പി.എം കിസാന്‍ യോജന: കേരളത്തില്‍ ഇനിയും പണം തിരിച്ചടയ്ക്കാതെ നിരവധി പേര്‍

ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് വരുമാന പിന്തുണ ഉറപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ യോജന (PM Kisan) പദ്ധതിയില്‍ കേരളത്തില്‍ നിന്ന് അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റിയവരില്‍ പണം തിരിച്ചടയ്ക്കാതെ ഇനിയും നിരവധി പേര്‍.
യോഗ്യതയില്ലാതെ പണം നേടിയവര്‍, മറ്റുള്ളവരുടെ ആനുകൂല്യം അനധികൃതമായി സ്വന്തമാക്കിയവര്‍, ആദായ നികുതി അടയ്ക്കുന്നവര്‍ എന്നിങ്ങനെ അനര്‍ഹര്‍ ഉടന്‍ പണം തിരിച്ചടയ്ക്കണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. പണം നേരിട്ട് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിലെ പേ ആന്‍ഡ് അക്കൗണ്ട് ഓഫീസിന്റെ (PAO) പേരില്‍ ചെക്കോ ഡി.ഡിയോ ആയി തിരിച്ചടയ്ക്കാം.
അനര്‍ഹരില്‍ നിന്ന് പണം തിരിച്ചുപിടിക്കുന്ന നടപടി കേരളത്തില്‍ മന്ദഗതിയിലാണെന്നും റീഫണ്ടിംഗ് വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി വഴി ബാങ്കുകളോട് ആവശ്യപ്പെടണമെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നു.
സംസ്ഥാനത്ത് 30,000ലേറെ അനര്‍ഹര്‍
കേരളത്തില്‍ 30,416 പേര്‍ അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതില്‍ 21,018 പേര്‍ ആദായ നികുതി അടയ്ക്കുന്നവരുമായിരുന്നു. ആകെ 31.05 കോടി രൂപയാണ് അനര്‍ഹര്‍ തിരിച്ചടയ്‌ക്കേണ്ടിയിരുന്നത്. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്കുപ്രകാരം 2,190 പേര്‍ ചേര്‍ന്ന് ഇതിനകം 2.11 കോടി രൂപ തിരിച്ചടച്ചിട്ടുണ്ട്. ബാക്കിയുള്ളവരില്‍ നിന്ന് റീഫണ്ട് അതിവേഗമാക്കാനാണ് കേന്ദ്ര നിര്‍ദേശം.
പി.എം കിസാന്‍ യോജന
2018 ഡിസംബറിലാണ് ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് വരുമാന സഹായമായി പ്രതിവര്‍ഷം 6,000 രൂപ നല്‍കുന്ന പി.എം കിസാന്‍ പദ്ധതിക്ക് കേന്ദ്രം തുടക്കമിട്ടത്. 2,000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് തുക അനുവദിക്കുക.
രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് സഹായം. പല സംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥരും ഇടനിലക്കാരും രാഷ്ട്രീയ പ്രവര്‍ത്തകരും കര്‍ഷകരുടെ പേരില്‍ പണം തട്ടിയെന്ന് കേന്ദ്രം കണ്ടെത്തിയിരുന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it