Begin typing your search above and press return to search.
എണ്ണക്കമ്പനികള്‍ക്ക് ഡീസല്‍ ലിറ്ററിന് 10 രൂപ വീതം നഷ്ടം; വില കുറയാന്‍ സാദ്ധ്യത മങ്ങി
ഇന്ത്യയുടെ ക്രൂഡോയില്‍ വാങ്ങല്‍ച്ചെലവ് കുറഞ്ഞിട്ടും പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇപ്പോഴും പെട്രോളും ഡീസലും വില്‍ക്കുന്നത് കനത്ത നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്. ഇതോടെ, സമീപഭാവിയിലെങ്ങും പെട്രോള്‍, ഡീസല്‍ വില കുറയാനുള്ള സാദ്ധ്യത മങ്ങി.
ഡീസലിന് ലിറ്ററിന് 9-10 രൂപ വീതം നഷ്ടത്തിലാണ് വില്‍പനയെന്ന് എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. പെട്രോളിന് നഷ്ടം ലിറ്ററിന് 1-2 രൂപ വീതമാണ്. ക്രൂഡോയില്‍ വില 100 ഡോളറിനടുത്തേക്ക് ഉയര്‍ന്ന കാലയളവിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്താതിരുന്നതാണ് ഈ നഷ്ടത്തിന് കാരണമെന്നും എണ്ണക്കമ്പനികള്‍ വാദിക്കുന്നു.
ഡിസ്‌കൗണ്ടില്‍ റഷ്യന്‍ എണ്ണ, എന്നിട്ടും...
സെപ്റ്റംബര്‍ 29ന് ബാരലിന് 97 ഡോളറായിരുന്ന ഇന്ത്യയുടെ ക്രൂഡോയില്‍ വാങ്ങല്‍ വില (ഇന്ത്യന്‍ ബാസ്‌കറ്റ്) ഈമാസം രണ്ടിന് 94 ഡോളറിലേക്ക് താഴ്ന്നിരുന്നു. റഷ്യയില്‍ നിന്നാണ് വന്‍തോതില്‍ ഇന്ത്യ നിലവില്‍ ക്രൂഡോയില്‍ വാങ്ങുന്നത്. സെപ്റ്റംബറിലെ കണക്കുപ്രകാരം ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ 33 ശതമാനവും റഷ്യയില്‍ നിന്നായിരുന്നു; അതും ബാരലിന് ശരാശരി 80 ഡോളര്‍ നിരക്കില്‍.
എന്നാല്‍, ഇന്ത്യന്‍ ബാസ്‌കറ്റ് നിരക്ക് നിശ്ചയിക്കുന്നത് ഇപ്പോഴും സൗദി അറേബ്യയുടെ അടക്കമുള്ള ഒപെക് കൂട്ടായ്മയുടെ വില അടിസ്ഥാനമാക്കിയാണ്. ഈ ഇന്ത്യന്‍ ബാസ്‌കറ്റ് അടിസ്ഥാനമാക്കിയാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില നിര്‍ണയിക്കുന്നതും.
വെട്ടിലായി കേന്ദ്രം; എക്‌സൈസ് നികുതി കുറച്ചേക്കും
അടുത്തവര്‍ഷം രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. അതിന് മുന്നോടിയായി ബി.ജെ.പിക്ക് ഏറെ നിര്‍ണായകമായ മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കും കടക്കും.
ഈ സാഹചര്യത്തില്‍ കേന്ദ്രം പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, നഷ്ടം നേരിടുന്ന നിലവിലെ സാഹചര്യത്തില്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറാകുമോയെന്ന് കണ്ടറിയണം. 2022 ഏപ്രിലിന് ശേഷം പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടിയിട്ടില്ല.
നിലവില്‍ പെട്രോളിന് 19.90 രൂപയും ഡീസലിന് 15.80 രൂപയും കേന്ദ്രം എക്‌സൈസ് നികുതി ഈടാക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പായി എക്‌സൈസ് നികുതി കുറയ്ക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരായേക്കും.
Next Story