പി.എം കിസാന്‍ യോജന: കേരളത്തില്‍ 30,000ലേറെ അനര്‍ഹര്‍; പണം തിരിച്ചുപിടിക്കാന്‍ നടപടി

കര്‍ഷകര്‍ക്ക് വരുമാന പിന്തുണ ഉറപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പി.എം കിസാന്‍ യോജന/PM Kisan Yojana) പദ്ധതിയില്‍ കേരളത്തില്‍ നിന്ന് അര്‍ഹതയില്ലാതെ ആനുകൂല്യം സ്വന്തമാക്കിയത് 30,416 പേര്‍. ആദായനികുതി അടയ്ക്കുന്നവരും അനര്‍ഹരുടെ പട്ടികയിലുണ്ട്. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ (എസ്.എല്‍.ബി.സി) കഴിഞ്ഞ യോഗത്തിലെ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

ഇവര്‍ കൈപ്പറ്റിയ ആനുകൂല്യം തിരികെപ്പിടിക്കാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ആകെ 31.05 കോടി രൂപയാണ് ഇവരെല്ലാവരും ചേര്‍ന്ന് തിരികെ അടയ്‌ക്കേണ്ടത്. ഇതിനകം 2,190 പേര്‍ ചേര്‍ന്ന് 2.11 കോടി രൂപ തിരിച്ചടച്ചു.

അനര്‍ഹരായ 9,398 കര്‍ഷകരില്‍ 283 പേര്‍ ചേര്‍ന്ന് 21.12 ലക്ഷം രൂപ ഇതിനകം തിരിച്ചടച്ചു. അനര്‍ഹരില്‍ 21,018 പേരും ആദായ നികുതിദായകരാണ്. ഇവരില്‍ 1,907 പേര്‍ ചേര്‍ന്ന് 1.90 കോടി രൂപയും തിരിച്ചടച്ചിട്ടുണ്ട്.

പി.എം കിസാന്‍ പദ്ധതി
2018 ഡിസംബര്‍ ഒന്ന് മുതലാണ് കര്‍ഷകര്‍ക്ക് വരുമാന സഹായമായി 6,000 രൂപ നല്‍കുന്ന പി.എം കിസാന്‍ സമ്മാന്‍ നിധിക്ക് കേന്ദ്രം തുടക്കമിട്ടത്. പ്രതിവർഷം 2,000 രൂപ വീതം മൂന്ന് ഗഡുക്കളായി കര്‍ഷകന്റെ അക്കൗണ്ടില്‍ ലഭിക്കും.
രണ്ട് ഹെക്ടര്‍വരെ ഭൂമിയുള്ള ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കാണ് സഹായം. എന്നാല്‍ പല സംസ്ഥാനങ്ങളിലും ഇടനിലക്കാരും ചില ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും കര്‍ഷകരുടെ പേരില്‍ പണംതട്ടിയെന്ന് കേന്ദ്രം കണ്ടെത്തിയിരുന്നു.
രേഖകളുടെ സൂക്ഷ്മ പരിശോധനയിലെ വീഴ്ചകളും അനര്‍ഹര്‍ ആനുകൂല്യം നേടാനിടയാക്കി. ഇതോടെയാണ് അനര്‍ഹരെ കണ്ടെത്തി തുക തിരികെപ്പിടിക്കാന്‍ നടപടികള്‍ തുടങ്ങിയത്. ഇതിനകം ദേശീയതലത്തില്‍ 1.7 കോടിയോളം അനര്‍ഹരെ ഒഴിവാക്കിയതിലൂടെ 10,000 കോടി രൂപയോളം സംരക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it