മഴ, പ്രകൃതിക്ഷോഭം: കാര്‍ഷികമേഖലയില്‍ കോടികളുടെ നഷ്ടം; ആശങ്കയുടെ മുള്‍മുനയില്‍ ബിസിനസ് മേഖല

സമാധാനമായി ഉറങ്ങാന്‍ പറ്റുന്നില്ല. 2018ലെ പ്രളയത്തിലെ നഷ്ടത്തില്‍ നിന്ന് കരകയറിയിട്ടില്ല. എല്ലാമൊന്നു നേരെയായി വരുകയായിരുന്നു. ഇനി എന്തൊക്കെ അനുഭവിക്കണമാവോ? ചാലക്കുടി മേഖലയില്‍ സംരംഭം നടത്തുന്ന ഒരു സംരംഭകന്റെ വാക്കുകള്‍ ഇങ്ങനെ പോകുന്നു.

കനത്തമഴയില്‍ പകച്ചുനില്‍ക്കുകയാണ് കേരളത്തിലെ ബിസിനസ് സമൂഹവും. കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് പുറത്തുകടന്ന് വിപണികള്‍ ഉണര്‍ന്നുവരുന്ന നാളുകളില്‍ ആര്‍ത്തലച്ചുപെയ്യുന്ന മഴ ബിസിനസുകളെ താറുമാറാക്കുകയാണ്.
200 കോടിയുടെ കൃഷിനാശം
പ്രകൃതി ക്ഷോഭത്തില്‍ സംസ്ഥാനത്ത് 200 കോടിയുടെ കൃഷിനാശം ഉണ്ടായതായി മന്ത്രി പി പ്രസാദ് പറയുന്നു. ഇന്നലെ വരെയുള്ള കണക്കുകള്‍പ്രകാരം ഈ വര്‍ഷം കേരളത്തില്‍ 8,829 കോടിയുടെ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. ടൗട്ടെ ചുഴലിക്കാറ്റ് മൂലമുണ്ടായ 720 കോടിയുടെ നഷ്ടവും ചേര്‍ത്താണിത്. കുട്ടനാടിലെ കര്‍ഷകരെ ഈ പേമാരി തകര്‍ത്തെറിഞ്ഞിരിക്കുകയാണ്.

റബര്‍ കര്‍ഷകരും പ്രതിസന്ധിയിലാണ്.മഴയും പ്രകൃതിക്ഷോഭവും മൂലം റബര്‍ വെട്ട് തന്നെ തടസ്സപ്പെട്ടിരിക്കുന്നു.
നേരെ നില്‍ക്കാനാവാതെ ടൂറിസം
ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സര്‍ക്കാരും സ്വകാര്യസംരംഭകരും നൂതനമായ നിരവധി ആശയങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് മഴക്കെടുതി വിനാശം തീര്‍ത്തിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സഞ്ചാരികള്‍ ഒഴിഞ്ഞ ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്രികര്‍ വന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് അത്തരം കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ വരെ താറുമാറാക്കി മഴ തിമിര്‍ത്ത് പെയ്യുന്നത്. മൂന്നാര്‍, വാഗമണ്‍ തുടങ്ങിയ കേന്ദ്രങ്ങളിലെ സംരംഭകര്‍ക്ക് മുതല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വരെ വലിയ തിരിച്ചടിയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്.''100 രൂപ തികച്ചില്ലാതെ ആഴചകളോളം കഴിഞ്ഞിട്ടുണ്ട്. യാത്രകള്‍ കിട്ടി വരികയായിരുന്നു. ഇനി എന്നാണ് ആളുകള്‍ പേടി മാറി യാത്രതുടങ്ങുക,'' ട്രാവല്‍ ഏജന്‍സിയില്‍ ദിവസവേതനത്തിന് ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവ് പറയുന്നു.

ഹൗസ്‌ബോട്ട് മേഖല പതിയെ അനക്കം വെച്ചുതുടങ്ങിയിടത്തു നിന്നാണ് ഇപ്പോള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ നിര്‍ത്തി വെച്ചിരിക്കുന്നത്.
വിപണിയില്‍ ആശങ്ക
സാധാരണക്കാരുടെ വരുമാനം കുറയുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്തതോടെ വിപണിയില്‍ കാര്യമായ ഉണര്‍വ് പ്രകടമല്ല. അതിനിടെ കാര്‍ഷികമേഖലയെയും അസംഘടിത മേഖലയിലെ തൊഴിലാളികളെ ഏറെ പ്രതികൂലമായി ബാധിക്കും വിധം മഴ നാശം വിതയ്ക്കുന്നത് വിപണിയെ വീണ്ടും തളര്‍ത്തും. സാധാരണക്കാര്‍ക്കും കൂലിപ്പണക്കാര്‍ക്കും ജോലിക്ക് പോകാന്‍ പോലുംസമീപ ദിവസങ്ങളില്‍ സാധിച്ചിട്ടില്ല.
കേരളം മാറി ചിന്തിച്ചേ മതിയാകൂ
മേഘപ്പാത്തി വിസ്‌ഫോടനം, കാലം തെറ്റിയുള്ള പേമാരി എന്നിവയെല്ലാം കേരളത്തില്‍ തുടര്‍ സംഭവമായി മാറുകയാണ്.ശാസ്ത്രീയമായ വിശകലനങ്ങളുടെഅടിസ്ഥാനത്തില്‍ വിദഗ്ധര്‍ നല്‍കുന്ന താക്കീതുകളെ മുഖവിലക്കെടുക്കാതെ നാം ഇനിയും മുന്നോട്ട് പോയാല്‍ എല്ലാക്കാലത്തും കണ്ണീര്‍കഥകള്‍ എഴുതേണ്ടി വരും. പരിസ്ഥിതി പ്രശ്‌നങ്ങളും അത് തടയാന്‍ സ്വീകരിക്കുന്ന ക്രിയാത്മക നീക്കങ്ങളും ഗൗരവത്തോടെ കേരളം ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു.

ഒരു ദുരന്തം നടന്നാല്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ അവ ചര്‍ച്ചയിലോ ഓര്‍മ്മയിലോ ഇപ്പോഴും കേരളത്തില്‍ ശേഷിക്കുന്നില്ല. ദുരന്തത്തില്‍ കാരണം തേടി അത് ആവര്‍ത്തിക്കാതിരിക്കാനുള്ള സുചിന്തിതമായ തീരുമാനം സംസ്ഥാനം എടുക്കാന്‍ ഇനിയും അമാന്തിച്ചാല്‍ ഓരോ സീസണിലും നാം കോടികളുടെ നഷ്ടം നിരത്തി കരഞ്ഞുതീര്‍ക്കേണ്ടി വരും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it