സ്വര്‍ണശേഖരം ടണ്‍ കണക്കിന് ഇന്ത്യ തിരിച്ചു കൊണ്ടുവരുന്നത് എന്തുകൊണ്ടാണ്? ഇത്രകാലം പുറത്ത് സൂക്ഷിച്ചത് എന്തിന്?

റഷ്യയുടെ കരുതല്‍ ശേഖരം യു.എസും യൂറോപ്യന്‍ യൂണിയനും അടക്കം പാശ്ചാത്യ രാജ്യങ്ങള്‍ 2022ല്‍ മരവിച്ച പശ്ചാത്തലം ഇന്ത്യയുടെ കരുതലാര്‍ന്ന നീക്കത്തിനു പിന്നിലുണ്ട്‌
സ്വര്‍ണശേഖരം ടണ്‍ കണക്കിന് ഇന്ത്യ തിരിച്ചു കൊണ്ടുവരുന്നത് എന്തുകൊണ്ടാണ്? ഇത്രകാലം പുറത്ത് സൂക്ഷിച്ചത് എന്തിന്?
Published on

വിദേശത്തു സൂക്ഷിച്ചിരുന്ന കരുതല്‍ സ്വര്‍ണത്തില്‍ നല്ല പങ്ക് റിസര്‍വ് ബാങ്ക് ഇന്ത്യയില്‍ തിരിച്ചെത്തിച്ചു. ഏപ്രില്‍ തൊട്ടുള്ള ആറു മാസത്തിനിടയില്‍ കൊണ്ടുവന്നത് 64 ടണ്‍. വിദേശവിനിമയ കരുതല്‍ ശേഖരത്തെക്കുറിച്ചുള്ള അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. റിസര്‍വ് ബാങ്കിന്റെ പക്കലുള്ള കരുതല്‍ സ്വര്‍ണത്തിന്റെ 65 ശതമാനവും ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ. നാലു വര്‍ഷം മുമ്പുണ്ടായിരുന്നതിന്റെ പകുതി സ്വര്‍ണം മാത്രമാണ് വിദേശത്ത് ബാക്കി. നാലു വര്‍ഷത്തിനിടയില്‍ തിരികെ കൊണ്ടുവന്നത് 280 ടണ്‍.

സ്വര്‍ണശേഖരം കൂട്ടി ഇന്ത്യ

ഇന്ത്യയുടെ മൊത്തം കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ അനുപാതം കൂട്ടിയിട്ടുമുണ്ട്. സ്വര്‍ണത്തിന്റെ കരുതല്‍ കൂട്ടി ഡോളറിനെയും മറ്റും ആശ്രയിക്കുന്നത് കുറക്കുകയാണ് ഇന്ത്യ. ഇപ്പോള്‍ മൊത്തം ശേഖരത്തില്‍ 13.92 ശതമാനവും സ്വര്‍ണമാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ഇത് 11.70 ശതമാനമായിരുന്നു. സെപ്തംബര്‍ അവസാനത്തെ കണക്കനുസരിച്ച് റിസര്‍വ് ബാങ്കിന്റെ പക്കല്‍ 880 ടണ്‍ സ്വര്‍ണം കരുതല്‍ ശേഖരമായുണ്ട്. ഇതില്‍ 576 ടണ്‍ ആണ് ഇന്ത്യയില്‍ സൂക്ഷിച്ചിരിക്കുന്നത്. അതൊരു റെക്കോര്‍ഡാണ്. ഇന്ത്യയുടെ മൊത്തം വിദേശവിനിമയ കരുതല്‍ ഒക്‌ടോബര്‍ പകുതിയില്‍ 70,200 കോടി ഡോളറാണ്.

എവിടെയാണ് ഇന്ത്യന്‍ സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം?

  • ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ലണ്ടന്‍

  • ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ്, ബാസല്‍ (സ്വിറ്റ്‌സര്‍ലന്റ്)

  • ഫെഡറല്‍ റിസര്‍വ് ബാങ്ക്, ന്യൂയോര്‍ക്ക്

  • ഇന്ത്യയില്‍ സംഭരിച്ചു വെച്ചിരിക്കുന്നത് പ്രധാനമായും മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍.

ഇപ്പോള്‍ തിരികെ കൊണ്ടുവരുന്നത് എന്തുകൊണ്ട്?

വിദേശത്തെ സ്വര്‍ണശേഖരം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ കാരണമെന്താണ്? നയം മാറ്റത്തിന് റിസര്‍വ് ബാങ്ക് ഔദ്യോഗികമായി കാരണമൊന്നും പറയുന്നില്ല. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയുടെ കരുതല്‍ ശേഖരം യു.എസും യൂറോപ്യന്‍ യൂണിയനും അടക്കം പാശ്ചാത്യ രാജ്യങ്ങള്‍ 2022ല്‍ മരവിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ കരുതലാര്‍ന്ന നീക്കം.

ആഗോള സാഹചര്യങ്ങള്‍ സംഘര്‍ഷാത്മകമാണ്. ഉപരോധ ഭീഷണികള്‍ മറുവശത്ത്. വിദേശത്തെ കരുതല്‍ശേഖരം മരവിപ്പിക്കപ്പെടുകയോ മറ്റോ ചെയ്താല്‍ അത് വീണ്ടെടുക്കുക പ്രയാസകരം. ഇതെല്ലാം കണക്കിലെടുത്താണ് വിദേശത്തെ കരുതല്‍ ശേഖരം കുറക്കുന്നത്. ഇന്ത്യയില്‍ കൂടുതല്‍ കുറ്റമറ്റ സംഭരണ സംവിധാനങ്ങള്‍ ഇപ്പോഴുണ്ട് എന്നതു മറ്റൊരു വശം. വിദേശത്തു സൂക്ഷിക്കുന്നതിന്റെ റിസ്‌ക് ഇന്ത്യയില്‍ ഉണ്ടാവില്ല. അതിനുള്ള ചെലവും കുറവ്. റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണവുമാകും.

എന്തിനാണ് സ്വര്‍ണം വിദേശത്ത് സൂക്ഷിക്കുന്നത്?

യു.എസ് ഡോളര്‍ പോലെ വിദേശ കറന്‍സിയിലുള്ള ആസ്തികള്‍ സൂക്ഷിക്കുന്നതിലുപരി, വിദേശ വിനിമയ കരുതല്‍ ശേഖരം വൈവിധ്യവല്‍ക്കരിക്കാനാണിത്. കറന്‍സിയുടെ ചാഞ്ചാട്ടമുണ്ടായാല്‍ സ്വര്‍ണം ഹെഡ്ജിംഗിനായി റിസര്‍വ് ബാങ്ക് ഉപയോഗപ്പെടുത്തുന്നു. അങ്ങനെ സ്വര്‍ണം ഷോക് അബ്‌സോര്‍ബറായി മാറുന്നു. വായ്പ, വ്യാപാരം തുടങ്ങി പലവിധ അന്താരാഷ്ട്ര ഇടപാടുകളില്‍ സ്വര്‍ണമാണ് കുടുതല്‍ എളുപ്പം.

മുന്‍കാലങ്ങളില്‍ ഇന്ത്യയുടെ സ്വര്‍ണശേഖരം വിദേശത്ത് കൊണ്ടുപോയിട്ടുണ്ട്. വിദേശവിനിമയ കരുതല്‍ ശേഖരം വളരെ കുറഞ്ഞു പോയ സന്ദര്‍ഭത്തില്‍ ഇന്ത്യക്ക് പുറത്ത് സൂക്ഷിക്കേണ്ടതായി വന്നു. 1991ല്‍ ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരിക്കേ സ്വര്‍ണം പണയം വെച്ചത് വന്‍വിവാദമായിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമായൊരു കാര്യവുമുണ്ട്. വിദേശത്തെ ഭദ്രമായ സൂക്ഷിക്കല്‍ വിശ്വാസ്യത കൂട്ടാന്‍ സഹായിക്കുമെന്നാണ് പല കേന്ദ്രബാങ്കുകളുടെയും നിഗമനം.

സ്വര്‍ണം തിരിച്ചു കൊണ്ടുവരുന്നത് ഇന്ത്യക്ക് ഗുണകരമാണോ?

ഗുണവും ദോഷവും ഉണ്ടെന്നാണ് ഉത്തരം. അന്താരാഷ്ട്ര വ്യാപാര-ഇടപാടുകളില്‍ സ്വര്‍ണശേഖരം കൂടുതല്‍ പ്രയോജനപ്പെടും. ആഗോള തലത്തില്‍ പണലഭ്യത ഉറപ്പാക്കാനും സഹായിക്കും. നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നത് മറ്റുള്ളവരോടുള്ള ആശ്രിതത്വം കുറക്കും. അതേസമയം സംഭരണം, സുരക്ഷ എന്നിവയുടെ പ്രശ്‌നമുണ്ടെന്നു പറയാം. അതിനൊക്കെ ഇന്ത്യക്ക് ഇന്ന് സംവിധാനമുണ്ട് എന്നതു മറുപുറം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com