യു.എസ് കടപ്പത്രങ്ങൾ വിറ്റഴിച്ച് ഇന്ത്യ; ആർ.ബി.ഐയുടെ വിദേശ നിക്ഷേപത്തിൽ വൻ മാറ്റം; സൂചനയെന്ത്?

യു.എസ് ട്രഷറി ബോണ്ടുകളിലെ ഇന്ത്യയുടെ നിക്ഷേപം ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി
RBI Foreign Asset Holding And US Treasury Bills
പ്രതീകാത്മക ചിത്രംImage Source: Canva, RBI Logo
Published on

യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ (US Fed Reserve) പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ യു.എസ് ട്രഷറി നിക്ഷേപം (സർക്കാർ കടപ്പത്രങ്ങൾ) ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 181 ബില്യൺ (18,100 കോടി) ഡോളറിലെത്തി. 2026 ഏപ്രിൽ അടിസ്ഥാനമാക്കിയുള്ള കണക്കുകളാണിത്. തൊട്ടു മുമ്പത്തെ വർഷം ഇന്ത്യയുടെ പക്കലുള്ള യു.എസ് സർക്കാർ കടപ്പത്രങ്ങളുടെ നിക്ഷേപമൂല്യം 232 ബില്യൺ (23,200 കോടി) ഡോളറായിരുന്നു.

മറുവശത്ത്, ഭാരതീയ റിസർവ് ബാങ്കിന്റെ (ആർ.ബി.ഐ) കൈവശമുള്ള സ്വർണ ശേഖരം മുൻവർഷത്തെ 879 ടണ്ണിൽ നിന്ന് 881 ടണ്ണായി (നിലവിൽ 10,250 കോടി ഡോളറിന്റെ മൂല്യം) ഉയർത്തുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സ്വർണ ശേഖരത്തിലേക്ക് കേവലം 2 ടൺ സ്വർണം മാത്രമാണ് അധികമായി എത്തിയതെങ്കിലും യു.എസ് ട്രഷറി നിക്ഷേപത്തിലുണ്ടായ വൻ കുറവ് ആഗോള സമ്പദ്‌‍വ്യവസ്ഥയിലെ വലിയൊരു ചേരിതിരിവിലേക്കാണ് വിരൽ ചൂണ്ടുന്നത്.

യാദൃശ്ചിക മാറ്റമോ?

വേൾഡ് ഗോൾഡ് കൗൺസിൽ നൽകുന്ന ഡാറ്റ പ്രകാരം പോളണ്ട്, ചൈന, ചെക്ക് റിപ്പബ്ലിക്, തുർക്കി എന്നീ രാജ്യങ്ങൾ സമീപകാലത്ത് സ്വർണം വാങ്ങിക്കൂട്ടുന്ന പട്ടികയിൽ ഇന്ത്യയ്‌ക്കൊപ്പം മുൻനിരയിലുണ്ട്. എന്നാൽ ജപ്പാൻ, യു.കെ, ബെൽജിയം, ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങൾ യു.എസ് ട്രഷറി ബില്ലുകളിലാണ് ഇപ്പോഴും കൂടുതൽ നിക്ഷേപം നടത്തുന്നത്. ഇതൊരു യാദൃശ്ചികമായ മാറ്റമല്ലെന്നാണ് നയതന്ത്ര, സാമ്പത്തിക രം​ഗത്തെ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കയുമായി സാമ്പത്തികവും നയതന്ത്രപരവുമായ വിഷയങ്ങളിൽ സങ്കീർണത നേരിടുന്ന രാജ്യങ്ങൾ സ്വർണത്തിലേക്ക് തിരിയുമ്പോൾ, ജി-7 (G7) സഖ്യരാജ്യങ്ങൾ ഇപ്പോഴും ഡോളറിനെയാണ് കരുതൽ നിക്ഷേപത്തിനായി ആശ്രയിക്കുന്നത്. ചുരുക്കത്തിൽ രാജ്യത്തിന്റെ കരുതൽ ശേഖരം എവിടെ നിക്ഷേപിക്കണം എന്നത് ഇപ്പോൾ സാമ്പത്തികപരമായ തീരുമാനത്തേക്കാൾ ഉപരിയായി ഒരു രാഷ്ട്രീയ സന്ദേശം കൂടിയാണെന്നും വിലയിരുത്തപ്പെടുന്നു.

ഉപരോധ ഭീഷണിയും വൈവിധ്യവത്കരണവും

ഇന്ത്യയുടെ വിദേശനാണ്യ മൂലധനം കുറയുന്നത് സ്വാഭാവികമായും യു.എസ് ട്രഷറി ബില്ലുകളിലെ നിക്ഷേപത്തെയും ബാധിച്ചിട്ടുണ്ടെന്ന് ബാങ്കിം​ഗ് രം​ഗത്തെ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. രൂപയുടെ മൂല്യത്തകർച്ച നേരിടുക എന്നതിലുപരി, അടിയന്തര സാഹചര്യങ്ങളിലോ ഉപരോധം പോലെയുള്ള ഘട്ടങ്ങളിലോ ഉപയോഗിക്കാവുന്ന സുരക്ഷിതമായ ഒരു ആസ്തി എന്ന നിലയിലാണ് സ്വർണത്തെ പ്രധാനമായും പരിഗണിക്കുന്നത്.

2022-ൽ യുക്രൈൻ യുദ്ധത്തെ തുടർന്ന് റഷ്യയുടെ വിദേശ കരുതൽ ധനശേഖരം പാശ്ചാത്യ രാജ്യങ്ങൾ മരവിപ്പിച്ചത് ആ​ഗോള തലത്തിൽ കേന്ദ്ര ബാങ്കുകൾക്ക് വലിയൊരു പാഠമായിരുന്നു. എന്നാൽ അമേരിക്കയുടെ തന്ത്രപ്രധാന വ്യാപാര പങ്കാളിയായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതിനെ ഉപരോധ ഭീഷണിയായല്ല, മറിച്ച് ഡോളർ കേന്ദ്രീകൃതമായ നിക്ഷേപങ്ങളിൽ നിന്നുള്ള സുരക്ഷിതമായ മാറ്റമായാണ് (Portfolio diversification) വിലയിരുത്തേണ്ടതെന്ന് മറ്റൊരു വിഭാ​ഗം വിപണി വിദ​ഗ്ധരും ചൂണ്ടിക്കാട്ടുന്നു. നാറ്റോ (NATO) അംഗങ്ങളായ പോളണ്ടും ചെക്ക് റിപ്പബ്ലിക്കും ഇന്ത്യയ്ക്കൊപ്പം സ്വർണം വാങ്ങിക്കൂട്ടുന്നത് മുൻനിർത്തിയാണ് ഇക്കൂട്ടർ ഈ വാദം മുന്നോട്ടുവെക്കുന്നത്.

സ്വർണവും ഡോളറും: വലിയ ചോദ്യങ്ങൾ

ഇന്ത്യയുടെ യു.എസ് ട്രഷറി നിക്ഷേപത്തിൽ ഒറ്റ വർഷത്തിനിടെ 51 ബില്യൺ (5,100 കോടി) ഡോളറിന്റെ ഇടിവുണ്ടായപ്പോൾ, സ്വർണശേഖരം വർധിച്ചത് കേവലം 2 ടൺ മാത്രമാണ്. ഇത് സൂചിപ്പിക്കുന്നത് ട്രഷറി നിക്ഷേപം പിൻവലിച്ച് പൂർണമായും സ്വർണത്തിലേക്ക് മാറ്റുകയല്ല ഇന്ത്യ ചെയ്തതെന്നാണ്. മറിച്ച്, കറൻസികളുടെ വിനിമയ നിരക്കിലുണ്ടാകുന്ന വ്യതിയാനങ്ങളും നിക്ഷേപങ്ങൾ മറ്റ് ആസ്തികളിലേക്ക് വഴിമാറുന്നതുമാണ് ഇതിന് കാരണമെന്നും വിലയിരുത്തപ്പെടുന്നു.

എന്തായാലും കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം വർധിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ അത് ആഗോള വിപണിയിൽ സ്വർണവില ഉയർത്തി നിർത്താൻ സഹായിക്കുന്ന ഘടകമാകും. മറുവശത്ത്, ട്രഷറി ബില്ലുകൾക്കുള്ള ഡിമാൻഡ് കുറയുന്നത് അമേരിക്കയുടെ കടമെടുപ്പ് ചെലവുകൾ പതിയെ വർധിപ്പിക്കാനും കാരണമായേക്കാം. വമ്പൻ കടഭാരം പേറുന്ന അമേരിക്കയെ സംബന്ധിച്ച് ഇത് സാമ്പത്തികമായ വെല്ലുവിളിയുമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com