20% എഥനോള്‍ അടങ്ങിയ പെട്രോള്‍ വിപണിയില്‍; കാര്‍ബണ്‍ പുറന്തള്ളല്‍ കുറയും

ജൈവ ഇന്ധനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 11 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തിരഞ്ഞെടുത്ത പെട്രോള്‍ പമ്പുകളില്‍ 20 ശതമാനം എഥനോള്‍ അടങ്ങിയ പെട്രോള്‍ (ഇ-20) പുറത്തിറക്കി കേന്ദ്രം. നിലവില്‍ പെട്രോളില്‍ 10 ശതമാനം എത്തനോളും 90 ശതമാനം പെട്രോളുമാണുള്ളത്. 2025 ഓടെ ഈ അളവ് ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

തെരഞ്ഞെടുത്ത പ്രദേശങ്ങളിലെ മൂന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലര്‍മാരുടെ 84 പെട്രോള്‍ പമ്പുകളില്‍ 20 ശതമാനം എഥനോള്‍ അടങ്ങിയ പെട്രോള്‍ ലഭ്യമാകും. ആദ്യഘട്ടത്തില്‍ 15 നഗരങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കും.

കരിമ്പു കർഷകർക്ക് ഗുണം

കരിമ്പില്‍ നിന്നും അരിയില്‍ നിന്നും മറ്റ് കാര്‍ഷിക ഉല്‍പന്നങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എഥനോള്‍ ഉപയോഗിക്കുന്നത് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കും. കൂടാതെ കാര്‍ബണ്‍ പുറന്തള്ളല്‍ (carbon emission) കുറയ്ക്കുന്നതിനും ഇത് സഹായിക്കും. ഇത് ഉപയോഗിക്കുന്നത് ഇരുചക്ര വാഹനങ്ങളില്‍ നിന്ന് ഏകദേശം 50 ശതമാനവും, കാറുകളില്‍ നിന്ന് 30 ശതമാനവും കാര്‍ബണ്‍ മോണോക്സൈഡ് പുറന്തള്ളുന്നത് കുറയ്ക്കാന്‍ സഹായിക്കും.

2022 നവംബര്‍ 30-ന് അവസാനിച്ച വിതരണ വര്‍ഷത്തില്‍ 440 കോടി ലിറ്റര്‍ എഥനോള്‍ പെട്രോളില്‍ കലര്‍ത്തി. അടുത്ത വര്‍ഷത്തേക്ക് 540 കോടി ലിറ്റര്‍ സംഭരണമാണ് ലക്ഷ്യമിടുന്നത്. പെട്രോളിലെ എഥനോള്‍ അളവ് കൂട്ടുന്നത് കരിമ്പ് കര്‍ഷകര്‍ക്ക് അധിക വരുമാനം നല്‍കുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ എഥനോള്‍ വിതരണക്കാര്‍ 81,796 കോടി രൂപ നേടിയപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിച്ചത് 49,078 കോടി രൂപയാണ്. നിലവില്‍ 1037 കോടി ലിറ്ററാണ് രാജ്യത്തെ വാര്‍ഷിക എഥനോള്‍ ഉല്‍പ്പാദന ശേഷി.

Related Articles

Next Story

Videos

Share it