Begin typing your search above and press return to search.
കേരളത്തിന്റെ സമ്മര്‍ദ്ദം ഏശുന്നു; കെ-റെയില്‍ പദ്ധതി വീണ്ടും ട്രാക്കിലേക്ക്
സംസ്ഥാന സര്‍ക്കാര്‍ സ്വപ്‌നപദ്ധതിയെന്നോണം അവതരിപ്പിച്ച കെ-റെയിലിന് (സില്‍വര്‍ലൈന്‍) വീണ്ടും ചിറക് മുളയ്ക്കുന്നു. ജനകീയ പ്രതിഷേധങ്ങളെ തുടര്‍ന്ന് 'തത്കാലം' വേണ്ടെന്നുവച്ച പദ്ധതിയാണ് സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് റെയില്‍വേ ബോര്‍ഡ് വീണ്ടും ട്രാക്കിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്.
കെ-റെയില്‍ കമ്പനിയുമായി ചര്‍ച്ച ചെയ്തശേഷം പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികള്‍ അറിയിക്കണമെന്ന് ദക്ഷിണ റെയില്‍വേയോട് റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചു. 9 ജില്ലകളിലായി 108 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
റെയില്‍വേയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് (കെ-റെയില്‍) 'സില്‍വര്‍ലൈന്‍' എന്ന അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കേണ്ടത്. സ്ഥലമേറ്റെടുക്കലിനോട് അനുബന്ധിച്ച നടപടികള്‍ക്കിടെ ജനകീയ പ്രതിഷേധവും പ്രതിപക്ഷ സമരങ്ങളും ശക്തമായതോടെയും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലും തുടര്‍നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിക്കുകയായിരുന്നു.
എന്നാല്‍, പദ്ധതി താത്കാലികമായാണ് നിറുത്തിവയ്ക്കുന്നതെന്നും ഉചിതമായ സമയത്ത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
ത്രിശങ്കുവില്‍ സംസ്ഥാന സര്‍ക്കാര്‍
ജനങ്ങളുടെ എതിര്‍പ്പ് കടുത്ത പശ്ചാത്തലത്തിലാണ് സില്‍വര്‍ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാരിന് താത്കാലികമായെങ്കിലും മരവിപ്പിക്കേണ്ടി വന്നത്. എന്നാല്‍, കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള അനുമതി ലഭിക്കാത്തതും തിരിച്ചടിയായിരുന്നു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പദ്ധതിക്കായി മഞ്ഞക്കുറ്റികള്‍ സ്ഥാപിക്കുന്നതും നിറുത്തിവച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കേ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതിയുമായി മുന്നോട്ടുപോകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സമരസമിതിയും വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം-കാസര്‍ഗോഡ് യാത്ര 4 മണിക്കൂറില്‍
തലസ്ഥാനത്തുനിന്ന് കാസര്‍ഗോഡ് വരെ നാല് മണിക്കൂറിനകം എത്താന്‍ വിഭാവനം ചെയ്യുന്നതാണ് കെ-റെയില്‍. കാസര്‍ഗോഡ്-തിരുവനന്തപുരം പാതയില്‍ 529.45 കിലോമീറ്ററിലാണ് പദ്ധതി. മണിക്കൂറില്‍ 200 കിലോമീറ്ററായിരിക്കും പരമാവധി വേഗം.
ഒരു ട്രെയിനില്‍ 9 ബോഗികളുണ്ടാകും. ബിസിനസ്, സ്റ്റാന്‍ഡേര്‍ഡ് ക്ലാസുകളിലായി 675 പേര്‍ക്ക് യാത്ര ചെയ്യാം. കൊച്ചി വിമാനത്താവളത്തില്‍ ഉള്‍പ്പെടെ 11 സ്റ്റേഷനുകളുണ്ടാകും. 64,000 കോടി രൂപയാണ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്ന ചെലവ്.
Next Story
Videos