പലിശ നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ചേക്കും, ആര്‍ബിഐ യോഗം ഇന്ന് മുതല്‍

ആര്‍ബിഐയുടെ ധനനയ കമ്മിറ്റി (Monetary Policy Committee) യോഗം ഇന്ന് മുതല്‍. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന യോഗത്തില്‍ റീപോ നിരക്ക് (Repo Rate) ഉയര്‍ത്തുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാവും. റീപോ നിരക്ക് 25 ബേസിസ് പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരി എട്ടിനാവും ഇത് സംബന്ധിച്ച പ്രഖ്യാപനം. ബാങ്കുകള്‍ക്ക് ആര്‍ബിഐ വായ്പ നല്‍കുന്ന പലിശ നിരക്കാണ് റീപോ.

ചില്ലറ പണപ്പെരുപ്പം കുറയുന്നതും യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നതിന്റെ തോത് കുറച്ചതും ധനമയ കമ്മിറ്റി തീരുമാനത്തെ സ്വാധീനിക്കും. കഴിഞ്ഞ ഡിസംബറില്‍ ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 5.72 ശതമാനത്തില്‍ എത്തിയിരുന്നു. തുടര്‍ച്ചയായ രണ്ടാം മാസമാണ് പണപ്പെരുപ്പം ആര്‍ബിഐയുടെ ഉയര്‍ന്ന പരിധിയായ 6 ശതമാനത്തിന് താഴെ എത്തുന്നത്. 4 ശതമാനം ആണ് ആര്‍ബിഐ നിശ്ചയിച്ചിരിക്കുന്ന പണപ്പെരുപ്പത്തിന്റെ തോത്.

നിരക്ക് ഉയര്‍ത്തില്ലെന്ന് എസ്ബിഐ

ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം സാമ്പത്തിക സ്ഥാപനങ്ങളും പറഞ്ഞത് റീപോ നിരക്ക് 0.25 ശതമാനം ഉയരുമെന്നാണ്. അതേ സമയം നിരക്ക് വര്‍ധനവ് ഉണ്ടാവില്ലെന്നാണ് എസ്ബിഐ, ഐസിആര്‍എ റേറ്റിംഗ്‌സ് എന്നിവരുടെ വിലയിരുത്തല്‍. ഒരിടവേളയ്ക്ക് ശേഷം 2022 മെയ് മുതലാണ് ആര്‍ബിഐ വീണ്ടും നിരക്ക് വര്‍ധനവ് തുടങ്ങിയത്.

ഇക്കാലയളവില്‍ റീപോ നിരക്ക് ഉയര്‍ന്നത് നാലില്‍ നിന്ന് 6.25 ശതമാനം ആയാണ്. ഇത്തവണ 0.25 ശതമാനം വര്‍ധനവ് ഉണ്ടാവുകയാണെങ്കില്‍ റീപോ നിരക്ക് 6.50 ശതമാനത്തില്‍ എത്തും. കഴിഞ്ഞ ഡിസംബറില്‍ 0.35 ശതമാനം ആയിരുന്നു നിരക്ക് വര്‍ധനവ്. 2018 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ റീപോ നിരിക്ക്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it