പുൽവാമ ആക്രമണം: പാക്കിസ്ഥാന് സാമ്പത്തിക 'തിരിച്ചടി' നൽകി ഇന്ത്യ

പുൽവാമ ആക്രമണം: പാക്കിസ്ഥാന് സാമ്പത്തിക 'തിരിച്ചടി' നൽകി ഇന്ത്യ
Published on

ലോക വ്യാപാര സംഘടനയുടെ ഗാട്ട് കരാർ പ്രകാരം പാക്കിസ്ഥാന് നൽകിയ ‘സൗഹൃദ രാഷ്ട്ര പദവി’ (Most Favoured Nation or MFN status) പിൻവലിച്ചതിന് പിന്നാലെ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഇന്ത്യ ഉയർത്തി. 

പുൽവാമയിലെ ആക്രമണത്തിന് ശേഷം പാകിസ്ഥാനുമായി വ്യാപാരം നടത്താൻ ഇന്ത്യയ്ക്ക് താല്പര്യമില്ലെന്ന വ്യക്തമായ സൂചനയാണ് സർക്കാർ ഇതിലൂടെ നൽകുന്നത്.  

ഇതോടൊപ്പം പാരിസിൽ നടക്കാനിരിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് പ്ലീനറി മീറ്റിംഗിൽ പാകിസ്താനെ കരിംപട്ടികയിൽ പെടുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഫെബ്രുവരി 17 മുതൽ 22 വരെയാണ് യോഗം.

നിലവിൽ എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ ആണ് പാക്കിസ്ഥാൻ. ഭീകര സംഘടനകൾക്ക് ഫണ്ടിംഗും, വൻ തോതിലുള്ള സാമ്പത്തിക തട്ടിപ്പുകളും നിർത്തലാക്കിയില്ലെങ്കിൽ ഒക്ടോബർ 2019 ആകുമ്പോഴേക്കും ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നാണ് എഫ്എടിഎഫ് അറിയിച്ചിട്ടുള്ളത്. കരിംപട്ടികയിൽ പെടുത്തിയാൽ പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അത് വലിയ തിരിച്ചടിയാകും.  

തീവ്രവാദ ഫണ്ടിംഗ് തടയാൻ പാകിസ്ഥാൻ എന്തെല്ലാം നടപടികൾ എടുത്തു എന്നതിന് മൂന്ന് റിവ്യൂ ആണ് നടക്കുക. ആദ്യത്തേത് ഒക്ടോബർ 2018 ൽ നടന്നു. രണ്ടാമത്തേത് ജൂൺ 2019 ലും മൂന്നാമത്തേത് ഒക്ടോബർ 2019 ലുമാണ്. ഇതിന് ശേഷമാണ് ബ്ലാക്ക് ലിസ്റ്റിൽ പെടുത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. 

നിലവിൽ എഫ്എടിഎഫിന്റെ ചെയർ യുഎസ് ആണ്. വൈസ് ചെയർ ചൈനയും. പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ പെടുത്താനുള്ള തീരുമാനത്തെ ചൈന എതിർത്തിരുന്നില്ല.        

1996 ലാണ് ഇന്ത്യ പാക്കിസ്ഥാന് എംഎഫ്എൻ പദവി നൽകിയത്. എന്നാൽ പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് ആ പദവി ഇതുവരെ അനുവദിച്ചിട്ടില്ല.

ഗാട്ടിലെ 21 (b) (iii) പ്രകാരം പാകിസ്ഥാന്റെ എംഎഫ്എൻ പദവി പിൻവലിക്കാനോ നിയന്ത്രണം ഏർപ്പെടുത്താനോ ഇന്ത്യക്ക് കഴിയും.

സുഗന്ധദ്രവ്യങ്ങൾ, പഴങ്ങൾ, രാസവസ്തുക്കൾ, സിമന്റ്, തുകൽ എന്നിവയാണ് പാക്കിസ്ഥാനിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ പച്ചക്കറികൾ, പരുത്തി, ചായങ്ങൾ, ഇരുമ്പ്, രാസവസ്തുക്കൾ, ഉരുക്ക് എന്നിവ കയറ്റുമതി ചെയ്യുന്നു. പരുത്തി, രാസവസ്തുക്കൾ എന്നിവയുടെ കയറ്റുമതി ഇന്ത്യ നിർത്താനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. അങ്ങനെയെങ്കിൽ പാകിസ്താനിലെ വ്യവസായങ്ങൾക്ക് ഉല്പാദന ചെലവ് ഉയരും.

2017-18 വർഷത്തിൽ 2.41 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്നത്. ഇന്ത്യ 488.5 മില്യൺ ഡോളറിന്റെ ഉത്പന്നങ്ങൾ പാകിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. കയറ്റുമതിയുടെ മൂല്യം 1.92 ബില്യൺ ഡോളറും.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com