വെട്ടിത്തിളങ്ങി പ്ലാറ്റിനം! സ്വര്‍ണത്തിനെയും വെള്ളിയേയും കടത്തിവെട്ടുമോ? 2014നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയില്‍, ഈ വര്‍ഷത്തെ വിലയേറ്റം 60%

വിപണിയില്‍ ലഭ്യത കുറഞ്ഞതും അന്താരാഷ്ട്ര വ്യാപാര തര്‍ക്കവും ചൈന വാങ്ങല്‍ വര്‍ധിപ്പിച്ചതും വിലയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍
platinum bars
canva
Published on

സ്വര്‍ണത്തിനും വെള്ളിക്കും പിന്നാലെ കുതിച്ചുകയറി പ്ലാറ്റിനം വിലയും. വെള്ളിയാഴ്ചത്തെ പ്ലാറ്റിനം വില 2014 ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സ്‌പോട്ട് പ്ലാറ്റിനം ഔണ്‍സിന് 0.1 ശതമാനം ഉയര്‍ന്ന് 1,458.80 ഡോളറിലെത്തി. ഇന്ത്യയില്‍ പ്ലാറ്റിനം ഗ്രാമിന് 233 രൂപ വര്‍ധിച്ച് 4,043 രൂപയിലെത്തി. 10 ഗ്രാമിന് 40,430 രൂപയാണ് വില.

ഭൂമിയിലെ അപൂര്‍വ മൂലകങ്ങളിലൊന്നാണ് പ്ലാറ്റിനം. വാഹനങ്ങളുടെ കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍, ആഭരണങ്ങള്‍, പെട്രോകെമിക്കലുകള്‍, ഹൈഡ്രജന്‍ സാങ്കേതിക വിദ്യ എന്നീ മേഖലകളിലാണ് ഇവ ഉപയോഗിക്കുന്നത്. വിവാഹം പോലെ വിശേഷാവസരങ്ങളില്‍ ധരിക്കുന്ന മോതിരം, മാല എന്നിവക്കാണ് ഡിമാന്‍ഡ് കൂടുതല്‍. സ്വര്‍ണം പോലുള്ള ലോഹങ്ങള്‍ ഉപയോഗിച്ചുണ്ടാക്കിയ ആഭരണങ്ങള്‍ക്ക് നിറം മങ്ങാനുള്ള സാധ്യതയുണ്ട്. എന്നാല്‍ നിറം മങ്ങാത്തതും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതുമാണ് പ്ലാറ്റിനത്തിന്റെ പ്രത്യേകത.

പ്ലാറ്റിനം കുതിപ്പ്

ന്യൂയോര്‍ക്കിലെ മെര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ചില്‍ പ്ലാറ്റിനം ഫ്യൂച്ചറുകള്‍ ഇക്കൊല്ലം മാത്രം ഉയര്‍ന്നത് 60 ശതമാനമാണ്. ജൂണില്‍ മാത്രം 28 ശതമാനമാണ് വില വര്‍ധിച്ചത്. വിപണിയിലെ ദൗര്‍ലഭ്യമാണ് വില വര്‍ധനക്കുള്ള പ്രധാന കാരണമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് വിപണിയില്‍ പ്ലാറ്റിനത്തിന് ദൗര്‍ലഭ്യം അനുഭവപ്പെടുന്നത്. ആകെ വേണ്ടി വരുന്നതിന്റെ 20 ശതമാനം കുറവാണ് നിലവില്‍ വിപണിയിലുള്ളതെന്നാണ് കണക്ക്. പ്ലാറ്റിനത്തിന്റെ ഏറ്റവും വലിയ ഉത്പാദകരായ സൗത്ത് ആഫ്രിക്കയിലെ ഉത്പാദനം കുറഞ്ഞതാണ് ദൗര്‍ലഭ്യത്തിനുള്ള പ്രധാന കാരണം. പ്രതികൂല കാലാവസ്ഥ, മൈനുകളില്‍ ഉണ്ടായ അപകടങ്ങള്‍, വിതരണ ശൃംഖലയിലെ തടസങ്ങള്‍ എന്നിവ ഉത്പാദനം കുറച്ചുവെന്നാണ് കരുതുന്നത്.

ഭാവി എങ്ങനെ

ട്രംപിന്റെ താരിഫ് യുദ്ധവും ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റിനം ഉപയോക്താക്കളായ ചൈന വാങ്ങല്‍ കൂട്ടിയതും വില വര്‍ധിക്കാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. 2023ല്‍ 3,018 മില്യന്‍ ഡോളറുണ്ടായിരുന്ന ആഗോള പ്ലാറ്റിനം ജുവലറി വിപണി 2033ലെത്തുമ്പോള്‍ 5,332 മില്യനായി വളരുമെന്നാണ് മാര്‍ക്കറ്റിംഗ് റിസര്‍ച്ച് സ്ഥാപനമായ സ്‌പെറിക്കല്‍ ഇന്‍സൈറ്റ് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് പറയുന്നത്. പ്രതിവര്‍ഷം 5.86 ശതമാനം വളരുമെന്നും ഇവരുടെ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ 2025ന്റെ ആദ്യ പകുതിയില്‍ പ്ലാറ്റിനത്തിന്റെ വിലയിലുണ്ടായ കയറ്റം രണ്ടാം പകുതിയിലും ആവര്‍ത്തിക്കുമെന്ന് ഉറപ്പിച്ചു പറയാനും വിദഗ്ധര്‍ തയ്യാറാകുന്നില്ല. പ്ലാറ്റിനം ഉത്പാദനം അടുത്ത മാസങ്ങളില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ വന്നാല്‍ പ്ലാറ്റിനം കുതിപ്പിന്റെ വേഗം കുറയുമെന്നും നിരീക്ഷകര്‍ പറയുന്നു.

Platinum prices soar to $1,472.20 per ounce, marking the highest level since August 2014. Supply shortages and increased demand drive the surge.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com