൈകാതെ തന്നെ ഇന്ധനവില കുറച്ചേക്കും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റിന് പകരം വോട്ട് ഓണ്‍ അക്കൗണ്ടാണ് അവതരിപ്പിക്കുക. അന്നോ അതിന് മുന്നോടിയായോ പെട്രോള്‍, ഡീസല്‍ വിലയില്‍ ഇളവുണ്ടായേക്കും.
ഒന്നര വര്‍ഷമായി വില നിശ്ചലം
2022 ഏപ്രിലിന് ശേഷം പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (IOCL), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാന്‍ പെട്രോളിയം (HPCL) എന്നിവ പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിച്ചിട്ടില്ല.
2022 മേയില്‍ കേന്ദ്രം പെട്രോളിന്റെ എക്‌സൈസ് നികുതി ലിറ്ററിന് എട്ട് രൂപ കുറച്ച് 19.90 രൂപയും ഡീസലിന്റേത് 6 രൂപ കുറച്ച് 15.80 രൂപയുമാക്കിയിരുന്നു. അതോടെ മേയില്‍ പെട്രോള്‍, ഡീസല്‍ വില താഴ്ന്നു. അന്നുമുതല്‍ പെട്രോള്‍ വില ലിറ്ററിന് 109.73 രൂപയിലും ഡീസല്‍ വില 98.53 രൂപയിലും (തിരുവനന്തപുരം വില) മാറ്റമില്ലാതെ തുടരുകയാണ്. (കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടുരൂപ അധിക സെസ് പ്രഖ്യാപിച്ചു. ഏപ്രില്‍ ഒന്നിന് ഇത് പ്രാബല്യത്തില്‍ വന്നതോടെ കേരളത്തില്‍ ലിറ്ററിന് രണ്ടുരൂപ വര്‍ധിച്ചിരുന്നു).
ക്രൂഡോയില്‍ വിലയില്‍ ഇടിവ്
2022 മേയില്‍ ബ്രെന്റ് ക്രൂഡ് വില രാജ്യാന്തര വിപണിയില്‍ ബാരലിന് 115-125 ഡോളര്‍ നിലവാരത്തിലായിരുന്നു. ഡബ്ല്യു.ടി.ഐ ക്രൂഡ് വില 110-115 ഡോളറിലും. ആനുപാതികമായി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ കഴിയാതിരുന്നതിനാല്‍ കനത്ത വരുമാന നഷ്ടമാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ നേരിട്ടത്.
2022ന്റെ ആദ്യപാദങ്ങളില്‍ പെട്രോളിന് ലിറ്ററിന് 17 രൂപയും ഡീസലിന് 35 രൂപയും നഷ്ടത്തിലായിരുന്നു വില്‍പന. 2022-23 ഏപ്രില്‍-ജൂണില്‍ 18,500 കോടി രൂപയുടെ സംയുക്ത നഷ്ടവും മൂന്നു പൊതുമേഖലാ എണ്ണക്കമ്പനികളും നേരിട്ടു. 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യപാതിയില്‍ പൊതുമേഖലാ എണ്ണക്കമ്പനികളുടെ സംയുക്ത നഷ്ടം 27,276 കോടി രൂപയായിരുന്നു. രണ്ടാം പാതിയില്‍ ക്രൂഡോയില്‍ വിലക്കുറവിന് അനുപാതികമായി ഇന്ധനവില കുറയ്ക്കാഞ്ഞതിനാല്‍ കമ്പനികളുടെ നഷ്ടവും കുറഞ്ഞു. നടപ്പുവര്‍ഷം ആദ്യപാദത്തില്‍ വന്‍ ലാഭത്തിലേക്ക് കമ്പനികള്‍ കരകയറുകയും ചെയ്തു.
നിലവില്‍ ബ്രെന്റ് ക്രൂഡ് വിലയുള്ളത് 73 ഡോളറിലാണ്; ഡബ്ല്യു.ടി.ഐ ക്രൂഡ് വില ബാരലിന് 68 ഡോളറും. ഇത് രാജ്യാന്തര വിപണി വിലയാണ്. നിലവില്‍ ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡോയില്‍ ഇറക്കുമതിയുടെ 40 ശതമാനം വിഹിതമുള്ള റഷ്യ ഇന്ത്യക്ക് ബാരലിന് 6-8 ഡോളര്‍ ഡിസ്‌കൗണ്ട് വിപണിവിലയില്‍ നല്‍കുന്നുമുണ്ട്.
ക്രൂഡോയില്‍ വില ബാരലിന് 80 ഡോളറിന് താഴെയെത്തിയാല്‍ പ്രതിദിന വില പരിഷ്‌കരണ നടപടികളിലേക്ക് എണ്ണവിതരണ കമ്പനികള്‍ വീണ്ടും കടന്നേക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. സെപ്റ്റംബറില്‍ 93 ഡോളറും നവംബറില്‍ 82 ഡോളറുമായിരുന്ന ബ്രെന്റ് വിലയാണ് ഇപ്പോള്‍ 72 ഡോളറിലേക്ക് താഴ്ന്നത്. സെപ്റ്റംബറിലെ 88-90 ഡോളര്‍, നവംബറിലെ 78-80 ഡോളര്‍ എന്നീ നിലവാരങ്ങളില്‍ നിന്നാണ് ഡബ്ല്യു.ടി.ഐ ക്രൂഡ് വിലയും കുറഞ്ഞത്.
ലാഭത്തിന്റെ പാതയില്‍
നടപ്പുവര്‍ഷം (2023-24) ആദ്യപാദത്തില്‍ പെട്രോള്‍ ലിറ്ററിന് 9 രൂപ ലാഭത്തിലായിരുന്നു എണ്ണക്കമ്പനികളുടെ വില്‍പന. ഡീസല്‍ വില്‍പന നേരിയ നഷ്ടത്തിലായിരുന്നു. ആദ്യപാദത്തില്‍ 32,147 കോടി രൂപയുടെ സംയുക്തലാഭവും എണ്ണക്കമ്പനികള്‍ കുറിച്ചു. 2022ലെ ആദ്യപാദങ്ങളില്‍ നേരിട്ട നഷ്ടം നികത്താനുള്ളതിനാല്‍ പക്ഷേ പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായില്ല.
നടപ്പുവര്‍ഷം രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ ക്രൂഡോയില്‍ വിലക്കുറവിന്റെ ചുവടുപിടിച്ച് എണ്ണക്കമ്പനികളുടെ സംയുക്ത ലാഭം 27,295 കോടി രൂപയായി ഉയര്‍ന്നു. പെട്രോളിന് ലിറ്ററിന് നിലവില്‍ 8-10 രൂപയും ഡീസലിന് 3-4 രൂപയും ലാഭത്തിലുമാണ് ഇപ്പോള്‍ വില്‍പന.
2022-23 സെപ്റ്റംബര്‍പാദത്തില്‍ 272 കോടി രൂപയുടെ നഷ്ടത്തിലായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നടപ്പുവര്‍ഷം സമാനപാദത്തില്‍ നേടിയത് 12,967 കോടി രൂപയുടെ ലാഭമാണ്. ബി.പി.സി.എല്‍ 8,501 കോടി രൂപയും എച്ച്.പി.സി.എല്‍ 5,827 കോടി രൂപയും ലാഭം രേഖപ്പെടുത്തി.
കുറയുമോ ഇന്ധനവില?
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പെട്രോള്‍, ഡീസല്‍ വില വൈകാതെ കുറയ്ക്കാന്‍ തന്നെയാണ് സാധ്യത. ക്രൂഡോയില്‍ വിലക്കുറവും എണ്ണക്കമ്പനികള്‍ ലാഭത്തിലാണെന്നതും വില കുറയ്ക്കാന്‍ അനുകൂല ഘടകങ്ങളാണ്. ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് റീറ്റെയ്ല്‍ പണപ്പെരുപ്പം, ഭക്ഷ്യവിലപ്പെരുപ്പം (Food Inflation) എന്നിവ ഉയര്‍ന്നുവെന്നതും ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിതരാക്കും.
അടുത്തിടെ ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക (LPG) വില കേന്ദ്രം സിലിണ്ടറിന് 200 രൂപ വീതം കുറച്ചിരുന്നു. ഈ ബാധ്യത പക്ഷേ, എണ്ണക്കമ്പനികളാണ് വഹിക്കുന്നത്. സമാനരീതിയിലാകും ഇന്ധനവില കുറയ്ക്കാന്‍ സാധ്യത. അതായത് എക്‌സൈസ് നികുതി കുറയ്ക്കാനുള്ള സാധ്യത വിരളമാണ്.
Next Story